ഈ കളിപ്പാട്ടങ്ങൾക്ക് പ്രവേശനമില്ല രാജകുടുംബത്തിലും കോടീശ്വരന്റെ വീട്ടിലും! | Princess Charlotte Prince George Banned Playing Toy | Parenting

ഈ കളിപ്പാട്ടങ്ങൾക്ക് പ്രവേശനമില്ല രാജകുടുംബത്തിലും കോടീശ്വരന്റെ വീട്ടിലും!

വില്ല്യം രാജകുമാരന്റേയും കേറ്റ് മിഡിൽറ്റണിണിന്റേയും മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിക്കും എത്രമാത്രം കളിപ്പാട്ടങ്ങളായിരിക്കും ഉണ്ടാകുകയല്ലേ? വേണമെങ്കിൽ ലോകത്തിലെ എല്ലാത്തരം കളിപ്പാട്ടങ്ങളും കിട്ടിയേക്കാം അവര്‍ക്ക്. പക്ഷേ ഒരു കളിപ്പാട്ടം മാത്രം അവർക്ക് കിട്ടില്ല, അതെന്ത് കളിപ്പാട്ടമാണെന്നാണോ ചിന്തിക്കുന്നത്. കുട്ടികളുടെ ചിന്തയേയും ചുറുചുറുക്കിനേയുമൊക്കെ പ്രതികൂലമായി ബാധിക്കുന്ന ഐപാഡും അതുപോലുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് അവ. അത്തരം കളിപ്പാട്ടങ്ങളെ മാറ്റി നിർത്തിയുള്ള കളികൾ മതിയെന്നാണ് വില്ല്യമിന്റേയും കേറ്റിന്റേയും തീരുമാനം. അവ അവർക്കു കളിക്കാൻ കൊടുക്കില്ലെന്നു മാത്രമല്ല വീട്ടിലും തൽക്കാലം അവയ്ക്ക് സ്ഥാനമില്ല.

ഇപ്പാഴത്തെ കുട്ടികൾ ഇത്തരം കളിക്കോപ്പുകളില്ലാതെ എങ്ങനെ കളിക്കും എന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരവും അവർ നൽകുന്നുണ്ട്. സാധാരണ കളിപ്പാട്ടങ്ങളും പുറത്തുള്ള കളികളുമാണ് കുട്ടികൾക്കാവശ്യം. അതവരുടെ ഭാവനയേയും ചിന്തകളേയും ഉണർത്തും. കഴിഞ്ഞ ക്രിസ്മസിന് സാന്റയപ്പൂപ്പനുള്ള കത്തിൽ കുഞ്ഞു രാജകുമാരൻ ചോദിച്ച സമ്മാനം വെറും ഒരു പൊലീസ് കാർ കളിപ്പാട്ടം മാത്രമായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

വില്ല്യമിനേയും കേറ്റിനേയും പോലെ തന്നെയാണ് ബിൽ ഗേറ്റ്സും. ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ സമ്പന്നൻ, മൈക്രോസോഫ്റ്റിന്റെ ഉടമ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. എന്നാൽ മറ്റൊരു കാര്യത്തിലും ബിൽ ഗേറ്റ്സ് എല്ലാ മാതാപിതാക്കൾക്കും മാതൃകയാണ്. എല്ലാ സുഖസൗകര്യങ്ങളും നൽകിയാകും അവരെ അദ്ദേഹം വളർത്തുക എന്നല്ലേ നമ്മളിൽ പലരും വിചാരിച്ചിരിക്കുന്നത്.

എന്നാൽ ബിൽഗേറ്റ്സ് തൻറെ കുട്ടികളെ പതിനാലു വയസ്സുവരെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. മാത്രമല്ല അധിക നേരം ഇൻറർനെറ്റിൽ ചെലവഴിക്കാനും സമ്മതിച്ചിരുന്നില്ലത്രേ. ഭക്ഷണ സമയത്ത് ഫോൺ ഉപയോഗിക്കാതിരിക്കാൻ ബിൽഗേറ്റ്സും ഭാര്യയും അവർക്ക് മാതൃക കാട്ടി. ഇതൊക്ക കുടുംബാംഗങ്ങൾ തമ്മിൾ കൂടുതൽ ഇടപഴകാനും ബന്ധം ഊഷ്മളമാകാനും സഹായിക്കുമെന്ന് ബിൽഗേറ്റ്സ് പറയുന്നു.

മൊബൈൽ ഫോണിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടേയും അധിക ഉപയോഗം കുട്ടികളെ ടെക്നോളജി അഡിക്റ്റാക്കും എന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് നിയന്ത്രിക്കുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. കുട്ടികളെ ഇത്തരം കളിപ്പാട്ടങ്ങളിൽ നിന്നെല്ലാം കുട്ടികളെ അകറ്റി നിർത്തണമെന്ന് നമ്മളിൽ പലരും ഘോരഘോരം പറയുമെങ്കിലും അത് പ്രാവർത്തികമാക്കാൻ കഴിയാറില്ല. കുട്ടികളെ പ്രകൃതിയോടിണക്കി വളർത്താം. പുറത്ത് കളിച്ച് തിമിർത്ത് വളരട്ടെ അവർ.