ഗെയിമിൽ മുഴുകിയിരിക്കുന്ന കുട്ടികളെ സൂക്ഷിക്കണം!

കുട്ടികൾക്ക് മൊബൈല്‍, ടാബ്‌ലെറ്റ്, വിഡിയോ ഗെയിം തുടങ്ങിയവയൊന്നും അല്ലാതെ മറ്റ് കളികളിലൊന്നും യാതൊരു താല്പര്യവും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും അല്പസമയം ഒന്ന് അടങ്ങിയിരിക്കട്ടെ എന്ന നിലയിൽ ഇവ ഉപയോഗിക്കാൻ അനുവാദം കൊടുക്കുകയാണ് മാതാപിതാക്കൾ. എന്നാൽ പതിയെ അതൊരു അഡിക്ഷനായി മാറുന്നത് കണ്ടുനിൽക്കാനേ പിന്നെ കഴിയൂ. എങ്ങനെ കുട്ടികളെ ഇതിൽ നിന്നും മുക്തരാക്കാം എന്ന് തല പുകയ്ക്കുകയാണ് മിക്ക മാതാപിതാക്കളും.

ഇപ്പോൾ കൊച്ചുകുട്ടികൾക്കു പോലും ഇത്തരം ഡിവൈസുകൾ നന്നായി കൈകാര്യം ചെയ്യാൻ അറിയാം. ഗെയിമികളും മറ്റും കൂടാതെ കുട്ടികൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാകുന്നത് കാണാം. എന്നാൽ ഇത് കുട്ടികളുടെ മാനസിക വളർച്ചയെ തന്നെ തകർക്കാൻ കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയിലെ സീനിയൻ റിസർച്ചറായ ബാരോനസ് സൂസൻ ഗ്രീൻഫീൽഡ് മാതാപിതാക്കൾക്കും കുട്ടികൾക്കും നൽകുന്ന മുന്നറിയിപ്പ് ഞെട്ടിക്കുന്നതാണ്. ഒരോ തവണയും കുട്ടികൾ മൊബൈല്‍, ടാബ്‌ലെറ്റ്, വിഡിയോ ഗെയിം തുടങ്ങിയവയോ സോഷ്യൽ മീഡിയയോ ഉപയോഗിക്കുമ്പോൾ ആ ക്ഷണനേരത്തേയ്ക്ക് അവർക്ക് ഒരു തരം ആത്മസംതൃപ്തി കിട്ടുകയാണ്. എന്നാൽ ഇത് കുട്ടികളുടെ വികാരപരവും മാനസികവുമായ വളർച്ചയേയും പക്വതയേയും പ്രതികൂലമായ ബാധിക്കുന്നു. ഇത് അവരുടെ സ്വാഭാവിക സംസാരരീതികളേയും ചിന്തകളേയും പോലും സ്വാധീനിക്കുന്നു.

ബാരോനസ് സൂസൻ ഗ്രീൻഫീൽഡ് ഇങ്ങനെ പറയുന്നു " ഇത്തരക്കാരുടെ വികാരങ്ങൾ, വെല്ലുവിളി സ്വീകരിക്കുന്ന സന്ദർഭങ്ങള്‍, സാമൂഹികമായ കഴിവുകൾ, വ്യക്തിത്വം, ഏകാഗ്രത തുടങ്ങിയവയിൽ മൂന്നു വയസ്സുകാരെപ്പോലെ ആയിപ്പോകുമെന്ന് മാത്രമേ എനിക്ക് പറയാനാകൂ" ബാരോനസ് ഹാവാർഡിലേയും പ്രിന്‍സ്റ്റൺ സർവകലാശാലയിലേയും കുട്ടികളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്.

ഇവയുടെ ഉപയോഗത്തിന് പെട്ടെന്ന് നിയന്ത്രണം ഏർപ്പെടുത്തുകയോ പൂർണമായി നിർത്തുകയോ ചെയ്താൽ കുട്ടികളെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇത് കുട്ടികളിൽ അമിത ദേഷ്യം, അക്രമണ മനോഭാവം, അനുസരണക്കേട് തുടങ്ങി മാനസിക തകർച്ചകൾക്കു വരെ കാരാണമാകാം. അതിനാൽ ഇതിന് അടിമകളായ കുട്ടികളെ ഇവയിൽ നിന്നും പതിയെ മുക്തരാക്കാൻ ബാരോനസ് മാതാപിതാക്കൾക്ക് വഴികളും പറഞ്ഞു തരുന്നുണ്ട്.

കേട്ടാൽ നിസാരമെന്ന് തോന്നുമെങ്കിലും ഇത് വളരെ ഫലപ്രദമാണ്. കുട്ടികൾക്ക് ചെറിയ ചെറിയ പ്രവര്‍ത്തികള്‍ കൊടുക്കുക എന്നതാണ് അത്. വായനയും സ്പോർട്സുമാണ് അതിൽ പ്രധാനപ്പെട്ടവ. വായന ഏകാഗ്രത വര്‍ദ്ധിപ്പിക്കാൻ ഉത്തമമാണെന്ന് ബാരോനസ് പറയുന്നു. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള നൂറ് പുസ്തകങ്ങൾ എങ്കിലും അവര്‍ക്കായി കരുതണമെന്ന് ബാരോനസ് മാതാപിതാക്കളെ ഓർമിപ്പിക്കുന്നു.