മുത്തശ്ശിക്കഥക്കാലം‍...

റിന്റുജ ജോൺ‍

മുത്തച്ഛനും മുത്തശ്ശിയും നിങ്ങൾക്ക് കഥ പറഞ്ഞു തരാറുണ്ടോ? കഥകൾ പറഞ്ഞുകേൾക്കാൻ നിങ്ങൾ വാശിപിടിച്ചിട്ടുണ്ടോ? പണ്ടുപണ്ടുപണ്ട് ഒരു മുത്തശ്ശികഥക്കാലം ഉണ്ടായിരുന്നു. കുക്കുവിനും കഥകൾ കേൾക്കാൻ ഇഷ്ടമായിരുന്നു. കഥപറ, കഥപറ എന്നു പറഞ്ഞു പുറകെ കൂടുമ്പോഴൊക്കെ മുത്തശ്ശി പാടും.
കഥ പറയച്ചി
കഥ പറയച്ചി
കഥയും പറഞ്ഞു
ആറേ പോയപ്പോള്‍
കഥയിലൊരു മുറി
ആറേ പോയി

കഥയൊക്കെ ആറ്റിലൂടെ ഒഴികിപോയെന്നു പറഞ്ഞു കഥപറയാതെ മുത്തശ്ശിമുങ്ങിയപ്പോളൊക്കെ കുക്കുവിന് സങ്കടവും ദേഷ്യവും വന്നു. പണികളൊക്കെ ഒതുങ്ങി കഥപറയാൻ മുതിർന്നവർ എത്തുംവരെ ബാല്യങ്ങൾ കാത്തിരുന്നു. മുത്തശ്ശികഥകളിൽ ഭാവനയും അതിനൊത്ത അഭിനയങ്ങളും മുഖഭാവങ്ങളും മുന്നിൽ നിന്നു. രാത്രി മരപ്പട്ടിയെ പിടിക്കാൻ ചാക്കുമായി മരത്തിൽ കയറിയ അപ്പൂപ്പന്റെയും, മരപ്പട്ടിയെ പിടച്ച് ചാക്കിൽ കെട്ടി അപ്പൂപ്പൻ താഴോട്ടിടുമ്പോൾ തല്ലി ശരിപ്പെടുത്താൻ ഉലക്കയുമായി നിന്ന അമ്മൂമ്മയുടെയും കഥ. ഓട്ടമത്സരത്തിൽ കഴിവുണ്ടായിട്ടും അലസതയും മടിയും കാരണം തോറ്റ മുയലിന്റെയും, പരിമിതികൾക്കുള്ളിൽ നിന്ന് തളരാതെ പൊരുതി ജയിച്ച ആമയുടെയും കഥ. പലരാത്രികളിൽ ആവർത്തിച്ചു പഴകിയതെങ്കിലും, ഓരോ തവണയും പുതുമയോടെ ആ കഥകൾ ബാല്യങ്ങൾ ആസ്വദിച്ചു. കഥയ്ക്കിടെ മുത്തശ്ശി മയങ്ങി പോയപ്പോഴൊക്കെ കഥ അതിന്റെ പതിവുവഴി വിട്ട് എതിലേയൊക്കെയോ സഞ്ചരിച്ച് തിരിച്ചുവന്നു. കഥകൾ പണ്ടേ മനപ്പാഠമാക്കിയിരുന്ന കൊച്ചു വിരുതന്മാർ അങ്ങനയല്ലോ ഇങ്ങനെയല്ലേ കഥ എന്നു തിരിച്ചു ചോദിച്ച് മുത്തശ്ശിമാരെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി.

അത് മുത്തശ്ശിക്കഥകളുടെ കാര്യം. മുത്തച്ഛൻമാരുടെ കഥകളിലെ പ്രഥാനകഥാപാത്രം പലപ്പോഴും അവർ തന്നെയായിരുന്നു. അനുഭവങ്ങളിൽ നിന്നും ഓർമകളിൽ നിന്നും ചികഞ്ഞെടുത്തവ കുട്ടിക്കഥകളാക്കി ഒരു കാലത്തെ മറ്റൊരു തലമുറയിലേക്ക് അവർ ഭംഗിയായി സന്നിവേശിപ്പിച്ചുകൊണ്ടിരുന്നു. ഈണത്തിൽ പറഞ്ഞുകേട്ട കഥകളിൽ നിന്ന് പണ്ടുപണ്ട് ഒരു തലമുറ ഭാഷയും, ചരിത്രവും, കഥകേട്ടു ചിരിക്കാനും കരയാനും പഠിച്ചുതുടങ്ങി... ചിലകഥകൾ പൊട്ടിച്ചിരിപ്പിച്ചപ്പോൾ ചില കഥകള്‍ ചെറിയൊരു തേങ്ങലായി കാലങ്ങളോളം അവശേഷിച്ചു.

കഥകൾ കേൾക്കാൻ തോന്നുന്നുണ്ടോ? മടിക്കണ്ട കഥപറയാൻ അച്ഛനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ഒക്കെ ശല്യം ചെയ്തു തുടങ്ങിക്കോളൂ... കഥകൾ കളികൾ പോലെ തന്നെ ബാല്യത്തിന്റെ അവകാശമാണ്...

തുടരും...