പണ്ടുപണ്ടുപണ്ട്... (1)

റിന്റുജ ജോൺ

പണ്ടുപണ്ട്.. പണ്ടെന്നു പറഞ്ഞാൽ നീളമുള്ള ചോക്ലേറ്റ് മിഠായികാലത്തിനും മുൻപ്... നാരങ്ങാമിഠായിയും കടലമിഠായും കടകളിലെ ചില്ലുഭരണികളിലിരുന്ന് പുറത്തേയ്ക്കു നോക്കി ചിരിച്ചിരുന്ന കാലത്ത്.. മൗഗ്ലി എന്ന പയ്യൻ ത്രീഡിവിസ്മയമായി തീയേറ്ററുകളിലോടി കളിച്ചു തുടങ്ങുന്നതിനും ലുട്ടാപ്പി കുന്തമോടിച്ച് കംമ്പ്യൂട്ടർ സ്ക്രീനിലേക്ക് കയറുന്നതിനും മുൻപ്...


ത്രീഡി ഗെയിമുകളും കംമ്പ്യൂട്ടറും മൊബൈലുകളും ഇല്ലാതിരുന്ന ആ കാലത്ത് കുട്ടികുറുമ്പുകൾ എങ്ങനെയായിരിക്കും സമയം കളഞ്ഞിട്ടുണ്ടാവുക? പണ്ടുപണ്ടത്തെ ആ കഥ അറിയണ്ടേ?... നിങ്ങളുടെ അച്ഛനും അമ്മയും കുട്ടികളായിരുന്ന ആ കാലത്തെ കഥ. ആ കഥ ആര് പറഞ്ഞു തരും? ശരി. പണ്ടുപണ്ട് ആ കാലത്തു നിന്ന് ഒരു കുട്ടികുറുമ്പിയെ നമ്മുക്ക് കഥപറയാൻ കൂടെ കൂട്ടാം. അവളെ നമ്മുക്ക് കുക്കു എന്നു വിളിക്കാം...


ഗെയിം കളിക്കാൻ കംമ്പ്യൂട്ടറില്ല... വിഡിയോ ഗെയിമും ടി.വിയും ഇല്ല. നാലഞ്ച് വീടുകൾക്ക് ഒരു ടി.വി. അത് ഓൺ ആക്കിയാൽ ആകെ രണ്ടു നിറങ്ങൾമാത്രം. കറുപ്പും, വെളുപ്പും. പക്ഷേ അന്നും കുക്കുവിനും കൂട്ടുകാർക്കും കളർഫുൾ ആയ ചില കൂട്ടുകാരുണ്ടായിരുന്നു. ചിത്രകഥകളിലൂടെ എത്തി ഒരു കാലഘട്ടത്തിന്റെ ബാല്യങ്ങളിൽ വർണ്ണം നിറച്ചവർ. അവരിൽ ചിലരെ ഇന്ന് പരിചയപ്പെടാം –

മായാവിയും മാജിക് മാലുവും ഡിങ്കനും


കുക്കുവിന്റെയും കൂട്ടുകാരുടെയും സൂപ്പർ ഹീറോകളിൽ പ്രധാനികൾ ഇവർ മൂവരുമായിരുന്നു. അപകടങ്ങളിൽപെടുന്ന കൂട്ടുകാരെ രക്ഷപെടുത്തുവാൻ ഒറ്റവിളിയിൽ പാഞ്ഞെത്തുന്നവർ. ഓരോ ആഴ്ചയും കഥപുസ്തകങ്ങൾ വരുന്നത് കുക്കുവും കൂട്ടുകാരും കാത്തിരുന്നു. കഥപുസ്തകങ്ങൾ കിട്ടിയാലാദ്യം വായിക്കുന്ന കഥ ഇവയിൽ ഒന്നായിരിക്കുമെന്നുറപ്പ്. പിന്നെ ബാക്കിയുള്ള ചിത്രകഥകൾ. ജമ്പനും തുമ്പനും, ശക്തിമരുന്ന്, ശുപ്പാണ്ടി, അങ്ങനെയങ്ങനെ.. അതും കഴിഞ്ഞ് ചിത്രകഥയല്ലാത്തവ. വായിച്ചു തീർത്ത കഥപുസ്തകവുമായി ആയിരിക്കും അടുത്ത ദിവസം സ്കൂളിലേക്ക് പോകുക. കൂട്ടുകാരുടെ കയ്യിലുള്ള മറ്റ് പുസ്തകങ്ങളുമായി കയ്യിലുള്ള പുസ്തകങ്ങൾ മാറി വാങ്ങാൻ..


അങ്ങനെ ആ ബാലമാസികകൾ ഒരു തലമുറയെ അക്ഷരം പഠിപ്പിച്ചു. എഴുത്തും വായനയും പഠിപ്പിച്ചു. പലകൈമറിഞ്ഞ ആ ബാലമാസികകളിലും അതിനുള്ളിലെ കഥകളിലും ചില നന്മയുടെ പാഠങ്ങൾ കൂടി കൈമാറി പോന്നു..


തുടരും...