കേറ്റിന്റെ കൈകളിൽ കുഞ്ഞുരാജകുമാരൻ ഭദ്രം!

കഴിഞ്ഞ കുറച്ചു നാളുകളായി രാജകുടുംബത്തിൽ തുടർച്ചയായി ആഘോഷങ്ങളാണ്. വില്യം രാജകുമാരനൊരു ആൺകുഞ്ഞു ജനിച്ചതും ഹാരി രാജകുമാരന്റെ വിവാഹവും ലോകം മുഴുവൻ ആഹ്ളാദത്തോടെയാണ് കൊണ്ടാടപ്പെട്ടത്. ആഘോഷങ്ങൾക്ക് വിരാമമായിട്ടില്ലെന്നു പറഞ്ഞുകൊണ്ട് ഇതാ മറ്റൊരു മംഗളകർമത്തിന് കൂടി കഴിഞ്ഞ ദിവസം രാജകൊട്ടാരം വേദിയായി. കൊട്ടാരത്തിലെ ഇളമുറക്കാരനായ വില്യം രാജകുമാരന്റെ മകന്റെ മാമോദീസചടങ്ങാണ് കഴിഞ്ഞ ദിവസം ആഘോഷിക്കപ്പെട്ടത്.

മാമോദീസ ചടങ്ങിനെത്തിയ കേറ്റിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കൈകളിൽ കുഞ്ഞുരാജകുമാരൻ ലൂയിസിനേയും കൊണ്ട് വളരെ അഭിമാനത്തോടെയാണ് കേറ്റ് ചാപ്പലിലേക്കു കയറിവരുന്നത്. പതിനൊന്നു ആഴ്ച പ്രായമായ ലൂയിസ് അമ്മയുടെ കൈകളിൽ നിഷ്കളങ്കതയോടെ മയങ്ങുന്നതു ആ ഫോട്ടോകളിൽ കാണാം. കാന്റർബറിയിലെ ആർച്ച്ബിഷപ്പിന്റെ ആശംസകൾ സ്വീകരിച്ചുകൊണ്ടാണ് ഇരുവരും ചാപ്പലിനുള്ളിലേക്കു കയറിയത്. ജോർജിനെ പോലെ തന്നെയാണ് ലൂയിസെന്നാണ് കേറ്റിന്റെ പക്ഷം.

വില്യം രാജകുമാരൻ ചടങ്ങിനെത്തിയത് ലൂയിസിന്റെ സഹോദരങ്ങളായ ജോർജിന്റെയും ഷാലറ്റിന്റെയും കൈപിടിച്ചുകൊണ്ടാണ്. മാധ്യമങ്ങളോട് പരിചിതഭാവം കാണിച്ച ഇരുവരും ആർച്ച് ബിഷപ്പിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ചാപ്പലിനുള്ളിലേക്കു പ്രവേശിച്ചത്. ചാൾസ് രാജകുമാരനും പത്നിയായ കാമിലയും ലൂയിസിന്റെ മാമോദീസ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജകൊട്ടാരത്തിലെ ഇപ്പോഴത്തെ ശ്രദ്ധേയ താര ദമ്പതിമാരായ ഹാരി രാജകുമാരനും മേഗൻ മോർക്കലും തങ്ങളുടെ സഹോദര പുത്രന് സമ്മാനവുമായാണ് ചടങ്ങിനെത്തിയത്. കേറ്റിന്റെ ബന്ധുക്കളും സഹോദരിമാരും ലൂയിസിന്റെ മാമോദീസ കാണാനായി എത്തിയിരുന്നു. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തിരക്കുകൾ കാരണം ചടങ്ങിനെത്തിയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.

ലൂയിസിന്റെ മാമോദീസ ചടങ്ങുകൾ രാജകീയമായി തന്നെ ആഘോഷിക്കപ്പെട്ടുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേറ്റിന്റെ കൈകളിലിരുന്ന സുന്ദരനായ ലൂയിസിനെ സമൂഹമാധ്യമങ്ങൾ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഓമനത്തം തുളുമ്പുന്ന ഈ കുഞ്ഞുതാരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.