കുട്ടികളിൽ

കുട്ടികളിൽ വായനാശീലം കുറയുന്നു; പരിഹാരമായി 'ദശലക്ഷം കഥകൾ'

'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' വായന ഒരു വ്യക്തിയെ എങ്ങനെ അറിവുള്ളവനാകുന്നു എന്ന് വളരെ ലളിതമായ ഭാഷയിൽ കുഞ്ഞുണ്ണിമാഷ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വായനയുടെ മഹത്വത്തിലേക്ക് വിരൽചൂണ്ടുന്ന ഈ വാക്കുകൾ പ്രസക്തമായിരിക്കുമ്പോഴും കുട്ടികളിൽ വായനാശീലം കാര്യമായി കുറയുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്.

സ്മാർട്ട്‌ഫോണുകളുടേയും ടാബ്‌ലെറ്റുകളുടേയും കാലഘട്ടത്തിൽ ആഗോളതലത്തിൽ തന്നെ കുട്ടികൾ വായന മറന്ന മട്ടാണ്. നാഷണൽ ലിറ്ററസി ട്രസ്റ്റ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2019 ൽ 18 വയസ്സിന് താഴെയുള്ളവരിൽ 26% പേർ മാത്രമാണ് ഓരോ ദിവസവും വായനയ്ക്കായി കുറച്ച് സമയം മാറ്റിവയ്ക്കുന്നത്. 2005 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

കുറച്ച് കുട്ടികൾ വായന ആസ്വദിക്കുന്നുണ്ടെന്നും ഇത് പ്രായത്തിനനുസരിച്ച് കുറഞ്ഞു വരികയാണ് എന്നും പഠനത്തിൽ കണ്ടെത്തി. അഞ്ച് മുതൽ എട്ട് വയസ്സു വരെ പ്രായമുള്ള കുട്ടികൾ 14 മുതൽ 16 വയസ്സു വരെ പ്രായമുള്ള കുട്ടികളെ അപേക്ഷിച്ച് ഇരട്ടി വായിക്കുന്നു. മൊത്തത്തിൽ, വെറും 53% കുട്ടികൾ വായന ഇഷ്ടപ്പെടുന്നവരായുണ്ട്. എന്നാൽ 2013 നു ശേഷമുള്ള താഴ്ന്ന കണക്കാണ് ഇത്.

ആനന്ദത്തിനായി പുസ്തകവായന ഇഷ്ടപ്പെടുന്നവരിൽ 47% ആൺകുട്ടികളാണ്. സർവേയിൽ പങ്കെടുത്ത കുട്ടികളിൽ മൂന്നിലൊന്ന് പേർക്ക് വായിക്കാൻ താൽപര്യമുള്ള പുസ്തകങ്ങൾ ലഭ്യമല്ല. യുകെയിലും അയർലൻഡിലും വർഷം തോറും നടക്കുന്ന ചാരിറ്റി ഇവന്റായ വേൾഡ് ബുക്ക് ഡേ, ഈ വർഷം എല്ലാ പ്രായത്തിലുമുള്ള വായനക്കാരോട് ഉച്ചത്തിൽ വായിച്ചുകൊണ്ടോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു ദിവസം 10 മിനിറ്റെങ്കിലും ചെലവഴിച്ച് 'ഒരു ദശലക്ഷം കഥകൾ പങ്കിടാൻ' ആവശ്യപ്പെടും. ഇത് വായനയെ പ്രമോട്ട് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.