സ്‌കൂൾ

സ്‌കൂൾ ഫോബിയ മറികടക്കുന്നതിനുള്ള പോംവഴികള്‍ ഇതാ...

'രാവിലെ എഴുന്നേൽപ്പിച്ച്, കുളിപ്പിച്ചൊരുക്കി അവനെ ഒന്ന് സ്‌കൂളിൽ വിടാൻ ഞാൻ പെടുന്ന പാട്..ഹോ എന്തൊരു മടിയാണ് ആ ചെക്കന്' നമ്മുടെ നാട്ടിലെ അമ്മമാരിൽ പലരും പറഞ്ഞു കേൾക്കുന്ന സ്ഥിരം പരാതിയാണിത്. എന്നാൽ എന്തുകൊണ്ടാണ് കുട്ടിക്ക് സ്‌കൂളിൽ പോകാൻ ഇത്ര മടിയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സമപ്രായക്കാരായ കൂട്ടുകാർക്കൊപ്പം സമയം ചെലവിടാൻ അവസരം ലഭിക്കുന്ന സ്‌കൂളിൽ പോകുമ്പോഴാണ് എന്നിട്ടും എന്നും മടി തന്നെ അവസ്ഥ. ഇത്തരം സ്വഭാവമുള്ള മക്കളുണ്ടെങ്കിൽ ഒന്നറിയുക, ഇത് മടിയില്ല സ്‌കൂൾ ഫോബിയയാണ്.

യാതൊരു അസുഖവുമില്ലാതെ തക്കതായ മറ്റു കാരണങ്ങളില്ലാതെ കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറാകാതിരിക്കുന്ന അവസ്‌ഥയാണ് സ്‌കൂള്‍ ഹോബിയ. വഴക്കു പറയുന്നത് കൊണ്ടോ അടിക്കുന്നത് കൊണ്ടോ കാര്യമില്ല. മറിച്ച്, സ്‌കൂളിലെ അന്തരീക്ഷം കുട്ടികള്‍ ഇഷ്‌ടപ്പെടുന്ന രീതിയില്‍ ആക്കുക എന്നതാണ്‌ ഈ അവസ്ഥ മറികടക്കുന്നതിനുള്ള പോംവഴി. അതിനായി ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാനും മടിക്കരുത്.

സ്‌കൂൾ ഫോബിയ ഉളള കുട്ടികള്‍ക്ക്‌ മാനസിക ഉല്ലാസം നല്‍കുന്ന കളികളും മറ്റും സ്‌കൂളില്‍ സംഘടിപ്പിക്കുക. അധ്യാപകരും സഹപാഠികളും കൂടുതൽ അടുപ്പത്തോടെ പെരുമാറുക. പഠനത്തോടൊപ്പം കളികളും വ്യായാമങ്ങളും കൊണ്ട് വരിക. ഏതെങ്കിലും വിഷയം പഠിക്കുന്നതിനു അമിതമായ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ അത് മറികടക്കുന്നതിനായി അധ്യാപകർ കൂടുതൽ ശ്രദ്ധ നൽകുക. സ്‌കൂൾ ഫോബിയ ഉള്ള കുട്ടികളെ അതിൽ നിന്നും പുറത്തു കൊണ്ടുവരാൻ മാതാപിതാക്കളും അധ്യാപകരും ഒരുമിച്ചു ശ്രമിക്കണം.

എന്നാൽ സ്‌കൂൾ ഫോബിയക്കൊപ്പം മറ്റു കുട്ടികളെ അകാരണമായി ഉപദ്രവിക്കുക, നിലത്തു കിടന്നു ഉരുളുക, തീ വയ്‌ക്കുക, പൈപ്പ്‌ തുറന്നു വയ്‌ക്കുക, സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയ സ്വഭാവ വൈകല്യങ്ങളുണ്ടെങ്കിൽ അതിനു കൗൺസിലിംഗ് പോലുള്ള ചികിത്സാ നടപടികൾ ആവശ്യമാണ്. മാത്രമല്ല, ഓട്ടിസം പോലുള്ള ജനിതകമായ കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക്‌ സ്കൂളില്‍ പോകാനുള്ള മടിയും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാം. ഇതിനും ഇന്ന് ചികിത്സ ലഭ്യമാണ്.

അതിനാൽ സ്‌കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുന്നു എങ്കിൽ ഉടനടി വടിയെടുക്കൽ അല്ല പരിഹാരം. എന്താണ് അവന്റെ യഥാർത്ഥ പ്രശ്നമെന്ന് മനസിലാക്കിയശേഷം മാത്രം കൂടുതൽ നിർബന്ധിക്കുക. അന്തര്‍മുഖത്വം ബാധിച്ച കുട്ടികളെ അടിക്കുന്നതും വഴക്കു പറയുന്നതും അവരുടെ അവസ്ഥ കൂടുതൽ രൂക്ഷമാക്കും.

Summary : School phobia, causes symptoms and treatment