അമ്മയുടെ മൽസരം കാണാൻ ആദ്യമായി, വൈറലായി സെറീന മകളുടെ ചിത്രങ്ങൾ

സെറീന വില്ല്യംസിന്റെ ഇത്തവണത്തെ ഫെഡറേഷൻ കപ്പ് ടെന്നീസ് മത്സരം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഒന്നാമതായി പ്രസവശേഷം ആദ്യമായികളിക്കുന്ന മത്സരം എന്നതാണ്. ഫെഡറേഷൻ കപ്പ് ഡബിൾസ് മത്സരത്തിൽ സെറീനയ്ക്കു കൂട്ടായ് എത്തിയത് ചേച്ചി വീനസ് വില്ല്യസ് തന്നെയായിരുന്നു. അടുത്ത പ്രത്യേകതയാണ് സൂപ്പർ. അമ്മയുടെ കളികാണാൻ ക്യൂട്ട് അലക്സിസ് ഒളിംപിയ ഒഹാനിൻ ജൂനിയർ മുൻ നിരയിൽത്തന്നെയുണ്ടായിരുന്നു. അച്ഛൻ അലക്സിസ് ഒഹാനിന്റെ മടിയിലിരുന്ന് അമ്മയുടെ കളി കാണുന്ന ആ സുന്ദരിക്കുട്ടിയിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ.

ഇത്തവണ ക്യാമറകൾ മുഴുവൻ കുഞ്ഞ് സെറീനയുടെ നേർക്കായിരുന്നു. എന്നാൽ യാതൊരു ഭാവഭേദവും കൂടാതെ അമ്മയുടെ കളികാണുന്നതിലും അച്ഛനോട് കുറുമ്പു കാണിക്കുന്നതിലുമായിരുന്ന കുട്ടി സെറീനയുടെ ശ്രദ്ധ മുഴുവൻ.

താൻ ജനിച്ച ശേഷം അമ്മയുടെ ആദ്യമത്സരം കാണാൻ എത്തിയാതാണ് ഈ സൂപ്പർ ക്യൂട്ട് വാവ. ഈ വർഷത്തെ സെറീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. അമ്മയുടേയും അമ്മയുടെ ചേച്ചി വീനസിന്റേയും വിജയം കാണാനും കുഞ്ഞിനായി. എതിരാളികളെ തോല്പ്പിച്ച ശേഷം ഏറെ സന്തോഷവതിയായ സെറീനയുടെ വാക്കുകൾ 'അവൾ ഈ കളികാണാനുണ്ടായത് സന്തോഷകരമായിരുന്നു'. തിരിച്ചുവരവിലും അമേരിക്കയുടെ വിജയത്തിലും സെറീന ഏറെ സന്തോഷവതിയായിരുന്നു.

കുഞ്ഞുണ്ടായതിന് ശേഷം തനിക്ക് ഒന്നിനും സമയം തീരെ തികയുന്നില്ലെന്നും. കളിയും കുട്ടിയെ നോക്കലും ഒരിമിച്ചു കൊണ്ടുപോകുവാൻ പാടുപെടുകയാണെന്നും സെറീന പറയുന്നു. ആദ്യമായാണ് കുഞ്ഞിനേയും കൊണ്ട് യാത്രചെയ്യുന്നതെന്നും അവർ പറയുന്നു.