കുട്ടി മിടുക്കനാകണോ? എങ്കിൽ അച്ഛൻ ഇങ്ങനെയാകണം!, Parental behaviors, Father, Successful Child, Manorama Online, Manorama Online

കുട്ടി മിടുക്കനാകണോ? എങ്കിൽ അച്ഛൻ ഇങ്ങനെയാകണം!

അച്ഛൻ കുടുംബത്തെ പോറ്റാൻ പണിയെടുക്കുന്നവനും അമ്മ കുടുംബത്തെ പരിചരിക്കേണ്ടവളും എന്നതാണ് പൊതുവായ കാഴ്ചപ്പാട്. എന്തുകൊണ്ടാണ് അച്ഛന്മാർ കുട്ടികളുടെ വളർച്ചയിലും വികാസത്തിലും വലിയ പങ്കില്ലെന്നു നാം ചിന്തിക്കുന്നത്? അച്ഛനാകുന്നത് അത്ര കൊച്ചു കാര്യമാണോ?

ശാസ്ത്രം എന്തായാലും അങ്ങനെ കരുതുന്നില്ല. കുഞ്ഞു ഭൂമിയിൽ പിറക്കുന്നതിനു മുൻപേ അമ്മയുടെ ഹൃദയത്തിൽ ജനിക്കുന്നു എന്നു പറയുന്നതുപോലെ കുഞ്ഞു ഭൂമിയിലേക്കു പിറന്നു വീഴുന്നതിനു മുൻപേ അച്ഛനും ജനിക്കണം. അതായത് ഗർഭാവസ്ഥ മുതലേ അച്ഛന്റെ റോൾ തുടങ്ങണമെന്നർഥം. ഗവേഷണങ്ങൾ പറയുന്നത് ഗർഭാവസ്ഥയിൽ ഭാര്യയെ പരിചരിക്കാൻ മടികാട്ടാത്തവർ കുഞ്ഞു പിറന്നതിനു ശേഷവും അച്ഛന്റെ റോളിൽ സൂപ്പറായിരിക്കുമെന്നാണ്. കുഞ്ഞിനൊപ്പം കളിക്കാനും ചിരിക്കാനും വൈകാരികമായ താങ്ങു വേണ്ടിടങ്ങളിൽ അതു നൽകാനും അവർക്കു കഴിയും.

അച്ഛനൊപ്പം കൊഞ്ചിക്കളിച്ചു വളർന്ന കുട്ടികൾ വൈകാരികമായി സുരക്ഷിതരായിരിക്കുമെന്നു ഗവേഷണങ്ങൾ പറയുന്നു. അവർ നല്ല ആത്മവിശ്വാസമുള്ളവരും മികച്ച സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരുമായിരിക്കും. സ്കൂൾ വിട്ടു വരുമ്പോൾ ഇന്ന് എന്താണു പഠിപ്പിച്ചതെന്നു ചോദിക്കാനും അവരുടെ ദൈനംദിന വിശേഷങ്ങൾ അറിയാനും താൽപര്യമുള്ള അച്ഛൻ വീട്ടിലുണ്ടെങ്കിൽ പഠനകാര്യങ്ങളിലും ഇവർ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അച്ഛനുമായി കുട്ടിക്കാലത്ത് നല്ല ബന്ധമുള്ള ണ്ടായിരുന്നവർക്ക് മാനസികപിരിമുറുക്കം കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കുമെന്നു ചില ഗവേഷണങ്ങള്‍ പറയുന്നു.

സംരക്ഷകനും റോൾ മോഡലും അധ്യാപകനും സുഹൃത്തുമെല്ലാം ആയി മാറാൻ അച്ഛൻമാർക്കു കഴിഞ്ഞാൽ കുട്ടികളെ പ്രതി പിന്നെ ആകുലപ്പെടേണ്ടി വരില്ല എന്നു ചുരുക്കം. കുട്ടികളുടെ വളർച്ചയിൽ സജീവമായി പങ്കുകൂടുന്ന അച്ഛന്മാർ കൗമാരക്കാരിൽ പോലും ബൗദ്ധികമായ പ്രവർത്തനങ്ങളിലും അക്കാദമിക് നേട്ടങ്ങളിലുമെല്ലാം നല്ല സ്വാധീനം ചെലുത്തുമെന്നു പഠനങ്ങൾ പറയുന്നു. കുട്ടി മിടുക്കനോ മിടുക്കിയോ ആയി വളരണമെങ്കിൽ അച്ഛൻ അൽപം കൂടി മക്കളെ ശ്രദ്ധിക്കണമെന്നു ചുരുക്കം.

Summary : Parental behaviors, Father, Successful Child