ആൺകുട്ടികൾ അച്ഛന്റെ സ്നേഹവും ശാസനയും കിട്ടാതെ വളർന്നാൽ?, Stages of boys-development, Father, Kids, Parenting,  Manorama Online

ആൺകുട്ടികൾ അച്ഛന്റെ സ്നേഹവും ശാസനയും കിട്ടാതെ വളർന്നാൽ?

മക്കളെ വളർത്തുക എന്നത് നിസ്സാര സംഗതിയല്ലെന്ന് പറയേണ്ടതില്ലല്ലോ? മക്കൾക്ക് കഴിക്കാനും ഉടുക്കാനും മാത്രം കൊടുത്തതു കൊണ്ടായില്ല. മക്കളുടെ വളർച്ചാഘട്ടങ്ങളിൽ ചില കാര്യങ്ങളിൽ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധ കൊടുക്കുകതന്നെ വേണം. പെൺകുട്ടികളുടെ കാര്യത്തിലാണ് എല്ലാവർക്കും ആധി കൂടുതൽ. എന്നാൽ അതിനേക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആൺകുട്ടികളെയാണ്. മനഃശാസ്ത്രജ്ഞർ ആൺകുട്ടികളുടെ വളർച്ചാഘട്ടത്തെ പ്രധാനമായും മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്.

ജനനം മുതൽ ആറു വയസ്സ് വരെ 
കുഞ്ഞുങ്ങളെ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ലാളിക്കും. അവരെ കൈയിലെടുത്തും, അവരോടൊപ്പം കളിച്ചും, കൊച്ചു കൊച്ചു വാക്കുകൾ പറഞ്ഞും ഒക്കെയാണല്ലോ നമ്മള്‍ കുഞ്ഞുങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നത്. വളരുന്തോറുമുള്ള ഓരോ കളികളിലൂടെയും പ്രവൃത്തികളിലൂടെയുമാണ് കുട്ടികള്‍ ചുറ്റുമുള്ള ലോകത്തെ അറിയുന്നത്. അതിനായി അവരെ സഹായിക്കേണ്ടത് മാതാപിതാക്കളാണ്. സാമൂഹ്യ മനഃശാസ്ത്രജ്ഞൻമാർ നടത്തിയ ഗവേഷണങ്ങളിൽ ആൺകുട്ടികളുടെ വളർച്ചാഘട്ടങ്ങളിൽ മാതാപിതാക്കള്‍ വഹിക്കേണ്ടുന്ന പങ്കിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കണ്ടെത്തിയ കാര്യങ്ങളിലേക്ക് ഒന്ന് ശ്രദ്ധിക്കൂ.

∙ സ്നേഹം എന്ന വികാരം കുഞ്ഞിന് ലഭിക്കുന്നത് അമ്മയിലൂടെയാണ്. അതുപോലെതന്നെ അമ്മ അനുഭവിക്കുന്ന വിഷാദങ്ങളെല്ലാം കുഞ്ഞിലേക്കും എത്തുന്നുണ്ട്. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങൾ ഒരുപോലെ തന്നെയാണ് കുട്ടികൾക്ക് ലഭിക്കുന്നതെങ്കിലും, സ്നേഹവും സംഭാഷണവും കുട്ടികൾ ഏറ്റവുമധികം അനുഭവിക്കുന്നത് അമ്മയിൽ നിന്നാണ്. ഇത് അവരിലെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുന്നു.

∙ ആൺകുട്ടികൾക്ക് എപ്പോഴും അവരുടെ അച്ഛൻ ഹീറോയാണ്. അച്ഛന്റെ പെരുമാറ്റങ്ങളിൽ നിന്നും അമ്മയേക്കാൾ ഒരു പടി മേലെയാണ് അച്ഛന്റെ സ്ഥാനം എന്നവർ നന്നേ ചെറുപ്പത്തിലേ മനസ്സിലാക്കിയെടുക്കുന്നു. എന്താണ് നല്ലതെന്നും ചീത്തയെന്നും കുട്ടികൾ പഠിക്കുന്നത് അച്ഛന്റെ പ്രവൃത്തികളിലൂടെയാണ്. അതുകൊണ്ട് തന്നെ ‘ശരി’ കാണിച്ചു കൊടുക്കേണ്ട കടമയും പിതാവിനുണ്ട്. ബുദ്ധി ഉറച്ചു തുടങ്ങുമ്പോൾ തന്നെ സന്മാർഗ്ഗികപരമായ കാര്യങ്ങളും അടിസ്ഥാന വിവരങ്ങളുമൊക്കെ അച്ഛൻ പറഞ്ഞു കൊടുക്കുമ്പോൾ അത് കുട്ടികളുടെ മനസ്സിലേക്ക് പെട്ടെന്ന് പതിയുന്നു. തിരിച്ചൊന്നും മോഹിക്കാതെയാണല്ലോ അമ്മമാർ മക്കളെ സ്നേഹിക്കുന്നത്. അവർക്ക് സ്നേഹം പ്രകടിപ്പിക്കാനും അറിയാം. അച്ഛന്റെ സ്നേഹം അൽപം ഗൗരവ രൂപത്തിലായിരിക്കും മക്കളിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ അച്ഛനോട് പേടിയും, അച്ഛന്റെ വാക്കുകളെ അനുസരിക്കാനുള്ള പ്രവണതയും കുഞ്ഞുങ്ങളിൽ ചെറുപ്പത്തിലേ ഉണ്ടാകും. അച്ഛന്റെ സ്നേഹത്തോടൊപ്പം ശാസനയും ലഭിച്ചിട്ടില്ലാത്ത കുട്ടികൾ വളരുമ്പോൾ, അവർ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നവരും ആ ധാരണയിൽ പെരുമാറുന്നവരും അതിൽ ആനന്ദിക്കുന്നവരും ആയിരിക്കുമെന്നാണ് മനഃശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അത്തരം കുട്ടികളിൽ ക്രൂരസ്വഭാവവും കണ്ടേക്കാം

രണ്ടുവയസ്സ് കഴിഞ്ഞാൽ ആൺകുട്ടികളെ അമ്മമാർ വല്ലാതെ ലാളിക്കാൻ പാടില്ല എന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത് – ഇത് പുത്രന്മാർക്ക് അമ്മയോടുള്ള സ്നേഹം കൂടുന്നതിനും, പിതാവിനോട് അബോധപൂർവ്വം അസൂയാവൈരാഗ്യങ്ങൾ തോന്നിപ്പിക്കുന്നതിനും ഇടയാക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്

6 മുതൽ 13 വയസ്സ് വരെ 
‌ആറു വയസ്സിലേക്ക് കടക്കുമ്പോഴേക്കും ആൺകുട്ടികള്‍ അവരുടേതായ ലിംഗവ്യത്യാസം മനസ്സിലാക്കുകയും, ആൺകുട്ടികളുടേതു മാത്രമായ കളികളിലും പ്രവൃത്തികളിലും ഏർപ്പെടുകയും ചെയ്യുന്നു. പതിമൂന്നു വയസ്സു വരെയുള്ള വളർച്ചാഘട്ടത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്. ‘നീയൊരു ആൺകുട്ടിയല്ലേ, അപ്പോൾ ഇങ്ങനെയൊക്കെ ചെയ്യണം’ എന്ന ഒരു ബോധം മാതാപിതാക്കളുടെ സംസാരത്തിലൂടെ കുട്ടികളിലേക്ക് സംവേദിപ്പിക്കാൻ കഴിയണം. എന്നാല്‍ ‘നീയൊരാണല്ലേ, അപ്പോൾ എന്തും ചെയ്യാം’ എന്ന തോന്നലുണ്ടാകുന്ന വിധത്തിലുള്ള ഒരു ഡയലോഗുകളും കുട്ടികളോട് പറയാതിരിക്കുക. ആൺകുട്ടികൾക്ക് വ്യാപരിക്കാൻ പറ്റുന്ന പ്രവൃത്തികളെ മനസ്സിലാക്കി കൊടുക്കുക, അതിൽ അവർക്ക് താൽപര്യം ജനിപ്പിക്കുക എന്നതൊക്കെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഓരോ കാര്യങ്ങളിലും കുട്ടികൾ നേടിയ വികാസത്തെ പ്രോത്സാഹിപ്പിക്കുക, സ്വന്തമായി ഓരോന്നും ചെയ്യാൻ പഠിപ്പിക്കുക, ധൈര്യം പകരുക എന്നതൊക്കെയാണ് ഈ ഘട്ടത്തിൽ മാതാപിതാക്കൾ ചെയ്യേണ്ടത്. ‘എന്റെ മോൻ മരത്തിൽ കയറണ്ട, കാലുരയും, താഴെ വീഴും’ എന്നൊക്കെ പറഞ്ഞ് കുട്ടികളുടെ താൽപര്യത്തെ പിന്നോട്ടു വലിക്കാതെ, അപകടം പറ്റാത്തവിധത്തിൽ എങ്ങനെ മരത്തിൽ കയറാമെന്നും എന്തെങ്കിലും സംഭവിച്ചാൽ തൊട്ടടുത്ത് അച്ഛനമ്മമാർ ഉണ്ടെന്ന ചിന്തയും ധൈര്യവും കുട്ടികളിലേക്ക് പകർന്നു നൽകണം. കുട്ടികൾക്കിഷ്ടം തോക്കെടുത്ത് കളിക്കാനോ വൈലന്റ് ഗെയിം കളിക്കാനോ ആണെങ്കിൽ അവരെ തടയണ്ട. അത് അവരുടെ മേഖലയാണെന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടായി തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കിയാൽ മതിയാകും.

∙ മിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടികൾ തങ്ങളുടെ പ്രൊഫഷണൽ ഫീൽഡിലേക്ക് തന്നെ എത്തണം എന്നായിരിക്കും. മാതാപിതാക്കൾക്ക് താൽപര്യമുള്ള കാര്യങ്ങളിൽ കുട്ടികൾക്കും നിർബന്ധമായും താൽപര്യമുണ്ടായിരിക്കണം എന്നും ശഠിക്കുന്നവരുമുണ്ട്. എന്നാൽ അതിലൊന്നും താൽപര്യം കാണിക്കാതെ കുട്ടികൾ അവരുടേതായ വ്യത്യസ്ത പ്രവൃത്തികളില്‍ മുഴുകാനാണ് താൽപര്യമെങ്കിൽ ആ മേഖലയിൽ മികവ് തെളിയിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്.

∙ വിമർശനങ്ങളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുക. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കളിയാക്കിയാല്‍ അതിൽ വികാരാധീനനായി തളർന്നു പോകാതെ വിമർശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടികളോട് പറഞ്ഞു കൊടുക്കുക.

14 വയസ്സു മുതൽ 
പലവിധ വികാരങ്ങളെ ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകുന്ന ഘട്ടമാണ് കൗമാരപ്രായകാലം. കുട്ടികൾ ദേഷ്യവും ഗൗരവമേറിയ വികൃതികളും കൂടുതൽ ഉണ്ടാകുന്നത് കൗമാരപ്രായത്തിലാണ്. എന്തും ചെയ്യാനുള്ള ധൈര്യവും ഊർജ്ജവും കൂടുതലായി ഉള്ള ഈ പ്രായത്തിൽ അതിനെ നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താനാണ് മാതാപിതാക്കള്‍ നിർദ്ദേശം നൽകേണ്ടത്.

∙ ഉത്തരവാദിത്തബോധം കുട്ടികളിൽ ഉണ്ടാകേണ്ട പ്രായമാണിത്. ഇത് സ്വാഭാവികമായി എല്ലാ കുട്ടികളിലും ഉണ്ടാകണമെന്നില്ല. കുട്ടികളെ അവരുടെ സ്വന്തം പഠനത്തിലും മറ്റ് പ്രവൃത്തികളിലും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും കടമകളെക്കുറിച്ചും പറഞ്ഞുകൊടുക്കുമ്പോൾ മാത്രമാണ് സ്വന്തം കഴിവിനെക്കുറിച്ചും സ്വന്തം അവകാശങ്ങളെക്കുറിച്ചും കുട്ടികൾ ബോധവാന്മാരാകുന്നത്. ഉത്തരവാദിത്തം കൂടുമ്പോൾ കുട്ടികളിലെ കഴിവും ആത്മാഭിമാനവും കൂടുകയും ഉത്തരവാദിത്തബോധം കുറയുമ്പോൾ, ഇതെല്ലാം അവരിൽ കുറയുകയും ചെയ്യും.

∙ സ്വന്തം കഴിവുകളെ ഉപയോഗപ്പെടുത്തി സ്വന്തമായൊരു സ്ഥാനം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുക. ചീത്തകൂട്ടുകെട്ടില്‍ പെട്ടാൽ ഇതൊന്നും നേടിയെടുക്കാനാകില്ലെന്നും കുട്ടികളോട് പറഞ്ഞ് ബോദ്ധ്യപ്പെടുത്തി കൊടുക്കുക. അമിത സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകുന്നത് ദോഷത്തിലേക്കേ ചെന്നെത്തൂ.

∙ ‘താടിയുള്ളപ്പനേ പേടിയുള്ളൂ’ എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. അച്ഛന്മാരെയാണ് ഏറെ കുട്ടികൾക്കും പേടി കൂടുതൽ. അതിന്റെയർത്ഥം ‘താടിയുള്ളത്’ കൊണ്ടാണ് എന്നൊന്നുമല്ല. എങ്കിലും അച്ഛനായാലും അമ്മയായാലും ശാസിച്ച് തന്നെയാകണം കുട്ടികളെ വളർത്തേണ്ടത്. ചെറിയ ശിക്ഷകളും നൽകാം. ഇത് കുട്ടികളുടെ കൗമാര പ്രായമെത്തുമ്പോഴല്ല തുടങ്ങേണ്ടത്. ചെറുപ്പത്തിലേ മാതാപിതാക്കളോട് ഭയഭക്തി ബഹുമാനം തോന്നുന്ന വിധത്തിലാകണം കുട്ടികളെ വളർത്തേണ്ടത് എന്നു തന്നെയാണ് കുട്ടികളുടെ മനഃശാസ്ത്രജ്ഞരും പറയുന്നത്. കുട്ടി നേരായ വഴിയേ സഞ്ചരിക്കാന്‍ അവരെ പ്രഹരിക്കുന്നതിലും തെറ്റൊന്നുമില്ല.

..