മകളുടെ ഇഷ്ടം നേടിയെടുക്കാൻ എന്തു ചെയ്യണം?

പതിനഞ്ചു വർഷമായി വിദേശത്തു ജോലി ചെയ്യുന്ന വിവാഹമോചിതയായ സ്ത്രീയാണ് ഞാൻ. കൈക്കുഞ്ഞായിരുന്ന കാലം മുതൽ മകൾ എന്റെ അമ്മയുടെ സംരക്ഷണയിലായിരുന്നു വളർന്നത്. ഇപ്പോൾ പതിന്നാലു വയസ്സായി. ഒരു വർഷം മുമ്പ് വിദേശ ജോലി അവസാനിപ്പിച്ച് നാട്ടിൽ വന്നു. മകൾ എന്നോടു വലിയ അടുപ്പം കാണിക്കുന്നില്ല. ലീവിൽ വരുമ്പോൾ ഇതു തോന്നിയിരുന്നില്ല. അവളുടെ അമ്മൂമ്മയോടാണ് ഇഷ്ടം മുഴുവനും. ഞാൻ പറഞ്ഞാൽ അനുസരിക്കില്ല. മാറി താമസിക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ വരില്ലെന്നാണു ശാഠ്യം. മകളുടെ ഇഷ്ടം നേടിയെടുക്കാൻ എന്തു ചെയ്യണം? 

ടി.എസ്. നരിപ്പറ്റ

മാതൃനിർവിശേഷമായ സ്നേഹവും കരുതലും ഈ പെൺകുട്ടിക്ക് അമ്മൂമ്മയിൽ നിന്നാണു ലഭിച്ചിരുന്നത്. കൂടുതൽ അടുപ്പം അവരോടായതു സ്വാഭാവികമാണ്. ലീവിൽ വരുന്ന ഹ്രസ്വമായ കാലയളവിൽ എത്ര സ്നേഹം നൽകിയാലും എത്ര സമ്മാനങ്ങൾ കൊടുത്താലും സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കുന്ന വാത്സല്യങ്ങൾക്കു പകരമാവില്ല. തൊഴിൽ‌പരമായ ആവശ്യങ്ങൾമൂലം മക്കളെ പ്രിയപ്പെട്ടവരുടെ സംരക്ഷണത്തിലാക്കുന്ന മാതാപിതാക്കൾ നിത്യവുമുള്ള ആശയവിനിമയത്തിലൂടെ ബന്ധം നിലനിർ‌ത്താൻ ശ്രദ്ധിക്കണം. വർത്തമാനങ്ങൾ പഠിപ്പിനെക്കുറിച്ചും അച്ചടക്കമുള്ള ജീവിതത്തെക്കുറിച്ചും മാത്രമായി ഒതുങ്ങിപ്പോകരുത്. സ്നേഹത്തിന്റെ ഊഷ്മളത എത്ര അകലെയാണെങ്കിലും അനുഭവവേദ്യമാക്കണം. ഇവളുടെ കാര്യത്തിൽ അതു സംഭവിച്ചിട്ടില്ല. അത് അമ്മയുടെ കുഴപ്പമാകണമെന്നില്ല. മാതാപിതാക്കൾ ഒപ്പമില്ലാത്ത പേരക്കുട്ടിക്ക് അമ്മൂമ്മ ചിലപ്പോൾ അമിതമായ ലാളന നൽകിയിട്ടുണ്ടാകാം.

അമ്മൂമ്മയോടുള്ള അടുപ്പത്തെ നിരാകരിക്കാതെ ഇഷ്ടപ്പെടുവാൻ പോന്ന മറ്റൊരു വ്യക്തിയായി മാറുവാനുമാണ് ശ്രമിക്കേണ്ടത്. ഞാൻ അമ്മയാണെന്ന അവകാശം സ്ഥാപിച്ചു സ്നേഹം പിടിച്ചുവാങ്ങാൻ പറ്റില്ല. എന്നെ എങ്ങനെ മനസ്സിലാക്കുന്നു, വിഷമങ്ങളിൽ എങ്ങനെ ഒപ്പം നിൽക്കുന്നു. എത്രനേരം ചെലവഴിക്കുന്നു, എത്രത്തോളം സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നുവെന്നതൊക്കെയാണ് അടുപ്പത്തിലേക്കുള്ള വഴികൾ. വിലപിടിപ്പുള്ള സമ്മാനങ്ങളുടെ പുതുമ പതുക്കെ നഷ്ടമാകും. നല്ല ബന്ധത്തിന്റെ കണ്ണികൾ എന്നും ശക്തമായി നിൽക്കും. ഞാൻ വിദേശത്തു പോയി കഷ്ടപ്പെട്ടത് നിനക്കു വേണ്ടിയായിരുന്നുവെന്ന മട്ടിലുള്ള പ്രഖ്യാപനങ്ങൾ ഇളം മനസ്സിന് ഉൾക്കൊള്ളാനാവില്ല. ഇതൊക്കെ കേട്ടാൽ വിരോധം വർധിച്ചുവെന്നു വരും. അമ്മൂമ്മയിൽ നിന്ന് അകറ്റുമെന്ന വിരട്ടലിനും ഇതേ ദോഷമുണ്ട്.

ഇപ്പോൾ മാതൃസ്ഥാനത്ത് നിൽക്കുന്ന അമ്മൂമ്മയുടെ പിന്തുണയോടെ വേണം സ്നേഹത്തിന്റെ വിത്തിട്ട് വളർത്താൻ. എല്ലാ കാര്യങ്ങളിലും അമ്മയെ കൂടി പങ്കാളിയാക്കാൻ അവരും ശ്രദ്ധിക്കണം. അവിടെ ലാളനയുടെ കുഴപ്പമുണ്ടെങ്കിൽ അതു പരിഹരിക്കണം. ഇഷ്ടവും ചങ്ങാത്തവും ഉണ്ടാകാനുള്ള വിധത്തിൽ പെരുമാറാനുള്ള അവസരങ്ങൾ നിത്യജീവിതത്തിൽ തുറന്നുവരും. കാത്തിരുന്ന് ഉപയോഗിക്കുക. ഒരു നല്ല വാക്ക്, ശ്രദ്ധേയമായ നിർദേശം, ഒരു കഥ പറച്ചിൽ, തക്കസമയത്തു കൊടുക്കുന്ന പ്രശംസ, വിഷമിച്ചിരിക്കുമ്പോഴുള്ള സാന്ത്വനം – ഇങ്ങനെയൊക്കെയാണ് എന്നെ അറിയുന്നുവെന്ന തോന്നലുകൾ ഉണ്ടാക്കുന്നത്. അപ്പോഴാണ് ഇഷ്ടത്തിന്റെ മുളകൾ പൊട്ടിവളരുന്നത്.

ഡോ. സി ജെ ജോൺ