ശിവാനിയുടെ സ്‌പെഷൽ വിഷുക്കഥയും പാട്ടും; വിഡിയോ

മനോരമ ഓൺലൈനിന്റെ എല്ലാ പ്രേക്ഷകർക്കും നമസ്കാരം. ഞാൻ ശിവാനി. ഉപ്പും മുളകും എന്ന സീരിയലിലെ കുറുമ്പി ശിവ ആയിട്ടായിരിക്കും നിങ്ങൾക്ക് എന്നെ പരിചയം. ജീവിതത്തിലും ഞാൻ അൽപം റൗഡിയാണ് കേട്ടോ! തൃശൂർ ഇരിങ്ങാലക്കുടയാണ് എന്റെ സ്വദേശം. അച്ഛൻ ആനന്ദ്, അമ്മ മീന. ഞാൻ ഇനി ആറാം ക്ലാസിലേയ്ക്കാണ്, ചാലക്കുടി ബിലീവേഴ്സ് ചർച്ച് വിജയഗിരി പബ്ലിക് സ്‌കൂളിൽ.

എല്ലാ വിഷുവും അടിപൊളിയായി ആഘോഷിക്കാറുണ്ട്. തലേദിവസം പടക്കം പൊട്ടിക്കും. കണിയൊരുക്കും. രാവിലെ കുടുംബമായി കണ്ണനെ കണികാണും. പുതിയ ഡ്രസ്സ് ഒക്കെ ഇട്ട് അമ്പലത്തിൽ പോകും. മുതിർന്നവരുടെ കയ്യിൽ നിന്ന് കൈനീട്ടം ഒക്കെ കിട്ടും. എനിക്ക് ഒരു ചെറിയ കുടുക്കയുണ്ട്. അതിൽ കുഞ്ഞിലേ മുതലുള്ള സേവിങ്സ് ഞാൻ ഇട്ടുവയ്ക്കാറുണ്ട്. ഭാവിയിൽ അതുകൊണ്ട് ചില പ്ലാൻ ഒക്കെയുണ്ട്...സസ്പെൻസ് ആയതുകൊണ്ട് ഇപ്പോൾ പറയില്ല കേട്ടോ...

സ്‌കൂൾ ഒക്കെ അവധിയായതുകൊണ്ട് എന്റെ കസിൻസൊക്കെ വീട്ടിൽ എത്തും. വിഷുദിവസം വീട്ടിൽ ഞങ്ങളൊരു കുട്ടിപ്പട്ടാളമുണ്ടാകും. പിന്നെ വൈകുന്നേരംവരെ കളിയും പാട്ടുമായിരിക്കും. ഉച്ചക്ക് അടിപൊളി വിഷു സദ്യ കഴിച്ച് പിന്നെയും കളി തുടങ്ങും. ഇടയ്ക്ക് ടിവി കാണും, പുതിയ സിനിമകൾ കാണാൻ തിയറ്ററിൽ പോകും.

എനിക്ക് ചെറുപ്പം മുതലേ കഥകൾ വലിയ ഇഷ്ടമാണ്. അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും അമ്മായിമാരും ഒക്കെ ധാരാളം കഥകൾ പറഞ്ഞു തന്നിട്ടുണ്ട്. കാക്കയും കുറുക്കനും എന്നൊരു കഥ പറഞ്ഞു കൊണ്ടായിരുന്നു എന്റെ തുടക്കം. ഇന്ന് ഞാൻ എല്ലാവർക്കും വേണ്ടി ഒരു സ്‌പെഷൽ വിഷുക്കഥ പറയാം.

ഒരിടത്ത് ഒരു നമ്പൂതിരിയുണ്ടായിരുന്നു. കൃഷ്ണന്റെ അമ്പലത്തിലായിരുന്നു നമ്പൂതിരി പൂജ ചെയ്തിരുന്നത്. ഭയങ്കര പട്ടിണിയും പരിവട്ടവും ദാരിദ്യ്രവുമായിരുന്നു നമ്പൂതിരിയുടെ വീട്ടിൽ. ഒരു ദിവസം നമ്പൂതിരി മരിച്ചു. മകൻ ഉണ്ണി നമ്പൂതിരി പൂജ തുടർന്ന് ചെയ്യാൻ തുടങ്ങി. ഒരു ദിവസം ഉണ്ണി നമ്പൂതിരി വിഷമം സഹിക്ക വയ്യാതെ കണ്ണനോട് പ്രാർത്ഥിച്ചു.

"എന്റെ കണ്ണാ, നീ എന്റെ പട്ടിണിയും ദാരിദ്ര്യവും കാണുന്നില്ലേ, എന്നെ ഈ ദുരിതത്തിൽ നിന്നും കരകയറ്റണേ കണ്ണാ"...

നമ്പൂതിരിയുടെ പ്രാർഥന കേട്ടിട്ടെന്നോണം ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഒരു ഭക്തൻ ഉണ്ണി നമ്പൂതിരിയുടെ അടുത്തെത്തി ഒരു സ്വർണമണിമാല സമ്മാനിച്ചു. "നിന്റെ വിഷമങ്ങൾ ഞാൻ കേട്ടു, ഇത് ഇരിക്കട്ടെ, ഉപയോഗപ്പെടും"..എന്ന് പറഞ്ഞു.

അപ്പോൾ ഉണ്ണി നമ്പൂതിരി, " അയ്യോ ഇതൊന്നും എനിക്ക് വേണ്ട, ഇതുമായി വീട്ടിൽ പോയാൽ അമ്മ എന്നെ തല്ലും" എന്ന് പറഞ്ഞു.

പക്ഷെ ഭക്തൻ നിർബന്ധിച്ച് ആ മാല അവനെ ഏൽപ്പിച്ചു. ഉണ്ണി നമ്പൂതിരി ഭയങ്കര സന്തോഷത്തോടെ വീട്ടിലേക്ക് പോയി. നല്ല കുഞ്ഞുകുഞ്ഞ് മുത്തുകളുള്ള ഒരു സ്വർണമാലയായിരുന്നു അത്.

അവൻ വീട്ടിലെത്തി മാല അമ്മയെ കാണിച്ചു. പക്ഷെ എത്ര പറഞ്ഞിട്ടും മാല ഭക്തൻ സമ്മാനിച്ചതാണെന്നു അമ്മ വിശ്വസിച്ചില്ല. ഉണ്ണി നമ്പൂതിരി എവിടെനിന്നെങ്കിലും കട്ടെടുത്തതാണെന്നാണ് അമ്മ വിചാരിച്ചത്. കാരണം സ്വർണത്തിനൊക്കെ നല്ല വിലയാണേ..

അമ്മ ദേഷ്യം സഹിക്കാതെ ആ മാല എടുത്ത് മുറ്റത്തേക്ക് വലിച്ചൊരു ഏറു എറിഞ്ഞു. ഉണ്ണി നമ്പൂതിരി കരഞ്ഞു കൊണ്ട് ക്ഷേത്രത്തിലേക്ക് ഓടി. എന്നിട്ട് കണ്ണന്റെ മുൻപിൽ ചെന്ന് കരയാൻ തുടങ്ങി. "എന്റെ കണ്ണാ, നീയിത് കണ്ടില്ലേ...അമ്മ എന്നെ കള്ളനാക്കി"...

പെട്ടെന്ന് കണ്ണൻ ഉണ്ണി നമ്പൂതിരിക്ക് മുന്നിൽ പ്രത്യക്ഷനായി. എന്നിട്ട് പറഞ്ഞു. " ഞാനാണ് ഭക്തന്റെ രൂപത്തിൽ വന്നു ആ മാല നിനക്ക് സമ്മാനിച്ചത്. നീ വിഷമിക്കേണ്ട, നിന്നെ എന്തോ വീട്ടിൽ കാത്തിരിക്കുന്നുണ്ട്. വേഗം വീട്ടിലേക്ക് ചെല്ലൂ" എന്ന് പറഞ്ഞു.

ഉണ്ണി നമ്പൂതിരി വീട്ടിലേക്ക് ഓടി. നോക്കുമ്പോൾ ആ മണിമാല ചിതറി വീണ മുറ്റത്തെല്ലാം കൊന്നമരം പൂത്തുലഞ്ഞു നിൽക്കുന്നു. സ്വർണനിറമുള്ള പൂക്കളുമായി നിൽക്കുന്ന ആ കാഴ്ച കണ്ടു ഉണ്ണി നമ്പൂതിരിയുടെ വിഷമം എല്ലാം മാറി. പിന്നീട് ആ സ്വർണമാല വിറ്റു അവന്റെ ദാരിദ്ര്യമെല്ലാം മാറുകയും ചെയ്തു. അവൻ കണ്ണന് നന്ദി പറഞ്ഞു. അങ്ങനെയാണത്രെ പിന്നീട് വിഷു സമയമാകുമ്പോൾ കൊന്നമരം പൂത്തുലയാൻ തുടങ്ങിയതും സമൃദ്ധിയുടെ പ്രതീക്ഷയും പ്രതീകവുമായി ആളുകൾ കണി കാണാൻ കൊന്നപ്പൂക്കൾ വയ്ക്കാൻ തുടങ്ങിയതും എന്നാണ് വിശ്വാസം.

അപ്പോൾ എല്ലാവർക്കും എന്റെ കഥ ഇഷ്ടമായി എന്ന് പ്രതീക്ഷിക്കുന്നു. എന്റെ കഥയും പാട്ടും നേരിട്ട് കാണണമെങ്കിൽ മുകളിലെ വിഡിയോ ലിങ്ക് തുറന്നാൽ മതി...

അപ്പോൾ എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു അടിപൊളി വിഷു ആശംസിക്കുന്നു.