തൈമൂർ തന്നെക്കാൾ പ്രശസ്തൻ; ഷർമിള ടാഗോർ

സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടി നവാബ് തൈമൂറിന്റെ വിശേഷങ്ങൾക്ക് എന്നും ഡിമാന്റാണ്. മറ്റേതൊരു ബോളിവുഡ് താരപുത്രൻമാരേക്കാളും ആരാധകരാണുള്ളത് ഈ ക്യൂട്ട് വാവയ്ക്കാണെന്നത് പരസ്യമായ രഹസ്യമാണ്. മകന്റെ പിറകെയുള്ള ആരാധകരുടെ ഈ നടത്തം തനിക്കത്ര ഇഷ്ടമല്ലെന്ന് പലതവണ കരീന പറഞ്ഞിട്ടുള്ളതാണ്. തൈമൂർ എന്തു ചെയ്യുകയാണെന്ന് നോക്കിയിരിക്കുകയാണ് ആരാധകർ.

തൈമൂറിനാണങ്കിൽ കരീനയേയും സെയ്ഫിനേയുംകാൾ ആരാധകരുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് ശരിവയ്ക്കുന്ന ഒരു കമന്റ് സെയ്ഫിന്റ അമ്മയായ ഷർമിള ടാഗോർ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. "എനിക്ക് തോന്നുന്നത് തൈമൂർ എന്നെക്കാൾ പ്രശസ്തനാണെന്നാണ്". കൊച്ചുമകനെക്കുറിച്ചുള്ള ഷർമിളയുടെ ഈ കമന്റിലുണ്ട് തൈമൂറിന്റ പ്രശസ്തിയുടെ വലുപ്പം.

ബോളിവുഡിന്റെ താരറാണിയായിരുന്നു ഷർമിള ഒരുകാലത്ത്. ആ ഷർമിളയാണ് പറയുന്നത് നീലക്കണ്ണുള്ള ഈ ക്യൂട്ട് സുന്ദരൻ തൈമൂർ തന്നെക്കാൾ പ്രശസ്തനാണെന്ന്. എന്നാൽ തൈമൂറിന്റെ ചിത്രങ്ങളിങ്ങനെയെടുക്കുന്നതിനോടും അവനെ മാധ്യമങ്ങൾ ആഘോഷിക്കുന്നതിനോടും കരീനയുടെ അച്ഛൻ രൺധീര്‍ കപൂറിന് അത്ര താല്പര്യമില്ല. അദ്ദേഹമത് തുറന്നു പറഞ്ഞിട്ടുമുണ്ട്.

തൈമൂറിനെ സ്റ്റാർ കിഡ് ആയി വളർത്താൻ തനിക്ക് താല്‍പര്യമില്ലെന്ന് കരീന പലതവണ പറഞ്ഞിട്ടുള്ളതാണ്. തൈമൂർ വളർന്നു വലുതാകുമ്പോൾ അവൻ ആരായിത്തീരണമെന്ന ആഗ്രഹം കരീന നേരത്തെതന്നെ പങ്കുവച്ചിരിരുന്നു. സാധാരണ സിനിമാഫീൽഡിൽ കണ്ടു വരുന്നത്, അച്ഛനമ്മമാരെ പിന്തുടർന്ന് മക്കളും അവിടെ തന്നെയെത്തുന്നതാണ്. എന്നാൽ തൈമൂർ സിനിമയിലെത്തുന്നതിനോട് കരീനയ്ക്ക് താൽ‌പര്യമില്ല. തൈമൂർ അച്ഛനെപ്പോലെ നടനാകാകാനല്ല മുത്തച്ഛനെപ്പോലെ ക്രിക്കറ്റ് താരമായി കാണാനാണ് കരീനയ്ക്കിഷ്ടം.