ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് വില്യം രാജകുമാരൻ

ഒരു ഭർത്താവിൽ നിന്ന് അച്ഛനിലേക്കുള്ള സ്ഥാനക്കയറ്റം ഏതൊരു പുരുഷനിലും വലിയ മാറ്റങ്ങൾ വരുത്തുമല്ലോ. ആലസ്യത്തിന്റെ നാളുകൾക്കു പിന്നീട് ഒരു നീണ്ട ഇടവേള ലഭിക്കും.. ആ കുഞ്ഞുകരച്ചിലുകൾക്കു ആശ്വാസമേകാനും ആ കളിചിരികൾക്കൊപ്പം കൂട്ടുകൂടാനും രാത്രികളിൽ ഉറക്കം വെടിഞ്ഞു തോളത്തു കിടത്തി ഉറക്കാനും അമ്മക്കൊപ്പം തന്നെ ഇന്ന് അച്ഛനും കൂടാറുണ്ട്. അങ്ങനെ അമ്മക്കൊപ്പം എല്ലാകാര്യങ്ങളിലും കൂടാറുണ്ടെങ്കിലും തങ്ങളുടെ ഉറക്കം നഷ്ടപെടുന്നതിൽ നിരാശരായിരിക്കും ഭൂരിപക്ഷം അച്ഛന്മാരും.. അങ്ങനെയൊരു നിരാശ നിറഞ്ഞ പിതാവിന്റെ തുറന്നു പറച്ചില് ഇപ്പോൾ കേൾക്കുന്നത് ഇംഗ്ലണ്ടിൽ നിന്നാണ്. പറയുന്നത് വേറെയാരുമല്ല..സാക്ഷാൽ വില്യം രാജകുമാരനാണ് ഉറക്കം നഷ്ടപെടുന്നതിലുള്ള തന്റെ ബുദ്ധിമുട്ട് മറച്ചു വെക്കാതെ തുറന്നു പറഞ്ഞിരിക്കുന്നത്.

മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് വില്യം രാജകുമാരനും ഭാര്യയും. ഈ വരുന്ന ഏപ്രിലിൽ കേറ്റ് മിഡിൽറ്റൺ ഒരു കുഞ്ഞിന് കൂടി ജന്മം നൽകും. രാജകുടുംബം ഒന്നാകെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

കെൻസിംഗ്ടൺ കൊട്ടാരത്തിൽ ഈയിടെ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു വില്യം രാജകുമാരൻ വളരെ സത്യസന്ധമായി പ്രതികരിച്ചത്. ഒരു കുഞ്ഞിന്റെ ജനനത്തോടെ ഉറക്കമെന്നത് എല്ലാ മാതാപിതാക്കൾക്കും വളരെ വിലപ്പെട്ട ഒന്നായി തീരുമെന്നും ഈ മുപ്പത്തിയഞ്ചാം വയസ്സിൽ ഉറക്കത്തിനു താൻ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും ഇനി തന്നെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നുമാണ് രാജകുമാരന്റെ രസകരമായ മറുപടി.

ഏപ്രിലിലാണ് കുഞ്ഞു ജനിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ എത്രത്തോളം ഉറങ്ങാൻ സാധിക്കുമോ അത്രയും താൻ ഉറങ്ങാൻ ശ്രമിക്കുന്നുണ്ടെന്നും മൂന്നാമത്തെ കുഞ്ഞിനെ കുറിച്ച് ഓർത്തു ഇപ്പോൾ തന്നെ തനിക്കു അല്പം പേടിയുണ്ടെന്നും വില്യം രാജകുമാരൻ കൂട്ടി ചേർത്തു.

ഹൃദയം കൊണ്ടാണ് പലപ്പോഴും കുടുംബത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു വില്യം രാജകുമാരൻ മറുപടി നല്കാറ്. കുട്ടികളുടെ ജനനത്തോടെ തനിക്കു ഒരു പിതാവെന്ന നിലയിൽ വളരെ അദ്ഭുതകരമായ നിരവധി ഉയർച്ചകളും താഴ്ചകളും സംഭിവിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിനു വളരെ വലിയ മാനങ്ങൾ നൽകിയത് തന്റെ കുഞ്ഞുങ്ങളാണ്. അവരാണ് കുടുംബമെന്നതിനു പൂർണത നൽകുന്നത്. അതുകൊണ്ടു തന്നെ പിതാവെന്നതു വളരെ വലിയൊരു ബഹുമതിയാണ്. ഒരു ഭാര്യ എന്ന നിലയിലും അമ്മയെന്ന നിലയിലും കേറ്റ്, തനിക്കും കുഞ്ഞുങ്ങൾക്കും നൽകുന്ന പിന്തുണ വളരെ വലുതാണ്.

കുഞ്ഞുങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്ന ഒരു പിതാവിന്റെ വെളിപ്പെടുത്തലുകളാണിത്. തനിച്ചു ജീവിച്ചതിനേക്കാൾ എത്രയോ മികച്ചതാണ് ഒരു ഭർത്താവും പിതാവുമായുള്ള ജീവിതമെന്ന് വില്യം രാജകുമാരൻ തന്റെ വാക്കുകൾ കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.