ചങ്ങാത്തം ചിറകണിഞ്ഞു; സ്നേഹച്ചൂടേറ്റ് സഫ്‍വാൻ

രാജേഷ് നോയൽ


മുന്നിലെ ഡെസ്കിൽ സഫ്‍വാൻ ഒന്നുമുട്ടിയാൽ മതി, സ്നേഹച്ചിറകുകളുമായി അവർ പറന്നെത്തും. നക്ഷത്രങ്ങളിലേക്ക് കയ്യെത്താനുള്ള ഓരോ പടിയും അവനുവേണ്ടി അവർ ചവിട്ടും, പരാതിയേതുമില്ലാതെ. കാഞ്ഞങ്ങാട് ഇക്ബാൽ എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഫ്‍വാൻ വിദ്യാലയവും പരിസരവും കാണുന്നത് കൂട്ടുകാരുടെ കൈകളിലിരുന്നാണ്. പഠിപ്പിക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതും ടോയ‍്‍ലറ്റിൽ എടുത്തുകൊണ്ടുപോകുന്നതും സഹപാഠികൾ തന്നെ. കഴിഞ്ഞ പതിനൊന്നു വർഷവും ഭൂമിയിൽ നിവർന്നുനിൽക്കാൻ സാധിക്കാത്തതിലുള്ള സങ്കടം അവൻ മറക്കുന്നത് അവരൊപ്പമുള്ളപ്പോൾ മാത്രം. ഉച്ചയ്ക്കുള്ള ഭക്ഷണം ഓരോ ദിവസവും ഓരോ കൂട്ടുകാർ കൊണ്ടുവരും. വീട്ടിൽ വീൽച്ചെയർ ഉണ്ടെങ്കിലും സ്കൂളിലെത്തിയാൽ സഫ്‍വാൻ തന്നെ പറയും, ‘‘എനിക്കതു വേണ്ട, ഇവരുണ്ടല്ലോ... ’’.

കാഞ്ഞങ്ങാട് അതിഞ്ഞാൽ ചോരിവയൽ വീട്ടിൽ അബ്ദുൽ സലാമിന്റെയും സമീറയുടെയും മകനാണ് സഫ്‍വാൻ. ജനിച്ചപ്പോൾ മുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന അവന് ഒരുവയസ്സോടടുത്തപ്പോൾ ചലനശേഷി പൂർണമായി നഷ്ടപ്പെട്ടു. കൂലിപ്പണിയെടുത്തും ഉള്ളതെല്ലാം വിറ്റും അബ്ദുൽ സലാം സഫ്‍വാനെ ചികിത്സിച്ചു. ലക്ഷക്കണക്കിനു രൂപ ചെലവായി. മൂന്നുസെന്റിലെ വീട് പണയത്തിലാണ്. ടൈൽസ് മുറിക്കുന്ന യന്ത്രം കാലിൽ വീണു പരുക്കേറ്റതു മുതൽ കൃത്യമായി ജോലിക്കു പോകാനും കഴിയുന്നില്ല. സഫ്‍വാനു താഴെ രണ്ടു മക്കൾ കൂടിയുണ്ട് ഇവർക്ക്. എങ്കിലും മകന്റെ സ്വപ്നങ്ങൾക്കു കൂട്ടുകാർ കരുത്താകുന്ന സന്തോഷം കുടുംബത്തെ മുന്നോട്ടു നയിക്കുന്നു.

പഠിക്കാനും കാഴ്ചകൾ കാണാനും ഏറെ ഇഷ്ടമാണ് സഫ്‍വാന്. സ്കൂളിൽ എന്തു പരിപാടിയുണ്ടായാലും ആവേശത്തോടെ പങ്കെടുക്കും. അധ്യാപകർക്കും പ്രിയപ്പെട്ടവൻ. ദേശീയഗാനം മുഴങ്ങുമ്പോഴും പ്രാർഥനാസമയത്തും സഫ്‍വാൻ എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുന്നതു കരച്ചിലടക്കിയേ കാണാൻ കഴിയൂ. അസുഖങ്ങൾ നിരന്തരം പിന്തുടരുന്നതിനാൽ ഒട്ടെറെ ദിവസങ്ങളിൽ സ്കൂളിലെത്താൻ കഴിഞ്ഞില്ല. പരസഹായമില്ലാതെ നിൽക്കാനോ നടക്കാനോ കഴിയണമെങ്കിൽ ഇനിയും ലക്ഷക്കണക്കിനു രൂപയുടെ ചികിത്സ വേണ്ടിവരും. എങ്കിലും ചങ്ങാത്തം എന്ന പരീക്ഷയിൽ തെറ്റുകൾ വരുത്താത്ത കൂട്ടുകാർ ഉള്ളിടത്തോളം സഫ്‍വാൻ പറന്നുകൊണ്ടേയിരിക്കും, നിറയെ സ്വപ്നങ്ങളുമായി.