സൂപ്പർ 'ഡാഡ്' ഷാരൂഖ് ഖാൻ! | Sharukh Khan Parenting Tips | Parenting

സൂപ്പർ 'ഡാഡ്' ഷാരൂഖ് ഖാൻ!

ഈ ബോളിവുഡ് താരങ്ങളൊക്കെ ഒത്തിരി തിരക്കുള്ളവരല്ലേ. എപ്പോഴും ഷൂട്ടിങും തിരക്കുകളും അതിനിടയിൽ കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കാൻ എവിടെയാ നേരം കിട്ടുക? എന്നാൽ കേട്ടുകൊള്ളുക.. മിക്ക സൂപ്പർ താരങ്ങളും തങ്ങളുടെ തിരക്കേറിയ ജോലിക്കിടയിലും മക്കൾക്കായി ധാരാളം സമയം നീക്കിവയ്ക്കുന്നവരാണ്. അതിൽ ഏറ്റവും മിടുക്കൻ ആരാണന്നല്ലേ... മറ്റാരുമല്ല നമ്മുടെ കിങ് ഖാൻ ഷാരൂഖ് തന്നെ. ബോളിവുഡിലെത്തന്നെ ഏറ്റവും നല്ല അച്ഛനെന്ന പേരെടുത്തിരിക്കുകയാണ് ഷാരൂഖ്. സൂപ്പർ സ്റ്റാർ, പ്രൊഡ്യൂസർ, ഗൗരിയുടെ പ്രിയ ഭർത്താവ്, വ്യവസായി എന്നിങ്ങനെ പല വിശേഷണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും നല്ല പിതാവ് എന്നറിയപ്പെടാനാണ് ഷാരൂഖിനിഷ്ടം. ആര്യൻ, അബ്രാം എന്ന രണ്ട് ആൺകുട്ടികളും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. ഷാരൂഖിന്റെ ചില സൂപ്പർ പേരന്റിങ് ടിപ്യുകൾ ഇതാ...

കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട് 
"എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്, അത് അവർ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്." ഷാരൂഖ് ഒരിക്കൽ പറഞ്ഞതാണിത്. അവരെത്ര പ്രായമായാലും ഷാരൂഖിന്റെ ബെസ്റ്റ് ഫ്രണ്ട്സ് അവർ തന്നെയായിരിക്കും. കുട്ടികളുടെ പ്രായം എത്രയാണോ അതാണ് തന്റെ പ്രായമെന്നും അദ്ദേഹം പറയുന്നു. ആര്യൻ ഷാരൂഖിന്റെ ഒരു പിറന്നാളിന് സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റ് പ്രശസ്തമാണ്" അദ്ദേഹത്തിന് കുട്ടികളെപ്പോലെ കളിക്കാനും സുഹൃത്തിനെപ്പോലെ ഉപദേശിക്കാനും ബോഡിഗാർഡിനെപ്പോലെ സംരക്ഷിക്കാനുമാകും" എന്നാണ്. കുട്ടികളുമായി ഷാരൂഖിന് എത്രമാത്രം അടുപ്പമുണ്ടെന്ന് ഈ ഒറ്റ പോസ്റ്റിലൂടെ മനസിലാക്കാം.

തീരുമാനങ്ങൾ അവരുടെ ഇഷ്ടത്തിന്
വിശ്വാസങ്ങളായാലും ജീവിതമായാലും കുട്ടികളുടെ ഇഷ്ടത്തിനാണ് അദ്ദേഹം മുൻതൂക്കം നൽകാറ്. ഒന്നും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാറില്ല ഷാരൂഖ്.

കുട്ടികൾക്കൊപ്പം 
തിരക്കുകൾ മൂലം മക്കൾക്കൊപ്പമാകാൻ സാധിക്കാത്ത ചില മാതാപിതാക്കൾ കാണിക്കുന്ന ഒരു സൂത്രവിദ്യയാണ് അവർക്ക് ധാരാളം സമ്മാനങ്ങളും പണവുമൊക്കെ ഇതിന് പകരമായി നൽകുക എന്നത്. എന്നാൽ തിരക്കുകൾ ധാരാളമുള്ള ഈ സൂപ്പർ ഡാഡ് അതിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. കുട്ടികളുടെ സ്കൂളുകളിൽ പോകുക, അവരെ പുറത്ത് ഭക്ഷണം കഴിക്കാനും ഷോപ്പിങിനും കൊണ്ടുപോകുക, മത്സരങ്ങൾക്ക് കൊണ്ടു പോകുക തുടങ്ങിയ ഒരവസരങ്ങളും ഷാരൂഖ് പാഴാക്കാറില്ല. സമ്മാനങ്ങളും പണവുമൊക്കെ എപ്പോൾ വേണമെങ്കിലും കൊടുക്കാം, പക്ഷേ അവരുടെ കുട്ടിക്കാലം ഒരിക്കലും തിരിച്ചു വരില്ല.

കുട്ടികളുടെ സംരക്ഷണം 
എല്ലാ അച്ഛൻമാരും കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. എന്നാൽ ഷാരൂഖിനെപ്പോലെയുള്ള ഒരു സൂപ്പർ സ്റ്റാറിന് കുട്ടികളെ ലൈംലൈറ്റിൽ നിന്നും ആരാധകരിൽ കുട്ടികളെ അകറ്റി നിർ‌ത്തുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് വിചാരിക്കുമെന്നോർക്കാതെ ഷാരൂഖ് കുട്ടികളുടെ സംരക്ഷണം മാത്രം ചിന്തിച്ച പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. മീഡിയയിൽ നിന്നും ലൈംലൈറ്റിൽ നിന്നും മക്കളെ മൂന്നുപേരെയും അകറ്റി നിർത്താനും സംരക്ഷിക്കാനും ഷാരൂഖ് എപ്പോലും ശ്രദ്ധിച്ചിരുന്നു.

ആൺ പെൺ വേർതിരിവ് വേണ്ടേ വേണ്ട
രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണല്ലോ ഷാരൂഖിന്. എന്നാൽ യാതൊരു വിധത്തിലുള്ള ആൺ– പെൺ വേർതിരിവ് ഷാരൂഖിന്റെ വീട്ടിൽ അനുവദനീയമല്ല. മകൾ ചെയ്യുന്ന എല്ലാ ജോലികളും തന്റെ ആൺകുട്ടികളും ചെയ്തിരിക്കണം. ആൺകുട്ടിയാണെന്നു കരുതി ഷർട്ടിടാതെ വീട്ടിനുള്ളിലൂടെ നടക്കാമെന്നും കരുതണ്ട. മൂന്നുപേർക്കും ആൺ പെൺ വ്യത്യാസമില്ലാത്ത ഒരേ തരത്തിലുള്ള കളിപ്പാട്ടങ്ങളാണ് ഈ അച്ഛൻ തിരഞ്ഞെടുക്കാറ്. പെൺകുട്ടികളെയും സ്ത്രീകളേയും ബഹുമാനിക്കാനും അവരെ സഹായിക്കാനും അവരെ പഠിപ്പിച്ചു. സ്ത്രീകളെ ഒരിക്കലും അപമാനിക്കാൻ പാടില്ലെന്ന് കർശനമായാണ് ആര്യനോടും അബ്രാമിനോടും അദ്ദേഹം പറഞ്ഞിരിക്കുന്നത്.

വായന മസ്റ്റാ 
എല്ലാത്തരം ടെക്നോളജി സൗകര്യങ്ങളുമുണ്ടെങ്കിലും കുട്ടികൾ പുസ്തകം വായിച്ചിരിക്കണമെന്ന് ഷാരൂഖിന് നിർബന്ധമാണ്.പുസ്തകങ്ങളുടെ ഒരു വൻ ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ.

ആദ്യം പഠിത്തം 
കുട്ടികൾക്കിഷ്ടമുള്ള കോഴ്സുകൾക്ക് പഠിക്കാന്‍ അദ്ദേഹം അനുവദിക്കും. പഠനത്തിന് ആണ് മുൻതൂക്കം, അത് കഴിഞ്ഞ് മതി മറ്റ് എന്ത് താല്പര്യവും, അത് സിനിമയായാലും. സുഹാനയ്ക്ക് അഭിനയത്തിൽ താല്പര്യമാണെങ്കിലും പഠനം പൂർത്തിയാക്കിട്ട് മതി എന്ന നിലപാടിലാണ് ഷാരൂഖ്.