ഞാൻ ഒരു മോശം അമ്മയാണെന്ന് തോന്നാറുണ്ട്; സെറീന

സെറീന വില്യംസിനെ വീഴ്ത്തി ജര്‍മൻ താരം ആഞ്ചലിക് കെർബറിന് വിംബിൾഡൺ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത് കഴിഞ്ഞമാസമാണ്. സെറീനയുടെ കരിയറിലെ മോശം കളി എന്നാണ് ആരാധകർ ഇതിനെ വിലയിരുത്തിയത്. സെപ്റ്റംബറിൽ അമ്മയായ ശേഷം സെറീന മൽസരിക്കുന്ന നാലാമത്തെ ടൂർണമെന്റായിരുന്നു ഇത്.

ഈ മത്സരത്തിലെ പരാജയം സെറീനയേയും തളർത്തി. നേരത്തെ തന്നെ പ്രസവത്തിന് ശേഷമുള്ള പോസ്റ്റ്പാർട്ടം അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് സെറീന വ്യക്തമാക്കിയിട്ടുണ്ട്. ടൂർണമെന്റിന് ശേഷം താരം വീണ്ടും തന്റെ മാനസികാവസ്ഥയെക്കുറിച്ച് തുറന്നെഴുതി രംഗത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച എന്നെ സംബന്ധിച്ച് ഏറെ ദുർഘടമായ ഒന്നായിരുന്നു. വ്യക്തപരമായ ചില പ്രശ്നങ്ങൾ എന്നെ അലട്ടിയിരുന്നു. എങ്കിലും ഏറെ അലട്ടിയത് ഞാൻ ഒരു നല്ല അമ്മയല്ല എന്ന ചിന്തയാണ്. പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് നിരവധി ആർട്ടിക്കളുകൾ ഞാൻ വായിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഈ അവസ്ഥ വളരെ സ്വാഭാവികമാണെന്നാണ് പറയുന്നത്. മൂന്ന് വർഷം വരെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ നീണ്ടുനിൽക്കാം

കുഞ്ഞിന് വേണ്ടതൊന്നും ചെയ്യുന്നില്ല എന്നുള്ളത് സ്വാഭാവികമായ തോന്നലാണ്. എന്റെ ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന നിരവധി അമ്മമാരുണ്ടാകും. ഓരോ ദിവസവും ഞാൻ സ്വയം പരിശീലിപ്പിക്കുകയാണ്, എന്നിലെ മികച്ച അത്‌ലറ്റിനെ പുറത്തുകൊണ്ടുവരാൻ.

ജോലിയുള്ളവരായാലും ഇല്ലാത്തവരായാലും കുഞ്ഞിനെ നോക്കുക എന്നുള്ളത് ഒരു കലയാണ്. ആ കല ബാലൻസ് ചെയ്തുകൊണ്ടുപോകാൻ സാധിക്കുന്നവരാണ് യഥാർഥ ഹീറോസ്.

നിങ്ങളുടെ മോശദിവസങ്ങളിൽ ഒന്നോർക്കുക, ഞാനും ഇതേ അവസ്ഥയിലാണ്. ഈ അവസ്ഥയെ അതിജീവിക്കാൻ സാധിക്കുമെന്ന വിശ്വാസത്തോടെ മുന്നേറുക. കഴിഞ്ഞ സെപ്റ്റംബറിലാണ് സിസേറിയനിലൂടെ 36 കാരിയായ സെറീന, അലെക്‌സിസ് ഒളിമ്പിയായ്ക്ക് ജന്മം നല്‍കിയത്.

എന്നാല്‍ സിസേറിയനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ സെറീനയെ അലട്ടിയിരുന്നു. ശ്വാസകോശത്തിലും, അടിവയറ്റിലും രക്തം കട്ടപിടിക്കുന്നതായിരുന്നു സെറീന നേരിട്ട വെല്ലുവിളി. ഇതേതുടര്‍ന്ന് സിസേറിയനു പിന്നാലെ താരം ഒന്നിലധികം സര്‍ജറികള്‍ക്ക് വിധേയമാകേണ്ടി വന്നു.

ഇതേതുടര്‍ന്ന് തന്റെ മനോനില കൈവിട്ടു പോയെന്നും, കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതു പോലും അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നതായും താരം പറയുന്നു. മനോനില കൈവിട്ട നിമിഷത്തില്‍ കുടുംബം നല്‍കിയ പിന്തുണയാണ് ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നതെന്നും, അമ്മ നല്‍കിയ പിന്തുണയോടെ ബൈബിള്‍ വായിച്ചാണ് ജീവിതത്തില്‍ പ്രതീക്ഷ നിറച്ചത്. സുന്ദരിയായ കുട്ടിയെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സങ്കടപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും. ഈ അവസരത്തില്‍ കുഞ്ഞിന്റെ നിഷകളങ്കമായ കരച്ചിലുകള്‍ പോലും തന്നെ ദേഷ്യം പിടിപ്പിച്ചിരുന്നുവെന്നും സെറീന വെളിപ്പെടുത്തിയിട്ടുണ്ട്. ‍