രാജകീയവിവാഹത്തിലെ താരമായി ഷാര്‍ലറ്റും ജോര്‍ജും

വിവാഹചടങ്ങുകളില്‍ വധുവരന്‍മാര്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാവരുടെയും ശ്രദ്ധ നേടുന്നത് കുഞ്ഞുങ്ങളായിരിക്കും. അത് രാജകീയവിവാഹമാണെങ്കിലും അങ്ങനെ തന്നെ. ഇന്നലെ നടന്ന ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹത്തിലുമുണ്ടായിരുന്നു ഇങ്ങനെ രണ്ട് ഇളമുറക്കാര്‍. വില്യത്തിന്റെയും കേയ്റ്റിന്റെയും മക്കളായ ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയുമായിരുന്നു ഈ താരങ്ങള്‍.

എല്ലാവരെയും നോക്കി ചിരിച്ച് കൈവീശി കാട്ടി ഷാര്‍ലറ്റ് പതിവ് പോലെ താരങ്ങളില്‍ താരമായി.പക്ഷേ ജോര്‍ജ് നേരെ വിപരീതമാണ്. ആരെയും ഗൗനിക്കാതെ കുസൃതികള്‍ ഒന്നും കാട്ടാതെ ജോര്‍ജ് രാജകുമാരന്‍ ഗൗരവക്കാരനായി പിതാവിന്റെ പിന്നില്‍ നടന്നു.

ഷാര്‍ലറ്റ് രാജകുമാരി മാധ്യമങ്ങളെ കയ്യിലെടുക്കാന്‍ മിടുക്കിയാണ്. നന്നായി ചിരിച്ച് കൈവീശി കാണിച്ച് കുസൃതിയോടെ ഷാര്‍ലറ്റ് എല്ലായിടത്തും നിറയാറുണ്ട്.

മനോഹരമായ ഫ്രോക്ക് ധരിച്ച് തലയില്‍ പൂക്കള്‍ കെണ്ടുള്ള കിരീടവും വച്ചാണ് ഷാര്‍ലറ്റ് രാജകുമാരി വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വിവാഹശേഷം ഹാരിയും മേഗനും ചാപ്പല്‍ വിട്ടിറങ്ങുമ്പോള്‍ വശ്യമായി പു‍ഞ്ചിരിച്ച് ഷാര്‍ലറ്റും ഒപ്പമുണ്ടായിരുന്നു.