അവധിക്കാലം സ്പെഷൽ ; ഈ ടാസ്ക്കുകൾ സൂപ്പറാ...

വിഷു വരവായ്... കൈനീട്ടം, വിഷുക്കണി, വിഷു അട... അമ്മമാർക്കു തിരക്കാണെന്നറിയാം. എങ്കിലും നമ്മുടെ ടാസ്കുകൾ മുടക്കല്ലേ. കൂട്ടുകാരികളായ അമ്മമാർ ചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാൽ ഓരോ ടാസ്കിനെപ്പറ്റിയും ചർച്ച ചെയ്യാം. അതിനു പറ്റാത്തവർക്കു ഫോണിൽ ചർച്ച ചെയ്യാമല്ലോ.

1. ഹെർബേറിയം  
ചുറ്റുപാടുമുള്ള ഇലകൾ ശേഖരിച്ചാലോ..? ചില മുന്നൊരുക്കങ്ങൾ നടത്തണം. ഉണങ്ങിയ ഇലകൾ ഒട്ടിക്കാനുള്ള പേപ്പർ, ഒട്ടിക്കാനുള്ള പശ, ഉണക്കാനുള്ള പത്രക്കടലാസ് എന്നിവ കരുതണം. ഒട്ടിക്കാൻ ആൽബം വാങ്ങുകയോ ഉണ്ടാക്കിയെടുക്കുകയോ ചെയ്യാം. ശരാശരി അൻപതു രൂപയ്ക്കു നല്ല ആൽബം ലഭിക്കും. ഇലകളുടെ പേരുകൾ അമ്മ പറഞ്ഞുകൊടുക്കണം. പൂർണ ആകൃതിയുള്ളതും വൃത്തിയുള്ളതുമായ ഇലകൾ ശേഖരിക്കുക. കുറച്ചു പത്രക്കടലാസ് നല്ല നിരപ്പായ പ്രതലത്തിൽ (തറ, മേശ) വയ്ക്കുക. പേപ്പറിനടിയിൽ ഇലകൾ മുഴുവൻ അടുക്കുക. ഏറ്റവും മുകളിൽ പരന്ന പലകയോ ടൈലോ വയ്ക്കുക. അതിനു മുകളിൽ നല്ല ഭാരം കയറ്റി വയ്ക്കുക. ഒന്നോ രണ്ടോ ദിവസമിടയിട്ട് ഇലകൾ ഇളക്കി, വീണ്ടും അടുക്കണം. നനഞ്ഞ പത്രം മാറ്റണം. ഇലകൾ നല്ലതുപോലെ ഉണങ്ങുന്നതുവരെ തുടരണം. വെയിലത്തു വയ്ക്കരുത്. ഉണങ്ങിയ ഇലകൾ ആൽബത്തിലൊട്ടിക്കാം. ചെടിയുടെ പേര്, പ്രത്യേകതകൾ തുടങ്ങിയവ ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി എഴുതാം.

2. ധനകാര്യ മന്ത്രി  
നമ്മുടെ വരവും ചെലവും മക്കൾ അറിയണ്ടേ? പറഞ്ഞാൽ അവർ മനസ്സിലാക്കണമെന്നില്ല. ധനകാര്യം അവരെ തന്നെ ഏൽപിച്ചാലോ? ഇന്നു മുതൽ വരവും ചെലവും നമ്മൾ ഒരു ബുക്കിൽ എഴുതുന്നു. ഒരാഴ്ച കഴിയുമ്പോൾ വരവും ചെലവും ഒന്നു കൂട്ടിനോക്കുക. വരവും ചെലവും ചില പൊതുശീർഷകങ്ങളിൽ ആക്കാം. ഉദാ:– പാൽ, അരി, പച്ചക്കറി, പലവ്യഞ്ജനം... തുടങ്ങിയവ ഭക്ഷണം എന്ന ശീർഷകത്തിൽ ആക്കാം. ഈ മാസത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ആരംഭിക്കുന്നതിനു മുൻപ് ഒരു ബജറ്റ് ഉണ്ടാക്കണം. കണക്കെഴുതാനുള്ള ശേഷി, ചതുഷ്ക്രിയകളുടെ ധാരണ, ആസൂത്രണ മികവ്, കണക്ക് വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവ വിലയിരുത്തി അമ്മ ഡയറിയെഴുതണേ...

3. നിലവറ  
നമ്മുടെ പഴയ വീടുകളിൽ നിലവറയുണ്ടായിരുന്നല്ലേ...? വീട്ടിലെ സാധനങ്ങളെല്ലാം പഴയകാലത്തു സൂക്ഷിച്ചിരിക്കുന്നതു നിലവറയിലാണ്. ഇന്നത്തെ വീട്ടിൽ നിലവറയില്ലെങ്കിലും പഴയ പലതും കാണും. നമുക്ക് അവയൊക്കെ ഒന്നു പൊടിതട്ടിയെടുത്താലോ? കണ്ടുകിട്ടുന്ന സാധനങ്ങളുടെ ഒരു പട്ടിക തയാറാക്കാം. ഫോട്ടോകൾ, പുസ്തകങ്ങൾ, പത്രങ്ങൾ, പാത്രങ്ങൾ, ഉപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി പലതും കാണും. അവയൊക്കെ തുടച്ചു വൃത്തിയാക്കി പ്രദർശിപ്പിച്ചാലോ? ഓരോന്നിനെക്കുറിച്ചും ഒരു ലഘുവിവരണം എഴുതി ഒട്ടിക്കണേ.

4. വിത്തിടാം വിഷുവിന് 
മലയാളിയുടെ കാർഷിക ഉൽസവമാണ് വിഷു. വീടിന്റെ പാലുകാച്ചൽ, കൃഷിയാരംഭം തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമായ ദിവസം കൂടിയാണ്. ഇന്നു നമുക്കും എന്തെങ്കിലും നട്ടാലോ? കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി നടാൻ ഉദ്ദേശിക്കുന്നതു മുൻകൂട്ടി തീരുമാനിക്കണം. വേണ്ടത്ര വിത്ത് ശേഖരിച്ചു വയ്ക്കണം. നടാനുള്ള സ്ഥലം നിശ്ചയിക്കണം (ഗ്രോബാഗ് ആയാലും മതി). വിഷുദിനം രാവിലെ തന്നെ തടമെടുക്കണം. വീട്ടിലെല്ലാവരുടെയും സാന്നിധ്യത്തിൽ നടാം. ഫോട്ടോ എടുക്കണേ. ഓരോ ദിവസവും നിരീക്ഷിച്ചു വളർച്ച എഴുതണേ.

5. ഡിക്‌ഷണറി നിർമിക്കാം 
പത്രം നോക്കി സ്ഥലങ്ങൾ കണ്ടെത്തുന്നുണ്ടാവുമല്ലോ. ആ കൂട്ടത്തിൽ കാണുന്ന കുറച്ച് ഇംഗ്ലിഷ് പദങ്ങളും കൂടി എഴുതിയെടുക്കാം. നിഘണ്ടു നോക്കി അവയുടെ ഇംഗ്ലിഷ് അർഥവും മലയാളം അർഥവും കണ്ടെത്തി എഴുതുക. വാക്കുകളെ അക്ഷരമാല ക്രമത്തിലാക്കാം. ഒരു ദിവസം ഒരു പുതിയ ഇംഗ്ലിഷ് വാക്ക് കണ്ടെത്തി എഴുതി പഠിക്കണം.

6. അണ്ണാറക്കണ്ണനും തന്നാലായത്  
അവധിക്കാലത്ത് അവരവരാൽ കഴിയുന്ന ജോലികൾ മക്കൾ ചെയ്യട്ടെ. വീട്ടിലെതന്നെ ചെറിയ ജോലികൾ അവർക്കു നൽകാം. അതിനെല്ലാം പ്രതിഫലം നൽകണം. അങ്ങനെ പല വിധത്തിൽ കിട്ടുന്ന പണം അവർ ഒരു കുടുക്കയിൽ സൂക്ഷിക്കട്ടെ. വിഷുവിനു തുടങ്ങിയാലോ? മേയ് പകുതിയാകുമ്പോഴേക്കു കുടുക്ക നിറയണം. അപ്പോൾ കുടുക്ക പൊട്ടിച്ചു ബാഗോ ചെരിപ്പോ വാങ്ങാം.

7. ആശംസകൾ  
കൂട്ടുകാർക്കൊക്കെ സുഖമാണോ? ഒന്നന്വേഷിച്ചാലോ? ഒരു കത്തയയ്ക്കാം. പോസ്റ്റ് ഓഫിസിൽനിന്ന് ഒരു കാർഡ് വാങ്ങുക. എഴുതാനുള്ള വശം മനോഹരമായ ചിത്രം വരച്ച് ഒരു ആശംസാ കാർഡ് ആക്കുക. അവധിക്കാല പ്രവർത്തനങ്ങളെക്കുറിച്ചെഴുതാൻ മറക്കരുത്. കത്ത് ആർക്കു വേണമെങ്കിലും അയയ്ക്കാം. കത്തെഴുതാനുള്ള കഴിവു വിലയിരുത്തി ആത്മഡയറിയിൽ എഴുതണേ.

8. കുടിച്ചു തീർക്കാമോ?  
ഒരു ഗ്ലാസിൽ ഏതെങ്കിലും പാനീയം എടുക്കുക. രണ്ടു സ്ട്രോ എടുക്കുക. ഒരു സ്ട്രോ ഗ്ലാസിനകത്തും ഒരു സ്ട്രോ ഗ്ലാസിനു പുറത്തും വച്ചശേഷം രണ്ടു സ്ട്രോകളുടെയും മറ്റേ അറ്റം ഒന്നിച്ചു വായിൽ വച്ചശേഷം വലിക്കുക. എന്തു പറ്റി? എന്താ വെള്ളം വരാത്തത്? സാധാരണ നാം പാനീയത്തിൽ മുങ്ങിയിരിക്കുന്ന സ്ട്രോയിലൂടെ വലിക്കുമ്പോൾ അതിലെ വായു നീക്കംചെയ്യുകയും അന്തരീക്ഷമർദംമൂലം അവിടേക്കു പാനീയം കയറുകയും ചെയ്യും. രണ്ടു സ്ട്രോ ഉപയോഗിക്കുമ്പോൾ, സ്ട്രോയിലെ വായു ഇല്ലാതാകുന്നില്ല. വലിക്കുമ്പോൾ വായു വായിലേക്കു കയറുമ്പോൾ തന്നെ ഗ്ലാസിനു പുറത്തുള്ള സ്ട്രോയിലൂടെ വായു കയറിക്കൊണ്ടിരിക്കുന്നു. ശൂന്യസ്ഥലം ഉണ്ടാകാത്തതിനാൽ അന്തരീക്ഷ മർദത്തിന് ദ്രാവകത്തെ ഉയർത്താൻ കഴിയുന്നില്ല