ഏഴ് വയസ്, ജോലി ഡെലിവറി ബോയ്...കണ്ണുനിറയ്ക്കും ലീയുടെ കഥ | Seven Year Old Delivery Boy China | Parenting

ഏഴ് വയസ്, ജോലി ഡെലിവറി ബോയ്...കണ്ണുനിറയ്ക്കും ലീയുടെ കഥ

സമൂഹമാധ്യമങ്ങളിൽ ഈയിടെ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഡെലിവറി ബോയിയുടെ ചിത്രം ആരെയും അമ്പരപ്പിക്കും. സാധാരണ സാധനങ്ങൾ ഡെലിവറി ചെയ്യാൻ നമ്മുടെയൊക്കെ വീട്ടുപടിക്കൽ എത്താറുള്ള തൊഴിലാളികളിൽ നിന്നും തികച്ചും വ്യത്യസ്തനാണവൻ. വെറും ഏഴ് വയസ് മാത്രം പ്രായമുള്ള ഒരു ഡെലിവറി ബോയിയെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ! സാധനങ്ങൾ നിറച്ച ട്രോളിയും തള്ളി വീടുകളിലെത്തുന്ന ഈ കുരുന്നിന്റെ വിഡിയോയും ചിത്രങ്ങളും വളരെ വേഗമാണ് സാമൂഹിക ശ്രദ്ധനേടിയത്. ഹൃദയവേദനയോടെ മാത്രമേ ഈ വിഡിയോ കാണാനാകൂ.

ഇത് ലിറ്റിൽ ലീ, ചൈനയിലാണ് ഈ കുഞ്ഞ് ജോലിക്കാരൻ ഉള്ളത്. അച്ഛന്റെ മരണമാണ് ആ കുഞ്ഞിന്റെ ജീവിതം തകിടം മറിച്ചത്. അച്ഛൻ മരിച്ചതോടെ അമ്മ മറ്റൊരാളെ വിവാഹം ചെയ്തു, അതോടെ അവരെ അമ്മ പൂർണമായി ഒഴിവാക്കി എന്നു തന്നെ പറയാം.മൂന്നു വയസ്സു മുതൽ കുഞ്ഞു ലീ അച്ഛന്റെ ഒരു സുഹൃത്തിന്റെ സംരക്ഷണത്തിലായിരുന്നു. ഡെലിവറി ബോയിയായി ജോലിനോക്കുകയായിരുന്നു അയാൾ. പാഴ്സലുകൾ വീടുകളിലെത്തിക്കാൻ പോകുമ്പോൾ അയാൾ കുഞ്ഞ് ലീയെയും കൂടെ കൂട്ടുക പതിവായിരുന്നു. ലിറ്റിൽ ലീയ്ക്ക് പതിയെ ഡെലിവറി ജോലി ഇഷ്ടമായിത്തുടങ്ങിയതോടെ അവൻ ഒറ്റയ്ക്കു ജോലി ചെയ്യാൻ തുടങ്ങിയെന്നാണ് വളർത്തച്ഛൻ പറയുന്നത്.

ദിവസം മുപ്പത് ഡെലിവറികൾ വരെ ഈ ഏഴുവയസ്സുകാരൻ ചെയ്യുമത്രേ. സമൂഹമാധ്യമങ്ങളിൽ ആരോ ഇവന്റെ വിഡിയോ പോസ്റ്റുചെയ്യുകയായിരുന്നു. പലരും അതിനെ ഒരു സാമൂഹിക ദുരന്തം എന്നാണ് വിശേഷിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ബാലവേല നിരോധിച്ചിട്ടുണ്ടെങ്കിലും അത് നിർബാധം നടക്കുന്നുവെന്നതിനുള്ള ഒരു തെളിവാണ് ഈ കുഞ്ഞിന്റെ ചിത്രം. ചൈനയിൽ ബാലവേല വളരെയേറെയാണെന്നാണ് ചിലരുടെ കമന്റുകൾ.

വിഡിയോ വൈറലായതോടെ ലിറ്റിൽ ലീയെ സർക്കാര്‍, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ. ഇതു പോലെ ബാല്യം ആസ്വദിക്കാതെ പോകുന്ന കോടിക്കണക്കിന് കുട്ടികളുടെ പ്രതിനിധിയാണിവൻ.