ഉറക്കെ വായിക്കാന്‍ ശീലിപ്പിക്കൂ, കുട്ടികളുടെ ഓര്‍മ്മ വര്‍ദ്ധിപ്പിക്കാം

കുട്ടികള്‍ക്ക് പലപ്പോഴും വെല്ലുവിളി ആകുന്നതാണ് അവരുടെ ഓര്‍മ്മക്കുറവ്. സ്കൂളിലും നിത്യജീവിതത്തിലും ഇത് മൂലം അവരനുഭവിക്കുന്ന മാനസികപ്രശ്നങ്ങള്‍ ഏറെ വലുതാണ്. പലപ്പോഴും വീട്ടിലും ഈ ഓര്‍മ്മക്കുറവ് അവരെ വിഷമത്തിലാക്കിയേക്കാം. എന്നാല്‍ അവരെ ശാസിക്കുന്നതിനും ശിക്ഷിക്കുന്നതിനും പകരം എങ്ങനെ അവരെ സഹായിക്കാം എന്നാണ് മാതാപിതാക്കള്‍ ചിന്തിക്കേണ്ടത്. കുട്ടികളുടെ ഓര്‍മ്മ വര്‍ദ്ധിപ്പിക്കാന്‍ അവരെ ഏറ്റവുമധികം സഹായിക്കുന്ന കാര്യമാണ് ഉറക്കെയുള്ള പുസ്തകവായന.

ഒരാള്‍ ഉറക്കെ വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് ഒരേ സമയത്ത് നടക്കുന്നത്. അവര്‍ വായിച്ച് മനസ്സിലാക്കുന്നതിനൊപ്പം കേട്ട് മനസ്സിലാക്കുക കൂടി ചെയ്യുന്നുണ്ട്. ഇത് വായിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ഓര്‍ത്തിരിക്കാന്‍ കുട്ടിയെ സഹായിക്കുന്നു. കാനഡയിലെ വാട്ടര്‍ലൂ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ഗവേഷകര്‍ കണ്ടെത്തിയത്.

കുട്ടികളുടെ നാല് തരത്തിലുള്ള പഠന രീതിയാണ് ഗവേഷകര്‍ ഈ കണ്ടെത്തലിന് വേണ്ടി നിരീക്ഷിച്ചത്. എഴുതി പഠിക്കുക, ശബ്ദമില്ലാത വായിച്ച് പഠിക്കുക, വായിച്ച് റെക്കോര്‍ഡ് ചെയ്തത് വീണ്ടും കേള്‍ക്കുക, ഉറക്കെ വായിച്ച് പഠിക്കുക എന്നിവയായിരുന്നു പഠന രീതികള്‍. ഇതില്‍ അവസാന പഠന രീതി പിന്തുടരുന്ന കുട്ടികള്‍ വായിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ഓര്‍ത്തിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.