ദീപാവലി ആഘോഷിക്കാം ...മുന്‍കരുതലോടെ !

മഞ്ജു പിഎം

ചുറ്റുമുള്ള വീടുകളും നിരത്തുകളും എല്ലാം വിവിധ ആകൃതിയിലും നിറങ്ങളിലും ഉള്ള പ്രകാശത്താല്‍ പൂരിതമാകുന്ന ദീപാവലി എത്തികഴിഞ്ഞു. പ്രകാശത്തിന്റെ ഏറ്റവും വലിയ ആഘോഷം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വൈവിധ്യമാര്‍ന്ന മധുര പലഹാരങ്ങള്‍ പങ്കുവെക്കാനുള്ള നിമിഷങ്ങള്‍. പ്രായഭേദമെന്യേ വിളക്കുകള്‍ തെളിയിച്ചും പലവിധ കൗതുകങ്ങള്‍ നിരത്തുന്ന പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുമ്പോഴും കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ചില മുന്‍കരുതലുകള്‍ തീര്‍ച്ചയായും എടുക്കണം.

ദീപാവലിക്കാലത്ത് ഉണ്ടാകാനിടയുള്ള അലര്‍ജികള്‍‍


1. സള്‍ഫര്‍ മൂലം ഉണ്ടാകുന്ന ശ്വാസംമുട്ടല്

പടക്കങ്ങളും മറ്റും കത്തിയെരിയുമ്പോള്‍ സള്‍ഫര്‍ ഡയോക്സൈഡ് ആണ് പുറത്തേക്ക് വമിക്കുന്നത്. ശ്വസനത്തിലൂടെ ശ്വാസകോശത്തിനു പലവിധ തകരാറുകള്‍ വരുത്താന്‍ സള്‍ഫറിനു കഴിയും. ശ്വാസംമുട്ടല്‍, ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു അസുഖങ്ങള്‍ എല്ലാം കൂടുതലായി ഉണ്ടാകുന്നത് ദീപാവലി സമയത്താണ്.

2. ദോഷ ഫലങ്ങള്‍ ഉണ്ടാക്കുന്ന നൈട്രജന്‍

പടക്കങ്ങള്‍, കമ്പിത്തിരി, ചക്രങ്ങള്‍, മത്താപ്പൂ തുടങ്ങി ദീപാവലി ആഘോഷിക്കാന്‍ കത്തിക്കുന്ന ഏത് വസ്തുവില്‍ നിന്നും നൈട്രജന്‍ പുറത്തേക്ക് വരുന്നുണ്ട്. ത്വക്കില്‍ ചൊറിച്ചില്‍, കണ്ണിനു അലര്‍ജി, ശ്വാസോച്ഛ്വാസം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ നൈട്രജന് സാധിക്കും.

3. ശ്വസനം ബുദ്ധിമുട്ടിലാക്കുന്ന ലെഡ്

സ്ഫോടക വസ്തുക്കളില്‍ ലെഡും കാഡ്മിയവും ഉയര്‍ന്ന അളവില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ആസ്ത്മയുള്ള കുട്ടികള്‍ക്ക് ഇത് പെട്ടെന്ന് ബാധിക്കുകയും അവരുടെ ശ്വസന വ്യവസ്ഥയെ അപകടകരമായ വിധത്തില്‍ ബാധിക്കുകയും ചെയ്യും.

4 . പൊടിയുടെ അലര്‍ജി

ദീപാവലി ആഘോഷത്തെ തുടര്‍ന്നുള്ള രണ്ടോ മൂന്നോ ദിവസങ്ങളില്‍ അന്തരീക്ഷത്തില്‍ പൊടിയുടെ അളവ് വളരെ കൂടുതല്‍ ആയിരിക്കും. പൊടി അലര്‍ജിയുള്ളവര്‍ക്ക്, അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ധൂമ കണങ്ങള്‍ മൂലം ഹൃദയത്തിനും ശ്വാസകോശത്തിനും ദോഷകരമായി ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

5. കരിപ്പുക ഉണ്ടാക്കുന്ന ശ്വസന പ്രശ്നങ്ങള്‍സ്ഫോടക വസ്തുക്കളെ കത്തിയെരിയിച്ചു കൊണ്ടുള്ള ദീപാവലി ആഘോഷങ്ങളിലൂടെ ഉണ്ടാകുന്ന പൊടിയും പുകയും, ശ്വാസം മുട്ടല്‍, ശ്വാസകോശ സംബന്ധമായ മറ്റു അസുഖങ്ങള്‍, നാഡീ വൃണങ്ങള്‍ എന്നിവ ഉണ്ടാകുന്നതിനു കാരണമാകുന്നു.

നമുക്കെന്ത് ചെയ്യാനാകും?
വര്‍ഷങ്ങളോളം നമ്മളെ പിന്തുടരുന്ന നിരവധി അസുഖങ്ങള്‍ക്ക് കാരണമാകാന്‍ പടക്കം പോലുള്ള സ്ഫോടകവസ്തുക്കളില്‍ നിന്നും ബഹീര്‍വമിക്കുന്ന പുകപടലങ്ങള്‍ക്ക് സാധിക്കും എന്ന കാര്യം മനസിലാക്കുക. പുക ഉയരുന്നതിനടുത്തു നിന്നും അകലം പാലിക്കാനും മൂക്കും വായും പൊത്തിപിടിക്കാനും കുട്ടികളോട് നിർദേശിക്കണം. കുട്ടികള്‍ക്ക് വേണ്ടി നമുക്ക് സ്വീകരിക്കാവുന്ന മറ്റ് മുന്‍കരുതലുകള്‍;

1. ലൈസന്‍സ് ഉള്ള പടക്ക വില്പനക്കാരില്‍ നിന്നും മാത്രം സാധനങ്ങള്‍ വാങ്ങിക്കുക.

2. ഓരോ വസ്തുക്കളും തീ കൊടുക്കും മുന്‍പ്, എങ്ങനെ ഉപയോഗിക്കണം എന്നതിനെകുറിച്ച് അതാത് ബോക്സിനു പുറത്തു എഴുതിയിട്ടുള്ള നിർദേശങ്ങള്‍ വായിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.

3. പടക്കങ്ങള്‍ക്ക് തീ കൊളുത്താന്‍ ഉപയോഗിച്ചിരിക്കുന്ന വിളക്കുകള്‍ക്ക് അരികില്‍ മറ്റെല്ലാ സ്ഫോടക വസ്തുക്കളും വയ്ക്കാതിരിക്കുക. ഒരു തീ പൊരി വീണാല്‍ എല്ലാം നൊടിയിടയില്‍ സ്ഫോടനത്തോടെ കത്തുകയും വലിയ ആളപായങ്ങള്‍ വരെ ഉണ്ടാവുകയും ചെയ്യും.

4. വീട്ടിലെ കൈക്കുഞ്ഞുങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവ സ്ഫോടന ശബ്ദങ്ങള്‍ കേട്ട് പേടിക്കും, അതിനാല്‍ ആഘോഷവേളയില്‍ അവയെ വലിയ ശബ്ദം എത്താത്ത ഇടങ്ങളിലേക്ക് മാറ്റുക.

5. തീ കൊളുത്തുമ്പോള്‍ ആകാശത്തേക്ക് പറന്നു പോകുന്ന ലൈറ്റിംഗ് റോക്കറ്റുകള്‍ ഒക്കെ എവിടെ നിന്നെങ്കിലും നിങ്ങളുടെ അടുത്തേക്ക് വന്നു വീഴാന്‍ സാധ്യതയുള്ളതിനാല്‍, ആഘോഷവേളകളെ കണ്ടാസ്വദിക്കാന്‍ ബാല്‍ക്കണികളില്‍ നില്‍ക്കാതിരിക്കുക. സ്ഫോടക വസ്തുക്കള്‍ക്ക് തീ കൊളുത്താനും ആഘോഷങ്ങള്‍ കണ്ട് ആസ്വദിക്കാനും സുരക്ഷിതസ്ഥാനം ഒഴിഞ്ഞ പ്രദേശങ്ങളാണ്.

6. തീ കൊണ്ടുള്ള ആഘോഷം തുടങ്ങുമ്പോള്‍ ഒരു ബക്കറ്റ് വെള്ളം കൂടി അടുത്തു വയ്ക്കുന്നത് നല്ലതാണ്. പൊള്ളലോ മറ്റോ ഉണ്ടായാല്‍ ഉടനെ പൊള്ളലുണ്ടായ ഭാഗത്ത് വെള്ളം നന്നായി ഒഴിച്ച് കൊടുക്കുക.

7. കുട്ടികള്‍ക്ക് സ്ഫോടക വസ്തുക്കള്‍ കൊണ്ടുള്ള ആഘോഷവേളയില്‍ കാല്‍പാദം മൂടുന്ന തരം ചെരുപ്പുകളും മാസ്ക്കും ഇടീച്ചു കൊടുക്കുന്നതും നല്ലതാണ്.

പുകപടലങ്ങള്‍ ശ്വാസത്തിലൂടെ അകത്തു കയറുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി, പ്രതിരോധശേഷിക്കായി പ്രകൃതിദത്തമായ ഔഷധം ഉണ്ടാക്കി നല്‍കാം.ഒരു പിടി തുളസിയില, ആറോ എട്ടോ ഗ്രാമ്പൂ, അരകഷണം ഇഞ്ചി, രണ്ടോ മൂന്നോ ഏലക്കായ, അരകഷണം കറുവാപട്ട, എട്ടോ പത്തോ കുരുമുളക്, ഒരു സ്പൂണ്‍ ജീരകം, രണ്ടിഞ്ച് വലുപ്പത്തില്‍ ശര്‍ക്കര കഷണം എന്നിവ രണ്ടു ഗ്ലാസ്‌ വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. ഇതിനെ വറ്റിച്ചു ഒരു ഗ്ലാസ്‌ ആക്കുക. ചെറുചൂടോടെ ഈ പാനീയം മൂന്നു ദിവസം കുടിക്കുക. പൊടിയും പുകയും ചെന്ന് കുട്ടികളുടെ തൊണ്ടക്കും മൂക്കിനും മറ്റും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാന്‍ ഈ ഔഷധത്തിന് സാധിക്കും.

ദീപങ്ങളും മധുരങ്ങളും കൊണ്ട് തന്നെയാണ് ദീപാവലി ആഘോഷിക്കേണ്ടത്. ആഘോഷങ്ങള്‍ അല്പം ആരോഗ്യ സുരക്ഷാ കരുതലുകളോടെ ആകട്ടെ. അങ്ങനെ ദീപാവലി ആഘോഷങ്ങള്‍ നല്ല ഓര്‍മ്മകള്‍ മാത്രം നിങ്ങള്‍ക്ക് സമ്മാനിക്കട്ടെ.