'ബാബ'യുടെ മത്സരം കാണുന്ന ഇസാന്‍

പിതാവ് ശുഐബ് മാലിക്കും പാകിസ്താൻ ക്രിക്കറ്റ് ടീമും ചരിത്രനേട്ടം കുറിക്കുന്നതിന് സാക്ഷിയായി കുഞ്ഞ് ഇസാനും. 'ബാബ'യുടെ മത്സരം കാണുന്ന ഇസാന്റെ ചിത്രം സാനിയ മിർസ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

തുടർച്ചയായ പതിനൊന്ന് ടി ട്വന്റി പരമ്പര വിജയങ്ങളെന്ന അപൂർവ്വ നേട്ടമാണ് പാക് ടീം സ്വന്തമാക്കിയത്.

ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ പതിനെട്ടാം ഓവറിൽ സിക്സർ പറത്തിയ മാലിക് വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഈ മത്സരമാണ് കുഞ്ഞിസാൻ കാണുന്നതായി സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും സാനിയ പോസ്റ്റിലൂടെ പങ്കുവെക്കുന്നു. അഞ്ച് ദിവസങ്ങൾക്കുമുൻപാണ് സാനിയക്കും ശുഐബിനും കുഞ്ഞ് പിറന്നത്. ഇസാൻ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

നേരത്തെ റെയിൻബോ ആശുപത്രിയിൽ നിന്ന് സാനിയയും കുഞ്ഞും പുറത്തേക്കുവരുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാനിയയുടെ പുതിയ പോസ്റ്റും വൈറലായിരിക്കുകയാണ്.