ബാപ്പ കപ്പടിച്ചു, മകള്‍ പന്തടിച്ചു, ലോകം കയ്യടിച്ചു, വിഡിയോ

കളിക്കളത്തില്‍ അച്ഛനും ഗാലറിയില്‍ കുഞ്ഞുമകളും. ആരാധകര്‍ക്ക് ഇതില്‍പരം ഒരു കോമ്പിനേഷന്‍ കിട്ടാനില്ല. ധോണിക്കൊപ്പം ചുരുങ്ങിയ സമയം കൊണ്ട് ആരാധരുടെ ഇഷ്ടപാത്രമായി മാറിയിരുന്നു സിവ. സിവയുടെ കുസൃതികളും ഗാലറിയില്‍ അവളുടെ വികൃതികളും കളിക്കളത്തിലെ അച്ഛന്റെ പ്രകടനത്തെ പോലെ ആരാധകര്‍ ഇഷ്ടപെടാറുണ്ട്. ഇപ്പോഴിതാ മറ്റൊരു താരവും മകളും ലോകത്തിന്റെ മനം കവരുകയാണ്.

മുഹമ്മദ് സലാഹ് എന്ന ഈജിപ്ഷ്യന്‍ താരമാണ് ഇപ്പോള്‍ ലിവര്‍പൂളിന്റെ താരം. ഗോള്‍വേട്ടക്കാരില്‍ കുതിക്കുന്ന സലാഹിനെ ഇഷ്ടപെടാന്‍ മറ്റൊരു കാരണം കൂടിയായി ആരാധകര്‍ക്ക്. പ്രീമിയര്‍ ലീഗില്‍ 32 ഗോളുകള്‍ നേടി പുതിയ റെക്കോഡിട്ട സലാഹ് തന്നെയാണ് ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായത്. സമ്മാനദാന ചടങ്ങിനിടയില്‍ സലാഹിന്റെ മകള്‍ ഗ്രൗണ്ടിലെത്തിയതാണ് ആരാധകരെ കൂടുതല്‍ രസിപ്പിച്ചത്

നാലുവയസുകാരിയായ മക്ക മുഹമ്മദ് സലാഹ് എന്ന കുസൃതിക്കാരി സ്റ്റേഡിയത്തിലെ ആരാധകരെ കുറച്ചുനേരം കൊണ്ട് കയ്യിലെടുത്തു. മൈതാനത്ത് സലാഹ് പുരസ്‌ക്കാരം വാങ്ങുന്നതൊന്നും കൂടിയിരുന്ന കാണികള്‍ ശ്രദ്ധിക്കാതെയായി. എല്ലാ കണ്ണുകളും ആ കുഞ്ഞുമക്കയിലേക്ക്. അവള്‍ മൈതാനത്ത് അച്ഛനെ പോലെ പന്തു തട്ടി കളി തുടങ്ങി. ഇത് കണ്ട് നിന്ന ഇരുടീമിന്റെയും ആരാധകര്‍ നിറഞ്ഞ കയ്യടി.

അവാര്‍ഡ് സ്വീകരിച്ച സലാഹ് എത്തിയപ്പോഴേക്കും മകള്‍ രംഗം കീഴടക്കിയിരുന്നു. ഇത് കണ്ട് ചിരിച്ച് മകളുടെ അടുത്തേക്കെത്തിയ സലാഹ് അവള്‍ തട്ടിക്കൊണ്ടിരുന്ന പന്ത് പിടിച്ചുവാങ്ങി. അപ്പോഴിതാ ഗാലറി മുഴുവനും സാലാഹിനെ നന്നായി കൂവി വരവേറ്റു. ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്റെ കുസൃതിക്കുട്ടിയായിരിക്കുകയാണ് മക്ക.