എട്ടുവയസുകാരി ഓമനിച്ചു വളർത്തുന്നത് 8000 പാറ്റകളെ...വല്ലാത്തൊരു ഹോബി തന്നെ ! 

പലതരം വിനോദങ്ങളെയും പറ്റി നാം കേട്ടിട്ടുണ്ട് ചെടി വളർത്തൽ, പക്ഷിമൃഗാദികളെ  വളർത്തൽ, നാണയശേഖരണം അങ്ങനെ പലതും. എന്നാൽ വിനോദത്തിനായി പാറ്റകളെ ഓമനിച്ചു വളർത്തുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കേട്ടോളൂ, അമേരിക്കയിലെ ഒക്ലഹോമ സ്വദേശിനി ഷെൽബി കൗണ്ടെർമാൻ എന്ന എട്ടു വയസ്സുകാരിയാണ് ഈ സാഹസികതയ്ക്ക് ഉടമ. 

പാറ്റ എന്ന് കേൾക്കുമ്പോൾ തന്നെ പേടിച്ച് വിറയ്ക്കുന്ന, കണ്ടം വഴി ഓടുന്ന നമ്മുടെ ന്യൂജെൻ പിള്ളേർ ഒന്ന് കാണേണ്ടത് തന്നെയാണ് ഷെൽബിയുടെ പാറ്റ പ്രേമം.  ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ കുട്ടിക്ക് പാറ്റകളോടുള്ള സ്നേഹം. കൃത്യമായി പറഞ്ഞാൽ 18  മാസം പ്രായമുള്ളപ്പോഴാണ് ഷെൽബി പാറ്റകളുമായി കൂട്ടുകൂടുന്നത്. ആദ്യമാദ്യം അച്ഛൻ കൗണ്ടെർമാനും 'അമ്മ മേഗും മകളുടെ പാറ്റ പ്രേമത്തെ നിരുത്സാഹപ്പെടുത്തി. 

പറമ്പിൽ നിന്നും പഴയവസ്തുക്കൾക്ക് ഇടയിൽ നിന്നുമൊക്കെയായി ഷെൽബി പിടിച്ചുകൊണ്ടു വരുന്ന പാറ്റകളെ അച്ഛനും അമ്മയും നിഷ്കരുണം പുറത്താക്കി. എന്നാൽ അതുകൊണ്ടൊന്നും ഷെൽബിയെ നല്ല നടത്തം പഠിപ്പിക്കാൻ ആയില്ല. അങ്ങനെ ഷെൽബിക്ക് മൂന്നു വയസ്സായി, അപ്പോഴേക്കും ബെഡ്‌റൂമിൽ ഒളിപ്പിച്ചു വച്ച പല പ്ലാസ്റ്റിക് പാത്രങ്ങളിലും അവൾ പാറ്റകളെ വളർത്താൻ തുടങ്ങി. 

ഒടുവിൽ ഗത്യന്തരമില്ലാതെ ഷെൽബിയുടെ അച്ഛനും അമ്മയും മകളുടെ ഈ പാറ്റ പ്രേമത്തിന് പച്ചക്കൊടി കാണിച്ചു. മഡഗാസ്കർ ഹിച്ചിങ് കോക്രോച്ഛ് എന്ന വിഭാഗത്തിൽ പെടുന്ന പാറ്റകളെയാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഷെൽബി വളർത്തുന്നത്. ആദ്യം പന്ത്രണ്ട് പാറ്റകളുമായി പാറ്റ വളർത്തൽ തുടങ്ങിയ ഈ കുരുന്നിന്റെ കൈവശം ഇപ്പോൾ 8000  ൽ പരം പാറ്റകൾ ഉണ്ട്. 

ഇത്രയും നിരുപദ്രവകാരികളായ ജീവികൾ വേറെ ഇല്ല എന്നാണ് ഷെൽബിയുടെ അഭിപ്രായം. എന്തുകൊണ്ടാണ് ഷെൽബിക്ക് പാറ്റകളോട് ഇത്ര ഇഷ്ടം എന്ന് ചോദിച്ചാൽ അതിനു ഉത്തരമില്ല. വീടിനുള്ളിൽ പ്രത്യേകമായി തയ്യാറാക്കിയ പ്ലാസ്റ്റിക്ക് കണ്ടയിനറുകളിലാണ് ഷെൽബി പാറ്റയെ വളർത്തുന്നത്. തന്റെ മുറിയിൽ കിടക്കയിലും തലയിണക്ക് അടിയിലും മേശപ്പുറത്തും തന്റെ ദേഹത്തും  ഒക്കെയായി പാറ്റകൾ ചാടിത്തുള്ളി നടക്കുന്നത് കാണാനാണ് ഷെൽബിക്ക് എന്നും ഇഷ്ടം. 

മകളുടെ പാറ്റ വളർത്തൽ മൂലം ഇതുവരെ അവൾക്ക് ശാരീരികമായ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്നതിൽ മാതാപിതാക്കൾക്ക് സന്തോഷം. എന്നാലും ഇങ്ങനെയുണ്ടോ ഒരു ഹോബി എന്ന് ചോദിച്ച് മൂക്കത്തു വിരൽ വയ്ക്കുന്നവരോട് ഷെൽബിയുടെ മാതാപിതാക്കൾ പറയുന്നു, ഉണ്ട് ഇങ്ങനെയും ഉണ്ട് ഒരു ഹോബി!