അകാരണമായ ദേഷ്യം, കരച്ചിൽ, ഒരമ്മയുടെ കുറിപ്പ് വൈറൽ!

പ്രസവാനന്തരം പലതരം ശാരീരിക മാനസിക വ്യതിയാനങ്ങളിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നത്. ആ സമയത്ത് കുഞ്ഞിന് കിട്ടുന്ന അതേ പരിഗണന അമ്മയ്ക്കും അത്യാവശ്യമാണ്. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളും പുതിയ ഉത്തരവാദിത്തവും സ്ത്രീയെ ശാരീരികമായി തളർത്തുന്നതിനോടൊപ്പം മാനസികമായും തളർത്തും.

പോസ്റ്റ്‌പാർട്ടം ബേബി ബ്ലൂസ് എന്ന വാഷാദാവസ്ഥയിലേക്ക് ഇത് പുതുതായി അമ്മമാരായവരെ എത്തിക്കാൻ സാധ്യതയുണ്ട്. ഈ വിഷയത്തെക്കുറിച്ച് രേഷ്മ മാത്യു എന്ന അമ്മ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

കുറിപ്പിങ്ങനെ:

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ സമയം ഏതെന്നു ചോദിച്ചാൽ തന്റെ പൊന്നോമനയുടെ മുഖം ആദ്യമായി കണ്ട നിമിഷം എന്നാകും നല്ല ഒരു ശതമാനം അമ്മമാരുടെയും ഉത്തരം. ഏറ്റവും വിഷമകരമായ സമയം ഏതു എന്ന ചോദ്യത്തിനുള്ള ഉത്തരം പ്രസവാനന്തര നാളുകൾ എന്നുമാകാം. ജീവിതത്തിനു പുതിയ അർത്ഥവും സന്തോഷവും കൈവരിക്കേണ്ട സമയം ചിലപ്പോൾ എങ്കിലും അമ്മമാരുടെ ജീവിതത്തിൽ വിപരീത ഫലം ആകാം ഉണ്ടാക്കുന്നത്.

ഒരു ഒന്നര വയസ്സുകാരിയുടെ അമ്മ എന്ന നിലയിലും പല പുതിയ അമ്മമാരുടെയും സുഹൃത്ത് എന്ന നിലയിലും ഞാൻ അറിഞ്ഞ കുറച്ചു കാര്യങ്ങൾ ഷെയർ ചെയ്യാം എന്ന് കരുതി..

Post Partum Baby Blues

പല അമ്മമാരും അനുഭവിക്കുന്ന, എന്നാൽ മനസ്സിലാക്കാതെ പോകുന്ന അവസ്ഥ. ക്ഷീണം, ഉറക്കമില്ലായ്മ, കുഞ്ഞിനെ കുറിച്ചുള്ള ആകുലതകൾ, അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് ഉണ്ടാകാവുന്ന മാനസികാവസ്ഥ.. Depressionലേക്കു പോലും ഒരു അമ്മയെ തള്ളി ഇടുവാൻ ഇവയ്ക്കു സാധിക്കും എന്നതാണ് വസ്തുത. കുറച്ചു പേരെങ്കിലും കരുതുന്നുണ്ടാകും ഇതൊന്നും പണ്ടു കാലത്തെ സ്ത്രീകൾ പറഞ്ഞു കേട്ടിട്ടില്ലല്ലോ, ഇന്നത്തെ തലമുറയുടെ പ്രശ്നമാകാം എന്ന്. അന്നൊക്കെ സഹായത്തിനു ആളുകൾ അനവധി ഉണ്ടായിരുന്നു എന്ന കാരണം പ്രശ്നങ്ങൾ സങ്കീർണമാകാതെ കാത്തുകാണാം..

പ്രസവാനന്തരം ഒരു സ്ത്രീ ശാരീരികവും മാനസികവുമായി ഉടച്ചു വാർക്കപെട്ട ഒരു ശിൽപ്പം കണക്കെ ആണ്. പക്ഷെ പ്രസവത്തിന്റെ ക്ഷീണാവസ്ഥകളിൽ നിന്നും അവൾ ഉണർന്നു എണീൽക്കുന്നത് ഒരു ഓട്ടപാച്ചിലിലേക്കാണ്. രണ്ട് മണിക്കൂർ കൂടുമ്പോൾ പാലു കുടിക്കാൻ തയാറായി ഒരു കുട്ടി, ആ കുഞ്ഞിന്റെ കരച്ചിലുകൾക്കിടയിൽ ഉറക്കമില്ലാത്ത രാപകലുകൾ. പ്രസവരക്ഷ എന്ന പേരിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ. ഒൻപതു മാസത്തെ ഗർഭകാലത്തിന്റെയും പ്രസവത്തിന്റെയും ക്ഷീണത്തിൽ നിന്നു വർഷങ്ങൾ നീണ്ടു നിൽക്കുന്ന പരീക്ഷണ ഘട്ടത്തിലേക്കു മൂക്കും കുത്തി ഉള്ള വീഴ്ച.. അമ്മയാകാൻ മാനസികമായി എത്ര തയാറെടുപ്പ് നടത്തിയ സ്ത്രീ ആണെങ്കിലും പതറി പോകുന്ന അവസ്ഥ..!!!

നാലാം മാസം കുഞ്ഞിനേയും കൊണ്ട് ഞാൻ ദുബായിൽ എത്തി..രാവിലെ 8 a.m ജോലിക്കു പോകുന്ന ഭർത്താവ് തിരികെ എത്തുമ്പോൾ സമയം 8:30p.m. ഈ നേരമൊക്കെയും കുഞ്ഞിനെ ഒന്ന് കൈമാറി എടുക്കാൻ കൂടി ആളില്ലാതെ, അവൾക്കൊപ്പം ഉണ്ടാകണം. അവളുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം. കുഞ്ഞു ഉറങ്ങുന്ന സമയം ഭക്ഷണം എന്തെങ്കിലും തട്ടികൂട്ടണം. രാത്രി ഒരു മണിക്കൂർ ഉറങ്ങിയാൽ രണ്ടു മണിക്കൂർ കളിക്കുന്ന കുഞ്ഞു!! അവൾക്കു ഒരു വയസ്സ് ആകും വരെ ഉറക്കം എനിക്ക് വിലക്കപെട്ട കനി തന്നെ ആയിരുന്നു. രാവിലെ വണ്ടി ഓടിച്ചു ജോലിക്കു പോകേണ്ട ഭർത്താവിന്റെ ഉറക്കം കളയുന്നത് റിസ്ക് ആണെന്നു അറിയുന്നത് കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു... ഉറങ്ങാതെ, സന്തോഷമില്ലാതെ, സ്വയം പഴിച്ചു, ഞാൻ ഒരു നല്ല അമ്മ അല്ല എന്ന് കരുതി എത്രയോ വട്ടം കരഞ്ഞു മനസ്സിന്റെ ഭാരം ഇറക്കി!! ഭർത്താവിനെ കാണുമ്പോൾ തന്നെ ചിലപ്പോൾ ദേഷ്യം, സങ്കടം, അങ്ങനെ എന്‍റെ ഇമോഷൻസിൽ എനിക്ക് നിയന്ത്രണം നഷ്ടമാകാൻ തുടങ്ങി.

അതിന്റെ തീവ്രതയും , frequency യും കൂടി വന്നു. എന്‍റെ അവസ്ഥ എന്താണെന്നു എനിക്ക് മനസ്സിലാക്കാൻ സാധിച്ചു എന്നത് എൻറെ വിജയം, അതു ശരിയായ രീതിയിൽ absorb ചെയ്യാൻ സാധിച്ചു എന്നത് എന്‍റെ ഭർത്താവിന്റെ വിജയം.. എന്‍റെ മൂഡ് സ്വിങ്സ്, ദേഷ്യം ഒക്കെയും അഹങ്കാരത്തിന്റെ ഭാഗം എന്ന് കരുതി പോരിന് വരാതെ അദ്ദേഹം എന്നെ ചേർത്തു പിടിച്ചു... ഒന്നിനും കൊള്ളാത്തവൾ അല്ല എന്നും എന്തിനും പ്രാപ്തയായ ഒരു അമ്മയാണ് ഞാൻ എന്നും എനിക്ക് മനസ്സിലാക്കി തന്നു.. Cesarean സമ്മാനമായി തന്ന നടുവേദന കാര്യങ്ങൾ വഷലാക്കാൻ തുടങ്ങിയപ്പോൾ ഞാൻ സഹായം തേടാൻ തീരുമാനിച്ചു. അടുക്കളയിൽ സഹായത്തിനു ഒരു സ്ത്രീ!! ജോലി ഭാരം കുറഞ്ഞപ്പോൾ, കാര്യങ്ങൾ മനസ്സിലാക്കി നല്ലപാതി കൂടെ നിന്നപ്പോൾ എന്‍റെ പ്രശ്നങ്ങൾ കുറഞ്ഞു. നിങ്ങളുടെ വീട്ടിലെ സ്ത്രീകളും ഇതൊക്കെ നേരിടുന്നുണ്ടാകാം. കണ്ണ് തുറന്നു നോക്കൂ. അവളെ depressionലേക്കു തള്ളി വിടാതെ കൈ പിടിച്ചു കയറ്റൂ...സഹായിക്കൂ.

പുതിയ അമ്മമാരോട് പറയാൻ ഒന്ന് മാത്രം... നമ്മൾ സൂപ്പർ moms അല്ല, കുറവുകളും, കുറ്റങ്ങളും ഉണ്ടാകാം...അംഗീകരിക്കൂ... ആവശ്യമെങ്കിൽ സഹായം സ്വീകരിക്കൂ... ലജ്ജിക്കേണ്ട കാര്യമില്ല അതിൽ. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി കുറച്ചു സമയം എങ്ങിനെ എങ്കിലും കണ്ടെത്തൂ. മനസ്സ് തരിശാക്കി ഇടാതെ ഇരിക്കൂ. ആവശ്യമെങ്കിൽ കൗൺസിലിംഗ് സഹായം സ്വീകരിക്കൂ, treatment ആവശ്യമെങ്കിൽ അതിനും വിമുഖത കാണിക്കരുത്.. നിങ്ങളുടെ കുടുംബത്തിന്റെ സഹായമില്ലാതെ ഇതൊക്കെ മറികടക്കുക ദുഷ്കരമാകാം...അവരെ നിങ്ങളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കുക, തുറന്നു സംസാരിക്കുക... !!!

രേഷ്മ മാത്യു