കുട്ടികളിൽ വായനാശീലം വളർത്താൻ 8 കിടിലൻ വഴികൾ!

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന് കുട്ടി കവിതയിലൂടെ പറഞ്ഞുവെച്ചത് കുഞ്ഞുണ്ണി മാഷാണ്. മനുഷ്യന്റെ വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ വായനക്ക് പ്രധാന പങ്കുണ്ട്. കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കേണ്ട ശീലങ്ങളിൽ ഒന്നാണ് വായന. നിങ്ങൾ വളർത്തുന്നത് നിങ്ങളുടെ മകനെയോ മകളെയോ അല്ല നാളെയുടെ പൗരനെയാണെന്ന് മറക്കാതിരിക്കുക. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ വളർത്താനുള്ള ചില കുറുക്കു വഴികൾ

∙ ഉറക്കെ വായിച്ചു കേൾപ്പിക്കുക
കുട്ടികൾ വായിക്കാൻ പഠിക്കുന്നതിനു മുമ്പു തന്നെ അവരെ വായനയുടെ ലോകത്തേക്ക് എത്തിക്കുവാൻ കഴിയും. കുട്ടി കഥകളും കവിതകളും ഈണത്തിൽ ഉറക്കെ വായിച്ചു കേൾപ്പിക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. വായിക്കുമ്പോള്‍ ഭാവവും ഉച്ചാരണവും പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ കുട്ടികഥകളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്ന കുട്ടികൾ സ്വയം അക്ഷരങ്ങൾ കൂട്ടിവായിച്ച് അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കും. വായിച്ചു കേട്ടതിനെ കുറിച്ച് തിരച്ചു പറഞ്ഞ് കേൾപ്പിക്കുവാനും കുട്ടികളോട് ആവശ്യപ്പെടാം. ഇത് അവരുടെ ഭാഷാ പ്രാവിണ്യം വളർത്താൻ സഹായകമാകും.

∙ നേരത്തെ തുടങ്ങുന്നതാണ് കൂടുതൽ നല്ലത്
വളരെ ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങളെ വായിച്ചു കേൾപ്പിക്കുകയും ഇതിനായി കൂടുതൽ സമയം നീക്കി വയ്ക്കുകയും ചെയ്യണം. നിത്യ ജീവിതത്തിന്റെ ഭാഗമാണ് വായന എന്ന ബോധം ചെറുപ്പം മുതൽ തന്നെ വളർത്തിയെടുക്കണം. ആദ്യ കാലങ്ങളിൽ ഇതിനായി മാതാപിതാക്കൾ കൂടുതൽ സമയം ചെലവിടേണ്ടി വരും , പിന്നീട് വായന അവർ സ്വയം ഏറ്റെടുത്തു കൊള്ളും.

∙ വായനയിലെ നവസങ്കേതങ്ങൾ പരിചയപ്പെടുത്തുക
ഓൺലൈൻ വായന, കിൻഡൽ തുടങ്ങി വായനാ മേഖലയിലെ നവ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാം. ഓൺ ലൈൻ ഡിക്ഷ്നറികൾ, പുസ്തകങ്ങൾ, എന്ത് തിരഞ്ഞെടുക്കണം എന്നിവയൊക്കെ മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

∙ ലൈബ്രറിയുടെ സാധ്യതകൾ
നിങ്ങൾ നിങ്ങളുടെ കുട്ടിയെ ലൈബ്രറിയിലേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ അറിവിന്റെയും കണ്ടുപിടുത്തങ്ങളുടേയും ലോകത്തേക്കുള്ള പുതിയ വാതിലാണ് അവൾക്ക്/അവന് തുറന്നു കൊടുക്കുന്നത്. കുട്ടികളുടെ കൂടെ നിങ്ങളും കുറച്ചു സമയം ലൈബ്രറിയിൽ ചിലവഴിക്കുക. പുസ്തകങ്ങൾ തിര‍‍ഞ്ഞെടുക്കാൻ സഹായിക്കുക. ഔട്ടിംഗിന് പോകുമ്പോൾ കുറച്ച് സമയം ലൈബ്രറിയിൽ ചെലവഴിക്കാനും ശ്രമിക്കുക.

∙ ദിനപത്രവായന
ദിനപത്രങ്ങൾ ലോകത്തിന്റെ തന്നെ പരിച്ഛേദമാണ്. നിത്യേന പത്രവായന ശീലിപ്പിക്കുക. അത് ജീവിതത്തിലെ പ്രഥമിക കാര്യങ്ങളിൽ ഒന്നാണെന്ന് മനസ്സിലാക്കി കൊടുക്കുക.

∙ കുട്ടികളുടെ താൽപര്യങ്ങൾ കണ്ടെത്തുക
ഏത് തരം ബുക്കുകളാണ് കുട്ടികൾക്ക് താൽപര്യം എന്ന് മനസിലാക്കുക. ചിലർക്ക് കുറ്റാന്വേഷണ കഥകളായിരിക്കും താൽപര്യം, ചിലർക്ക് കവിതകളും, ചിലർക്ക് ചിത്രകഥകളും ആയിരിക്കും താൽപര്യം.

∙ സമ്മാനങ്ങളിൽ ബുക്കുകളും ഉൾപ്പെടുത്തുക
സമ്മാനങ്ങൾ കുട്ടികൾക്ക് ഇഷ്ടമാണ്. ഭംഗിയായി പൊതിഞ്ഞ് ഇടക്കിടക്ക് നല്ല പുസ്തകങ്ങളും, ഡയറിയും പേനയും സമ്മാനമായി നൽകാൻ ശ്രമിക്കുക. അച്ഛൻ സമ്മാനമായി നൽകിയ ഒരു ഡയറിയാണ് ലോക പ്രശസ്തമായ ആൻ ഫ്രാങ്കിന്റെ ഡയറി എന്നു മറക്കണ്ട.

∙ പുസ്തകങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കുക
പുസ്തകങ്ങളെ ശ്രദ്ധയോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിച്ചെടുക്കുക. പേജുകൾ മറിക്കുമ്പോൾ ശ്രദ്ധയോടെ മറിക്കാനും ചുളിവുകൾ വീഴാതെ സൂക്ഷിക്കാനും പഠിപ്പിക്കണം.