അബ്റാം നടനാകേണ്ട, കിങ്ഖാന്റെ സ്വപ്നം ഇതാണ്

മൂന്നാമത്തെ കുട്ടി അബ്രാം സിനിമയിൽ വരുന്നതിനോട് തനിക്ക് താൽപര്യമില്ലെന്ന് ഷാറൂഖ് തുറന്നു പറയുന്നു. ഷാറൂഖിന്റെയും ഗൗരിയുടെയും മൂന്നാമത്തെ പുത്രനാണ് അഞ്ച് വയസ്സുകാരൻ അബ്രാം. അച്ഛനെപ്പോലെ മൂത്തമകൻ ആര്യനും മകൾ സുഹാനയും സിനിമയിലെത്തുമെന്നാണ് ബോളിവുഡിലെ സംസാരം.

എന്നാല്‍ കുഞ്ഞ് അബ്രാമിനെയും സ്ക്രീനിൽ കാണാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് ഷാറൂഖിന്റെ ഈ തുറന്നു പറച്ചിൽ. സിനിമയിലല്ലെങ്കില്‍ പിന്നെ അബ്രാം ആരാകണമെന്ന സ്വപ്നം കിങ് ഖാനുണ്ട്. അബ്രാം ഭാവിയിൽ ഒരു ഹോക്കി താരമാകണമെന്നാണ് തന്റെ സ്വപ്നം എന്ന് അദ്ദേഹം പറയുന്നു. അബ്രാം ഇന്ത്യയ്ക്കു വേണ്ടി ഹോക്കി കളിക്കണമെന്നാണത്രേ അദ്ദേഹത്തിന്റെ ആഗ്രഹം.

ചക്ദേ ഇന്ത്യ എന്ന ഹോക്കി പശ്ചാത്തല സിനിമയിൽ അഭിനയിച്ചു കൊണ്ട് തന്റെ ഹോക്കിയോടുള്ള ഇഷ്ടം അറിയിച്ചതാണ് ഷാറൂഖ്. ക്രിക്കറ്റ് കളി കാണാൻ ഷാറൂഖിനൊപ്പം അബ്രാമും മിക്കപ്പോഴും എത്താറുണ്ട്. എന്നാൽ അബ്രാം ക്രിക്കറ്റ് കളി തുടങ്ങിയിട്ടില്ലെന്നും ഫുട്ബോൾ അൽപമൊക്കെ കളിക്കുമെന്നും ഷാറൂഖ്. എന്നാലും തനിക്കിഷ്ടം അവൻ ഹോക്കി കളിക്കുന്നത് കാണാനാണെന്ന് കിംഗ് ഖാൻ തുറന്നു പറയുന്നു.

സൂപ്പർ സ്റ്റാർ, പ്രൊഡ്യൂസർ, ഗൗരിയുടെ പ്രിയ ഭർത്താവ്, വ്യവസായി എന്നിങ്ങനെ പല വിശേഷണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും നല്ല പിതാവ് എന്നറിയപ്പെടാനാണ് ഷാരൂഖിനിഷ്ടം. ആര്യൻ, അബ്രാം എന്ന രണ്ട് ആൺകുട്ടികളും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. "എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്, അത് അവർ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്." ഷാരൂഖ് ഒരിക്കൽ പറഞ്ഞതാണിത്. അവരെത്ര പ്രായമായാലും ഷാരൂഖിന്റെ ബെസ്റ്റ് ഫ്രണ്ട്സ് അവർ തന്നെയായിരിക്കും. കുട്ടികളുടെ പ്രായം എത്രയാണോ അതാണ് തന്റെ പ്രായമെന്നും അദ്ദേഹം പറയുന്നു.