കുട്ടി പ്രശ്നക്കാരനാണെന്ന് പറയുന്നവരോട് ഷാരൂഖ് പറയുന്നു

ബോളിവുഡിലെത്തന്നെ ഏറ്റവും നല്ല അച്ഛനെന്ന പേരെടുത്തിരിക്കുന്ന ആളാണ് ഷാരൂഖ് ഖാൻ. എപ്പോഴും ഷൂട്ടിങും തിരക്കുകളും അതിനിടയിൽ കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കാൻ നേരം കിട്ടുമോ? എന്നാൽ കേട്ടുകൊള്ളുക.. മിക്ക സൂപ്പർ താരങ്ങളും തങ്ങളുടെ തിരക്കേറിയ ജോലിക്കിടയിലും മക്കൾക്കായി ധാരാളം സമയം നീക്കിവയ്ക്കുന്നവരാണ്. അതിൽ ഏറ്റവും മിടുക്കൻ ആരാണന്നല്ലേ... മറ്റാരുമല്ല നമ്മുടെ കിങ് ഖാൻ ഷാരൂഖ് തന്നെ.

ഷാരൂഖ് കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച മനോഹരമായ ഒരു കുറിപ്പ് വളരെയേറെ പ്രസക്തമാണ്. അദ്ദേഹത്തിലെ തത്വശാസ്ത്രഞ്ജൻ ഉണർന്ന ഒരു ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹം തന്റെ കുട്ടികൾക്കായി ഇങ്ങനെ കുറിച്ചത്.

"നമ്മുടെ കുട്ടികൾ നമ്മുടെ ഉത്തരവാദിത്തമല്ല. അവർ നമ്മളുടെ കഴിവുകളുടെ അളവുകോലാണ്. എന്റെ കുട്ടി ഒരു പ്രശ്നക്കാരൻ ആണെന്ന് പറയുന്നവരോട് എനിക്കു പറയാനുള്ളത് അവരെ ആ കണ്ണിലൂടെ നോക്കരുതെന്നാണ്. അവരുടെ 'പ്രശ്നങ്ങൾ' നമ്മുടെ കഴിവിലേയ്ക്കു വിരൽ ചൂണ്ടുന്നു. നമ്മുക്ക് ഇനിയുമേറെ ചെയ്യാനാവുമെന്ന് അവ നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ കുട്ടികൾ നമ്മുടെ കഴിവാണ്. ഉത്തരവാദിത്തമല്ല."

സൂപ്പർ സ്റ്റാർ, പ്രൊഡ്യൂസർ, ഗൗരിയുടെ പ്രിയ ഭർത്താവ്, വ്യവസായി എന്നിങ്ങനെ പല വിശേഷണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും നല്ല പിതാവ് എന്നറിയപ്പെടാനാണ് ഷാരൂഖിനിഷ്ടം. ആര്യൻ, അബ്രാം എന്ന രണ്ട് ആൺകുട്ടികളും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. "എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്, അത് അവർ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്." ഷാരൂഖ് ഒരിക്കൽ പറഞ്ഞതാണിത്. അവരെത്ര പ്രായമായാലും ഷാരൂഖിന്റെ ബെസ്റ്റ് ഫ്രണ്ട്സ് അവർ തന്നെയായിരിക്കും. കുട്ടികളുടെ പ്രായം എത്രയാണോ അതാണ് തന്റെ പ്രായമെന്നും അദ്ദേഹം പറയുന്നു.

നമുക്കെല്ലാമറിയാവുന്നതു പോലെ ഷാരൂഖ് തന്റെ മക്കളുമായി മനോഹരമായ ഒരു ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എല്ലാ അച്ഛന്മാരേയും പോലെ എന്നാൽ അതിലും ഉപരിയായി തന്റെ മക്കളെ ശ്രദ്ധിക്കാനും അവർക്കൊപ്പമായിരിക്കാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്. എത്ര തിരക്കുണ്ടെങ്കിലും കുട്ടികൾക്കൊപ്പം യാത്ര ചെയ്യാനും കളിക്കാനും ആഘോങ്ങളിൽ പങ്കെടുക്കാനുമൊക്കെ ഷാരൂഖ് ശ്രദ്ധിക്കാറുണ്ട്.

ആര്യൻ ഷാരൂഖിന്റെ ഒരു പിറന്നാളിന് സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റ് പ്രശസ്തമാണ്" അദ്ദേഹത്തിന് കുട്ടികളെപ്പോലെ കളിക്കാനും സുഹൃത്തിനെപ്പോലെ ഉപദേശിക്കാനും ബോഡിഗാർഡിനെപ്പോലെ സംരക്ഷിക്കാനുമാകും" എന്നാണ്. കുട്ടികളുമായി ഷാരൂഖിന് എത്രമാത്രം അടുപ്പമുണ്ടെന്ന് ഈ ഒറ്റ പോസ്റ്റിലൂടെ മനസിലാക്കാം. വിശ്വാസങ്ങളായാലും ജീവിതമായാലും കുട്ടികളുടെ ഇഷ്ടത്തിനാണ് അദ്ദേഹം മുൻതൂക്കം നൽകാറ്. ഒന്നും കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാറില്ല ഷാരൂഖ്.