കുഞ്ഞ് ഇസാൻ ആരായിത്തീരും, ഉത്തരം സാനിയ പറയുന്നു

െടന്നീസ് താരം സാനിയ മിർസയ്ക്കും പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും ഒരു മകൻ പിറന്നത് കഴിഞ്ഞ ഒക്ടോബർ 30 നാണ്. ‌ഇസാൻ സാനിയ മാലിക് എന്നാണ് കുഞ്ഞിന്റെ പേര്. ആവേശത്തോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചത്. എന്നാൽ കുഞ്ഞു പിറന്ന അന്നു മുതൽ ആരാധകർ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ് കുഞ്ഞ് ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരുമെന്ന്. അമ്മയെപ്പോലെ ടെന്നീസ് താരമാകുമോ അതോ അച്ഛനെപ്പോലെ ക്രിക്കറ്റ് താരമോ? അത് കാത്തിരുന്ന് കാണുകയേ നിവർത്തിയുള്ളൂ.

എന്നാൽ സാനിയ മിർസ തന്നെ അതിന് വ്യക്തമായ ഉത്തരം ഒരു വിഡിയോയിലൂടെ നൽകുന്നുണ്ട്. കുഞ്ഞ് ഇസാനെ ഗർഭിണിയായിരുക്കുമ്പോഴുള്ള സാനിയയുടെ ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വാചാലയാകുകയാണ് സാനിയ വിഡിയോയിൽ. 'കുഞ്ഞ് ആണായാലും പെണ്ണായാലും തന്‍റെ സ്വപ്നങ്ങൾക്കൊപ്പം വളരാനാണ് ഈ അമ്മ പറയുന്നത്. കുഞ്ഞിനോട് വലുതാകുമ്പോൾ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാൻ ചിലർ പറയും എന്നാൽ നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട് '– സാനിയ കുഞ്ഞിനോട് പറയുന്നു.

ഇരുവർക്കും കുഞ്ഞ് ജനിച്ച വിവരം ശുഐബ് മാലിക്കാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അതൊരു ആൺകുട്ടിയാണ്. എപ്പോഴും പോലെ എന്റെ പെൺകുട്ടിയും സുഖമായിരിക്കുന്നു. അൽഹം ദുലില്ലാഹ്.. ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി'– മാലിക് ട്വിറ്ററിൽ കുറിച്ചു.

2010 ലാണ് സാനിയയും മാലിക്കും വിവാഹിതരായത്.