മാസത്തിൽ 23 ദിവസവും ഷൂട്ടിംഗ് , ശിവാനിക്കുട്ടി സ്‌കൂളിലെ മാവേലി | Shivani actress

മാസത്തിൽ 23 ദിവസവും ഷൂട്ടിംഗ് , ശിവാനിക്കുട്ടി സ്‌കൂളിലെ മാവേലി

ലക്ഷ്മി നാരായണൻ

മാസത്തിൽ 23 ദിവസവും ഷൂട്ടിംഗ് ആണ്, ബാക്കി ഉള്ള ദിവസങ്ങളിൽ രണ്ടോ മൂന്നോ അവധി ദിവസങ്ങളും ഉൾപ്പെടും  ചുരുക്കി പറഞ്ഞാൽ കഷ്ടി നാലോ അഞ്ചോ ദിവസമാണ് സ്‌കൂളിൽ പോകുന്നത്, അത്കൊണ്ട് തന്നെ ടീച്ചർമാർക്ക് കക്ഷി മാവേലിയാണ് . പറഞ്ഞു വരുന്നത് ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളിയുടെ മനസ്സിൽ കയറി ഇടം പിടിച്ച ശിവാനി എന്ന കൊച്ചു മിടുക്കിയുടെ കാര്യമാണ്. 

മലയാളി പ്രേക്ഷകർക്ക് ശിവാനി എന്ന് പറഞ്ഞാൽ ഉപ്പും മുളകിലെ ബാലുവിന്റെയും നീലുവിന്റെയും നാലുമക്കളിൽ ഏറ്റവും ഇളയവളാണ്. ആളുകൾ യാഥാർത്ഥജീവിതത്തിലും ഇത് തന്നെയാണ് വിശ്വസിക്കുന്നത് എന്ന് ശിവാനി പറയുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ ആനന്ദിന്റെയും മീനയുടെയും ഒരേയൊരു മകളാണ് ശിവാനി മേനോൻ എന്ന ശിവാനിക്കുട്ടി. ഉപ്പും മുളകും സീരിയലിലെ കഥാപാത്രത്തിന്റെ പേരും ശിവാനി എന്ന് തന്നെ. 

'അമ്മ തന്നെ ടീച്ചർ

അഞ്ഞൂറിൽ പരം എപ്പിസോഡുകൾ പൂർത്തിയാക്കിയ സീരിയലിലെ കഥാപാത്രമാണ് ശിവാനി. ഷൂട്ടിംഗിന്റെ പേരിൽ സ്‌കൂളിൽ കക്ഷി മാവേലിയാണ്. അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിയായ ശിവാനിയെ പഠിപ്പിക്കുന്നതിനായി അമ്മ മീന ജോലി രാജി വച്ചിരിക്കുകയാണ്. ചാലക്കുടി വിജയഗിരി സ്‌കൂളിലാണ് ശിവാനി പഠിക്കുന്നത്. സ്‌കൂൾ കലോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായ ശിവാനിയുടെ ഇഷ്ട ഐറ്റം ഇംഗ്ലീഷ് , ഹിന്ദി പദ്യപാരായണവും ഇംഗ്ലീഷ് പ്രസംഗവുമാണ്. താൻ വല്ലപ്പോഴും മാത്രമേ ക്‌ളാസിൽ പോകുന്നുള്ളൂ എങ്കിലും ടീച്ചർമാർക്ക് തന്നോട് വലിയ ഇഷ്ടമാണ് എന്ന് കുസൃതി ചിരിയോടെ ശിവാനി പറയുന്നു. 

സീരിയലിലേക്ക് വന്ന വഴി

മൂന്നു വയസുള്ളപ്പോൾ കുറുക്കന്റെയും കാക്കയുടെയും കഥ പറയുന്ന ശിവാനിയുടെ വിഡിയോ യുട്യൂബിൽ വൈറൽ ആയിരുന്നു. അതിനു ശേഷം നാലു വയസ്സുള്ളപ്പോൾ അങ്കമാലിയിലെ ഒരു ലോക്കൽ ചാനലിന് വേണ്ടി കിലുക്കാംപെട്ടി എന്ന പ്രോഗ്രാം അവതരിപ്പിച്ചു. അവിടെ നിന്നുമാണ് മറ്റു സ്റ്റേജ് പരിപാടികളുടെ ഭാഗമാകുന്നത്. തുടർന്ന്, സീരിയലിലേക്ക് ക്ഷണം ലഭിച്ചു .

ഇപ്പോൾ രണ്ടു ജോഡി അച്ഛനും അമ്മയും

ഇപ്പോൾ സ്വന്തം വീടിനേക്കാൾ ശിവാനി ആസ്വദിക്കുന്നത് ഉപ്പും മുളകും കുടുംബമാണ്. ഉപ്പും മുളകിൽ അച്ഛനമ്മമാരായി അഭിനയിക്കുന്നവരെ അങ്ങനെ തന്നെയാണ് കാമറയ്ക്ക് പിന്നിലും ശിവാനി വിളിക്കുന്നത്. കഥാപാത്രങ്ങളായ മുടിയൻ ചേട്ടനും ലച്ചു ചേച്ചിയും കേശുവും അമ്മൂമ്മയും അപ്പൂപ്പനും ഒക്കെയായി വളരെ സന്തോഷത്തിലാണ് ശിവാനി സെറ്റിൽ കഴിയുന്നത്.

പീഡിയാട്രീഷൻ ആവണം

വലുതാകുമ്പോൾ ആരാകണം എന്ന് ചോദിച്ചാൽ ശിവാനി പറയും, ''എനിക്ക് പീഡിയാട്രീഷൻ ആവണം. കാരണം ഞാൻ ഒറ്റ മകൾ ആണ്. എനിക്ക് കുഞ്ഞുവാവകളെ ഒത്തിരി ഇഷ്ടമാണ്. അതിനാൽ അവരെ പരിചരിക്കുന്ന ഡോക്ടർ ആവാനാണ് എനിക്ക് ഇഷ്ടം'' കൂട്ടുകുടുംബത്തിലെ നിന്നും വരുന്ന ശിവാനിക്ക് എപ്പോഴും ധാരാളം ആളുകൾ ഉള്ള ഗ്രൂപ്പിന്റെ ഭാഗമാകാനാണ് താല്പര്യം.

അഭിനയം മുന്നോട്ട് കൊണ്ട് പോകും

അഭിനയത്തിനൊപ്പം ഡാൻസും പാട്ടും ഒക്കെ ഉണ്ട് ശിവാനിക്ക് കൂട്ടായി. നൃത്തം പഠിക്കുന്നുണ്ട്. പാട്ട് പഠനം പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയാണ്. സമയം ഇല്ല എന്ന പരാതി ഒരു കുസൃതി ചിരിയോടെ ശിവാനി പറയുന്നു. അഭിനയത്തിൽ സീരിയലിൽ തന്നെ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം.