വയസ്സ് എട്ട്, ജോലി സി ഇ ഒ; റയാനെ കണ്ടു പഠിക്കണം!

മൂന്നര വയസുള്ള ഒരു ബാലൻ, അവന്റെ കാഴ്ചകളിൽ കളിപ്പാട്ടങ്ങളെക്കാൾ കടന്നു കയറിയത് ആളുകൾ ഉപയോഗശേഷം റോഡരികിൽ ഉപേക്ഷിച്ചുപോയ തകരത്തിലും പ്ലാസ്റ്റിക്കിലും തീർത്ത നിരവധി കുപ്പികളും ക്യാനുകളുമായിരുന്നു. മൂന്നു വയസ്സുള്ളപ്പോഴാണ് റയാൻ തന്റെ അച്ഛനൊപ്പം ഓറഞ്ച് കൗണ്ടിയിലെ ഒരു റീസൈക്ലിങ് സ്ഥാപനം സന്ദർശിക്കുന്നത്. ആ കാഴ്ചകളുടെ അവസാനം റയാൻ ഒരു തീരുമാനമെടുത്തു. താനും നാളെ മുതൽ ഇത്തരത്തിൽ ഒരു റീസൈക്ലിങ് സ്ഥാപനം തുടങ്ങുന്നു. പിറ്റേന്ന് പുലർച്ചെ അത്തരത്തിലൊരു പ്രഖ്യാപനവുമായാണ് റയാൻ ഉറക്കമുണർന്നത്. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിൽ റയാനു ലഭിച്ചു.

കാലിഫോർണിയയിലെ യാത്രയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട തകര, പ്ലാസ്റ്റിക് പാത്രങ്ങൾ പെറുക്കിയും അയൽക്കാരിൽ നിന്നും ശേഖരിച്ചും ആ ബാലൻ തന്റെ ബിസിനസ് ആരംഭിച്ചു. ഇന്ന് ആ കുട്ടി, റയാൻ റീസൈക്ലിങ് കമ്പനിയുടെ സി ഇ ഒ യും മാനേജരും തൊഴിലാളിയുമാണ്. അമ്പതു ഉപഭോക്താക്കളുണ്ട് ഇന്ന് റയാന്. ഉപയോഗശൂന്യമായ രണ്ടു ലക്ഷത്തോളം പ്ലാസ്റ്റിക്, തകര കുപ്പികൾ റീസൈക്ലിങ് ചെയ്തു കഴിഞ്ഞു. സ്വന്തം കമ്പനിയിലൂടെ 21000 ഡോളർ സമ്പാദിച്ചു. ആ പണംകൊണ്ട് ഒരു ട്രക്ക് വാങ്ങണമെന്ന ആഗ്രഹത്തിലാണ് റയാൻ ഇപ്പോൾ. കുഞ്ഞുവയസ്സിലെ നേട്ടങ്ങളും കണ്ണുതുറന്നു കാണേണ്ട പ്രവർത്തികളും ഇവിടെയൊന്നും തീരുന്നില്ല. റയാന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം പസിഫിക് മറൈൻ മാമ്മൽ സെന്റർ ആണ്. അവിടുത്തെ നീർനായകളെ കാണാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ആ ഏഴുവയസ്സുകാരൻ അവയുടെ ഭക്ഷണത്തിനും മരുന്നിനുമായി 3700 ഡോളർ സംഭാവന നൽകി കഴിഞ്ഞു.

കടലിൽ എത്തിച്ചേരുന്ന പ്ലാസ്റ്റിക്, തകര കുപ്പികളും ക്യാനുകളും പ്രകൃതിക്ക് ഏൽപ്പിക്കുന്ന ക്ഷതത്തിന്റെ തീവ്രത കുറയ്ക്കുക എന്നൊരു വലിയ ലക്ഷ്യം കൂടി റയാന്റെ ഈ പ്രവർത്തിക്ക് പിന്നിലുണ്ട്. ചെറുപ്രായത്തിൽ തന്നെ റയാന്റെ പ്രവർത്തികളുടെ മാഹാത്മ്യമറിഞ്ഞ് നിരവധി പുരസ്‌ക്കാരങ്ങൾ ഈ ബാലനെ തേടി എത്തിക്കഴിഞ്ഞു. അതിൽ 2017 ലെ സി എൻ എന്നിന്റെ യങ് വണ്ടർ പുരസ്കാരവും ഉണ്ട്.

പ്രായമല്ല മഹത്തരമായ പ്രവർത്തിയുടെ അടിസ്ഥാനമെന്നു അടിവരയിടുന്നൊരു ജീവിതമാണ് റയാൻ ഹിക്ക്മാന്റേത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്നെതിനു വലിയൊരു ഉത്തരം നൽകുന്നുണ്ട് ഈ ബാലൻ, മാത്രമല്ല തൊഴിലെടുക്കുന്നതിന്റെ മഹത്വത്തെ ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു.

<