തന്റെ ഭക്ഷണപ്പൊതി നൽകി, കഴിച്ചില്ലെങ്കിലോ എന്ന് വച്ച് വാരിക്കൊടുത്തു, മുത്താണ് ഇവൾ!

സഹജീവികളോടുള്ള അനുകമ്പയും കരുണയുമൊക്കെ എങ്ങോ പോയി മറഞ്ഞുവെന്ന് പറയുന്നവർക്കുള്ള ഉത്തരമാണീ വിഡിയോ. ഇവിടെ ഗാന്ധിയുടെ ഇ വാക്കുകൾ പ്രസക്തമാണ് "മനുഷ്യത്വത്തിലുള്ള വിശ്വാസം നഷ്ടമാകരുത്. മനുഷ്യത്വം സമുദ്രം പോലെയാണ്, അതിലെ ചില തുള്ളികൾ മലിനമാണെങ്കിലും സമുദ്രം മുഴുവൻ ഒരിക്കലും മലിനമാകില്ല". അതേ ലോകത്തെല്ലാവരും മനുഷ്യത്വമില്ലാത്തവരല്ല. നമ്മിൽ ചിലരെങ്കിലും കരുണവറ്റാത്തവരാണെന്ന് കാണിച്ചു തരുന്നതാണീ പെൺകുട്ടിയുടെ പ്രവൃത്തി.

യാദൃശ്ചികമായാണ് ജോഷ്വ അക്വയ്​ലർ എന്നയാൾ ആ പെൺകുട്ടിയുടെ പ്രവൃത്തി കാണുന്നത്. സ്കൂൾ യൂണിഫോമിലായിരുന്നു അവൾ. വഴിയരികിൽ കണ്ട ആ അനാഥമനുഷ്യന്റെ അരികിൽ ഇരുന്നുകൊണ്ട് തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതി അയാൾക്കു നൽകുകയാണ്. വെറുതെ കൊടുക്കുകമാത്രമല്ല അതയാളെക്കൊണ്ട് കഴിപ്പിക്കുകയാണവൾ. ദിവസങ്ങളോളമായിക്കാണും അയാൾ ഭക്ഷണം കഴിച്ചിട്ട്. അതിലുള്ള മാംസമോ മറ്റോ മുറിച്ച് ചെറിയ കക്ഷണങ്ങളാക്കാനും അവൾ മറന്നില്ല.

ഭക്ഷണം കഴിപ്പിക്കുന്നതിനൊപ്പം അയാളോട് വിശേഷങ്ങളും തിരക്കുന്നുണ്ടവൾ. ആരോരുമില്ലാത്തവരും മറ്റുള്ളവരുടെ സാമീപ്യവും കരുണയും അർഹിക്കുന്നുണ്ടെന്നും അത് അവൾ തന്റെ പ്രവൃത്തിത്തിയിലൂടെ തെളിയിച്ചുവെന്നും ജോഷ്വ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മനം കുളിർപ്പിച്ച ഈ കാഴ്ച പകർത്താൻ ജോഷ്വ തീരുമാനിക്കുകയായിരുന്നു. താൻ കണ്ട ഈ സത്പ്രവൃത്തി മറ്റുള്ളവർക്കും മാതൃകയാകുന്നതിനാണ് അയാൾ അത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ വിഡിയോ വൈറലായി. ആ സ്ക്കൂൾക്കുട്ടിയെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ് ആരാധകർ.

എല്ലാവർക്കും സ്വന്തം കാര്യം നോക്കാൻ തന്നെ നേരമില്ലാതായിരിക്കുന്നു. അനാഥരോടും അശരണരോടും കരുണകാണിക്കുക എന്ന വലിയ പാഠം കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കേണ്ടതാണ് എന്നൊക്ക നാമെല്ലാവരും പറയാറുണ്ട്. എന്നാലത് സ്വന്തം പ്രവൃത്തിയിലൂടെ കാണിച്ചുതന്ന ഈ പെണ്‍കുട്ടി എല്ലാവർക്കുമൊരു മാതൃകയാകട്ടെ.