ആദിര വളരുമ്പോൾ ജോലിക്കാരായ മാതാപിതാക്കളെ മനസ്സിലാക്കും

മുലപ്പാൽ പ്രായം കഴിയുംമുമ്പേ പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിലാക്കി ജോലിക്കു പോകേണ്ടി വരുന്ന അമ്മമാരുണ്ട്. കുഞ്ഞുങ്ങളെ ഡേ കെയറുകളിലോ വീടുകളിലോ ഒക്കെയാക്കി േജാലിക്കായി ഓടുമ്പോൾ പിടയുന്നത് അവരുടെ ഹൃദയം കൂടിയാണ്. മനസ്സിലാമനസ്സോടെ മക്കളെ തനിച്ചാക്കി വരുമ്പോൾ അവരുടെയുള്ളിൽ ഒരൊറ്റ ആശ്വാസമേ ഉണ്ടാകൂ, വലുതാകുമ്പോൾ അവൻ/അവൾ തിരിച്ചറിയുമല്ലോ അമ്മ എന്തിനായിരുന്നു തനിച്ചാക്കി പോയതെന്ന്. സെലിബ്രിറ്റികളുടെ കാര്യമെടുത്താലും സാഹചര്യം ഇങ്ങനെയൊക്കെ തന്നെയാണ്. മകളെ തനിച്ചാക്കി പോകുമ്പോൾ ബിടൗൺ സുന്ദരി റാണി മുഖര്‍ജിയുടെയും ഉള്ളു പിടയ്ക്കുകയാണ്.

മകളെ വീട്ടിൽ തനിച്ചാക്കി പോരുമ്പോൾ തീർച്ചയായും തനിക്ക് ആശങ്കയുണ്ടെന്നു പറയുന്നു റാണി. പക്ഷേ അമ്മയായെന്നു കരുതി പ്രഫഷനോടു ഗുഡ്ബൈ പറയാൻ താരം ഒരുക്കമല്ല. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഒപ്പം താൻ ജോലി ചെയ്യുന്ന ചുറ്റുപാടിൽ നിന്നുള്ള പിന്തുണയുമൊക്കെ ജോലിക്കാരിയായ അമ്മ എന്ന നിലയിൽ തന്നെ ഏറെ സഹായിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നു റാണി.

'' ആദിരയെ തനിച്ചാക്കി പോരുമ്പോൾ തീർച്ചയായും ഉള്ളിലൊരു വിഷമമുണ്ട്, കാരണം ഇതവൾക്കൊരു പുതിയ അന്തരീക്ഷമാകും. ചിലപ്പോഴൊക്കെ അവൾക്കെന്നെ കാണാനും കഴിയില്ല, ജോലിക്കാരായ എ​ല്ലാ അമ്മമാരും നേരിടുന്ന ധര്‍മ്മ സങ്കടമാണ് ഇത്''

ആദിര വളർന്നു വലുതാകുമ്പോൾ ജോലിക്കാരായ മാതാപിതാക്കളെക്കുറിച്ചു മനസ്സിലാക്കുമെന്നും റാണി പറയുന്നു. '' ആദിര പതിയെ ഇതിനോടു ശീലമായിക്കോളും. അവളുടെ അച്ഛനും അമ്മയും ജോലിക്കായി പോവുകയാണെന്ന് തീർച്ചയായും മനസ്സിലാക്കും. അതു സാധാരണമാണ്, ഒപ്പം അവൾ അഭിമാനിക്കുകയും ചെയ്യും''- റാണി പറയുന്നു.

മകള്‍ ജനിച്ചപ്പോൾ തൊട്ട് അവളെ മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്താൻ റാണിയും ഭർത്താവ് ആദിത്യ ചോപ്രയും ശ്രമിച്ചിരുന്നു. സാധാരണ കുട്ടികളെപ്പോലെ തന്നെ ആദിരയും വളരണം എന്ന തീരുമാനമാണ് അതിനു പിന്നിലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു.