കുട്ടികളോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ആറു ചോദ്യങ്ങൾ

ഒരൊറ്റ ചോദ്യം മതി ഒരാളെ മാനസികമായി തളർത്താനും സന്തോഷിപ്പിക്കാനും. ചോദ്യം പോസിറ്റീവാണോ നെഗറ്റീവാണോ എന്നതാണ് പ്രധാന വിഷയം. നമ്മൾ പോസിറ്റീവ് ആണെന്നു കരുതി ചോദിക്കുന്ന ചോദ്യങ്ങൾ മിക്കതും നെഗറ്റീവ് ഇമ്പാക്റ്റാണ് ഉണ്ടാക്കുക, പ്രത്യേകിച്ചും കുട്ടികളോട്. കുട്ടികളോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചില ചോദ്യങ്ങളാണ് ഇവ.

1. വലുതായാൽ ആരാകണം?
സ്ഥിരമായി കുട്ടികളോട് മാതാപിതാക്കൾ ചോദിക്കുന്ന ചോദ്യമാണ് വലുതായാൽ നിനക്ക് ആരാവണമെന്നുള്ളത്. ആ ചോദ്യത്തിലെ വലിയ തെറ്റ് എന്താണെന്ന് ചോദിക്കുന്നവരാരും മനസ്സിലാക്കാറുമില്ല. ഉദാഹരണമായി കുട്ടി സിനിമാ നടിയോ നടനോ ആകണമെന്ന് പറഞ്ഞെന്നിരിക്കട്ടെ. അതിഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ചിലപ്പോൾ ’അയ്യേ’ എന്നായിരിക്കും ആദ്യം പറയുക. ഇതുകേൾക്കുന്ന കുട്ടിക്ക് താനെന്തോ വലിയ അപരാധമാണ് പറഞ്ഞതെന്ന് തോന്നും. അതവന്റെ ഉള്ളിലെ ആഗ്രഹങ്ങളെ മുളയിലേ നുള്ളിയെറിയും. അതുപോലെ നിങ്ങൾക്ക് താല്പര്യമുള്ള ഡോക്ടർ എന്നോ എൻജിനീയർ എന്നോ അവൻ പറഞ്ഞാൽ പിന്നെ നിങ്ങളവനെ വാനോളം പുകഴ്‌ത്തും, പ്രോത്സാഹിപ്പിക്കും. പിന്നീട് പരീക്ഷയ്ക്ക് ചെറുതായി മാർക്ക് കുറഞ്ഞാൽ പോലും ഇതുപറഞ്ഞു നിങ്ങളവനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും. ഇതോടെ കൂടുതൽ പഠിക്കാനുള്ള സമ്മർദ്ധം അവന്റെമേൽ ഉണ്ടാകും. ഇതവനെ നിരാശനാക്കാനേ ഉപകരിക്കൂ.

2. ആരെയാ കൂടുതലിഷ്ടം?
എപ്പോഴും കുട്ടികളോട് നമ്മൾ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട് മക്കൾക്ക് അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടമെന്ന്. കുഞ്ഞിനെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ചോദ്യമാണിത്. രണ്ടുപേരിൽ ഒരാൾ തിരഞ്ഞെടുക്കേണ്ടി വരുക എന്നത് ഏറെ കഷ്ടമുള്ള കാര്യമാണ്. അങ്ങനെ ഒരാളെ കൂടുതൽ സ്നേഹിക്കാനല്ല നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത്. അച്ഛനെയും അമ്മയെയും തുല്യമായി സ്നേഹിക്കാൻ പഠിപ്പിക്കണം. അതുമാത്രമല്ല സ്നേഹത്തിൽ വേർതിരിവില്ലാതെ സഹജീവികളോട് കരുണ കാണിക്കാനും, എല്ലാവരെയും തുല്യമായി കാണാനുമുള്ള മനസ്സാണ് കുട്ടികളിൽ നാം ഉണ്ടാക്കിയെടുക്കേണ്ടത്. കുട്ടികളുടെ സ്വഭാവത്തിൽ സ്വാർത്ഥതയും വിവേചനവും ഉണ്ടാക്കുന്ന ഇത്തരം ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ ശ്രമിക്കുക.

3. നിന്റെ കൂട്ടുകാരനെപോലെ പെരുമാറാത്തതെന്തുകൊണ്ടാ?
നിന്റെ കൂട്ടുകാരൻ നിന്നെപ്പോലെയല്ലല്ലോ, നല്ല കുട്ടിയാണല്ലോ.. നീയെന്താ അവനെപ്പോലെ കാര്യങ്ങൾ കൃത്യമായി ചെയ്യാത്തത്? ഇതുപോലുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും കുട്ടികളുടെ വ്യക്തിത്വത്തെ തീർച്ചയായും ബാധിക്കും. കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ഒട്ടു ഇഷ്ടപ്പെടാത്ത കാര്യമാണ് മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുക എന്നത്. വ്യക്തികളുടെ സ്വഭാവ സവിശേഷതകൾ എപ്പോഴും വ്യത്യസ്തമായിരിക്കും. ഒരാൾക്ക് ഒരിക്കലും മറ്റൊരാളെ പോലെയാകാൻ കഴിയില്ല. അങ്ങനെ ശ്രമിക്കുന്നതുപോലും തെറ്റാണ്. മറ്റൊരു കുട്ടിയെ ചൂണ്ടിക്കാട്ടി നിങ്ങളുടെ കുട്ടിയുടെ കുറവുകളെ ഒരിക്കലും പരിഹസിക്കരുത്. അതവന്റെ വ്യക്തിത്വ വികസനത്തെ ഗുരുതരമായി ബാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

4. എന്താ പെട്ടെന്ന് ഭക്ഷണം കഴിച്ചു തീർക്കാത്തത്?
എല്ലാ മാതാപിതാക്കൾക്കും ഉള്ള സ്ഥിരം പരാതിയാണ് മക്കൾ വളരെ പതുക്കെയാണ് ഭക്ഷണം കഴിച്ചു തീർക്കുന്നത് എന്നത്. ഇക്കാരണം പറഞ്ഞു മക്കളെ വഴക്കു പറയുന്ന അമ്മമാരാണ് കൂടുതലും. ഭക്ഷണം വളരെ നന്നായി ആസ്വദിച്ചു കഴിപ്പിക്കാനാണ് അവരെ പരിശീലിപ്പിക്കേണ്ടത്. അല്ലാതെ തെറ്റായ ആഹാരരീതി പിന്തുടർന്ന് പോരാൻ നിർബന്ധിക്കുകയല്ല വേണ്ടത്. ഇക്കാര്യത്തിൽ സ്ഥിരം കുട്ടികളെ വഴക്കുപറയുന്ന മാതാപിതാക്കൾ ഭക്ഷണത്തോടുള്ള അവരുടെ താൽപ്പര്യം പോലും ഇല്ലാതാക്കുന്നു.

5. കാര്യങ്ങൾ പെട്ടെന്ന് ചെയ്തു തീർത്തുകൂടെ?
രാവിലെതൊട്ട് ഒരോട്ടമായിരിക്കും മിക്ക മാതാപിതാക്കളും. കൃത്യസമയത്ത് ഓഫീസിൽ എത്തണം, ജോലികൾ തീർക്കണം... ആകെ ക്ഷീണം. ഒരുവിധം ഓടിപ്പിടിച്ചായിരിക്കും അവർ വീട്ടിൽ എത്തുന്നത്. ഈ സമയത്തായിരിക്കും മക്കളുടെ പ്രശ്നങ്ങൾ അലട്ടുന്നത്. സ്‌കൂളിൽ നിന്ന് വന്ന മക്കൾ ചിലപ്പോൾ അതെ രൂപത്തിൽ തന്നെയായിരിക്കും ഇരിക്കുന്നത്. യൂണിഫോം പോലും മാറ്റിയിട്ടുണ്ടാവില്ല. ഹോംവർക്ക് ചെയ്തു തീർത്തിട്ടുണ്ടാവില്ല, പഠിക്കാനേറെ ഉണ്ടായിരിക്കും, ഭക്ഷണം വേണ്ട.. ഇത്തരം പ്രശ്നങ്ങൾ കാണുമ്പോൾ തല പുകഞ്ഞിരിക്കുന്ന അമ്മമാർ അവരെ വഴക്കു പറഞ്ഞു തുടങ്ങും. നിനക്കെന്താ ഇതൊക്ക പെട്ടെന്ന് ചെയ്തു തീർത്തൂടെ, ഇങ്ങനെ വൈകിക്കണോ എന്നൊക്ക ചോദിച്ചു മക്കളോട് വഴക്കിട്ടു തുടങ്ങും. കുട്ടികൾക്ക്, തന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന ചിന്തയുണ്ടാക്കാനേ മാതാപിതാക്കളുടെ ഇത്തരം ബുദ്ധിശൂന്യമായ ചോദ്യങ്ങൾക്ക് കഴിയൂ. കുട്ടിയെ വളരെ സ്നേഹത്തോടെ അടുത്തിരുത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഹോംവർക്ക് ചെയ്തില്ലെങ്കിൽ ടീച്ചർ വഴക്കുപറയില്ലേ എന്നൊക്കെ ചോദിച്ച് അവനെക്കൊണ്ട് കാര്യങ്ങൾ കൃത്യമായി ചെയ്യിക്കുകയാണ് വേണ്ടത്.

6. ഇതെന്തുകൊണ്ട് നിനക്ക് ധരിച്ചു കൂടാ?
സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാൻ താല്പര്യപ്പെടുന്നവരാണ് മാതാപിതാക്കളിൽ കൂടുതൽ പേരും. കുട്ടിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നിർബന്ധിച്ച് ഫാഷൻ വസ്ത്രങ്ങൾ ധരിപ്പിക്കുക. കുട്ടിയുടെ ഇഷ്ടം പരിഗണിക്കാതെ അവന്റേതായ എല്ലാ ഇഷ്ടങ്ങളിലും കൈകടത്തലുകൾ നടത്തുക. വസ്ത്രങ്ങളിൽ മാത്രമല്ല ഭക്ഷണ കാര്യത്തിലും സ്വന്തം ഇഷ്ടങ്ങൾ കുട്ടിയുടെ മേൽ അടിച്ചേൽപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം കുട്ടിയുടെ ഇഷ്ടങ്ങൾ ഇല്ലായ്മ ചെയ്യുക മാത്രമല്ല, അവന്റെ ആത്മവിശ്വാസത്തെ കൂടി ഇത് നശിപ്പിക്കുന്നു. അപകർഷതാബോധം കുട്ടിയിൽ വളർന്നുവരാൻ മാത്രമേ ഇത്തരം സന്ദർഭങ്ങൾ ഉപകരിക്കൂ.