കുട്ടികളെ ഉത്തരവാദിത്ത്വം ശീലിപ്പിക്കാം, 4 കാര്യങ്ങൾ!‍

കുട്ടികളെ ഉത്തരവാദിത്ത്വം ശീലിപ്പിക്കുക എന്നത് രക്ഷകര്‍ത്താവ് എന്ന നിലയിലുള്ള നിങ്ങളുടെ പ്രധാന ഉത്തരവാദിത്ത്വങ്ങളില്‍ ഒന്നാണ്. ഇത് വിഷമം പിടിച്ച കാര്യമാണെങ്കിലും ഒഴിവാക്കാനാകാത്തതും അനിവാര്യവുമായ കാര്യമാണണ്. ഉത്തരവാദിത്ത്വം എന്ന വാക്ക് പോലും മനസ്സലാകാത്ത മുതിര്‍ന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ദൈംനം ദിന ജീവിതത്തില്‍ മുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ വരെ ഇത് മൂലം അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും നിങ്ങള്‍ സാക്ഷികളായിരിക്കും. കുട്ടികളായിരിക്കെ തന്നെ ഉത്തരവാദിത്ത്വമുള്ളവരാക്കി മാറ്റുകയാണ് വളര്‍ന്ന ശേഷം ഇത്തരം പ്രതിസന്ധികള്‍ നിങ്ങളുടെ കുട്ടികള്‍ നേരിടുന്നത് ഒഴിവാക്കാനുള്ള ഏറ്റവും ഉചിതമായ വഴി. 

എന്തൊക്കെ കാര്യങ്ങളിലാണ് കുട്ടികളെ ഉത്തരവാദിത്ത്വം ശീലിപ്പിക്കാനാകുക, എങ്ങനെയാണ് ഈ ശീലം അവരിലേക്ക് എത്തിക്കാനാകുക എന്നിവയാണ് രക്ഷകര്‍ത്താക്കളുടെ ഇക്കാര്യത്തിലുള്ള പ്രധാന സംശയങ്ങള്‍. വീട്ടിലെ ചെറിയ ജോലികള്‍ അവരെ ഏല്‍പ്പിക്കുന്നതും സ്വന്തം സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ശീലിപ്പിക്കുന്നതും എല്ലാം കുട്ടികളുടെ ഉത്തരവാദിത്ത്വം ബോധം വളര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇതോടൊപ്പം കുട്ടികളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്ത്വങ്ങള്‍ ഒരു പരിധി വരെ അവരെ സ്വാതന്ത്ര്യത്തോടെ ചെയ്യാന്‍ അനുവദിക്കേണ്ടതും ഉത്തരവാദിത്ത്വ ബോധം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണ്.

വീട്ടിലെ ഉത്തരവാദിത്തങ്ങള്‍
വീട്ടിലെ ദൈനംദിന പ്രവര്‍ത്തികളില്‍ കുട്ടികളെ പങ്കാളികളാക്കുക എന്നതാണ് അവരില്‍ ഉത്തരവാദിത്ത്വബോധം ഉണ്ടാക്കാനുള്ള ഏറ്റവും അനായാസമായ മാര്‍ഗ്ഗങ്ങളില്‍ ഒന്ന്. കുട്ടികള്‍ക്ക് പങ്കാളികളാകാനോ അല്ലെങ്കില്‍ പൂര്‍ണ്ണമായി ഏറ്റെടുത്ത് ചെയ്യാനോ കഴിയുന്ന നിരവധി ജോലികള്‍ വീട്ടിലുണ്ടാകും. അത് പഠനമേശ അടുക്കി സൂക്ഷിക്കുന്നത് മുതല്‍ പൂന്തോട്ടം നനയ്ക്കുന്നത് വരെയുള്ള കാര്യങ്ങളാകാം. ഇങ്ങനെ വീട്ടിലെ ജോലികള്‍ ചെയ്യുന്നത് മാതാപിതാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തികളോട് അവര്‍ക്ക് ബഹുമാനമുണ്ടാകാന്‍ സഹായിക്കും. ഒപ്പം മാതാപിതാക്കള്‍ തങ്ങള്‍ക്ക് ചെയ്യുന്ന കാര്യങ്ങളെയും വാങ്ങി നല്‍കുന്ന സാധനങ്ങളെയും സമ്മാനങ്ങളെയും എല്ലാം അവര്‍ ഇതേ പോലെ തന്നെ ബഹുമാനിക്കാന്‍ ശീലിക്കും.

സാമ്പത്തിക ഉത്തരവാദിത്ത്വം
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സാമ്പത്തികമായ അച്ചടക്കം. അത് കൊണ്ട് തന്നെ സാമ്പത്തിക ഉത്തരവാദിത്ത്വം ചെറുപ്പത്തിലെ അവരെ ശീലിപ്പിക്കാം. വീട്ടില്‍ കുട്ടികള്‍ ചെയ്യുന്ന ചെറിയ ജോലികള്‍ക്ക് അവര്‍ക്ക് പ്രതിഫലം നല്‍കാം. എന്നിട്ട് അവര്‍ ആവശ്യപ്പെടുന്നവയില്‍ ചില സമ്മാനങ്ങള്‍ ഈ പ്രതിഫലത്തുക കൂട്ടി വച്ച് മേടിക്കാന്‍ അവരോട് ആവശ്യപ്പെടുക. ഇങ്ങനെ ചെയ്യുന്നത് കുട്ടികളില്‍ പണം സൂക്ഷിച്ച ചിലവാക്കാനുള്ള ശീലം ഉണ്ടാകാന്‍ സഹായിക്കും. മാത്രമല്ല ഈ പണം ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങള്‍ക്ക് അവര്‍ അതിന്റെ മൂല്യം നല്‍കുകയും ചെയ്യും. കൂട്ടികളെ സാമ്പത്തിക ഉത്തരവാദിത്ത്വം ശീലിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്.

ആവശ്യമായ സ്വാതന്ത്ര്യം.
കുട്ടികള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം കൊടുക്കുകയാണ് അവരില്‍ ഉത്തരവാദിത്ത്വം ഉണ്ടാകാന്‍ സഹായിക്കുന്ന മറ്റൊരു കാര്യം. പഠനത്തിലായാലും അവരെ ഏല്‍പ്പിക്കുന്ന ജോലികളിലായാലും സ്പോര്‍ട്സിലോ കലയിലോ ഏത് മേഖലയിലായാലും അവര്‍ക്ക് അവരുടേതായ സ്വതന്ത്ര്യം നല്‍കുക. തെറ്റുകള്‍ വരുത്താന്‍ അനുവദിക്കുക. എല്ലാം തികഞ്ഞ ഒരാളായി അവരെ വളര്‍ത്താതിരിക്കാന്‍ ശ്രമിക്കുക. ഇത് കാര്യങ്ങളെ സ്വയം കണ്ടെത്താനും അത് വഴി ജീവിതത്തിലെ വെല്ലുവിളികള്‍ മനസ്സിലാക്കി അവയെ നേരിടാന്‍ മാനസികമായി തയ്യാറെടുക്കാനും കുട്ടികള്‍ക്ക് സാധിക്കും. ഇത് സ്വാഭാവികമായും അവരില്‍ ഉത്തരവാദിത്ത്വ ബോധം വളര്‍ത്തും.

അമിതഭാരം അടിച്ചേല്‍പ്പിക്കേണ്ട
അതേസമയം തന്നെ കുട്ടികളെ ഉത്തരവാദിത്ത്വബോധം ഉള്ളവരാക്കാന്‍ വേണ്ടി അവരില്‍ അമിതമായി ഭാരം അടിച്ചേല്‍പ്പിക്കുന്നതും മണ്ടത്തരമായിരിക്കും. പ്രായത്തിനനുസരിച്ച്, കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം അവരെ ജോലികളില്‍ ഉള്‍പ്പെടുത്താന്‍. ഇങ്ങനെ കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളിലാകുമ്പോള്‍ അവര്‍ക്ക് സജീവമായി അതില്‍ ഇടപെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഇങ്ങനെ ഇടപെടുമ്പോള്‍ അവര്‍ക്കുള്ള അഭിപ്രായങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം കൊടുക്കുക. ആ അഭിപ്രായം മണ്ടത്തരമായാല്‍ തന്നെയും അത് ദോഷകരമല്ലെങ്കില്‍ പരീക്ഷിച്ച് പരാജയപ്പെടാന്‍ അവരെ അനുവദിക്കുക. ഇത് സ്വയം തെറ്റ് തിരിച്ചറിയുന്നതിനുള്ള അവസരം അവര്‍ക്ക് നല്‍കും.