പേജ് ബോയിയായി തിളങ്ങി കുഞ്ഞ് രാജകുമാരൻ‌‌

ഇക്കൊല്ലം പേജ് ബോയി ആയി തിളങ്ങുകയായിരുന്നു വില്യമിന്റേയും കേറ്റ് മിഡിൽറ്റണിന്റേയും മൂത്ത മകൻ ജോർജ് രാജകുമാരന്‍. മൂന്ന് കല്യാണങ്ങൾക്കാണ് രാജകുമാരന്‍ ഇക്കൊല്ലം ജോർജ് പേജ് ബോയിയായത്. അമ്മ കേറ്റ് മിഡിൽറ്റണിന്റെ സഹോദരി പിപയുടേയും ജെയിംസിന്റേയും വിവാഹമായിരുന്ന ആദ്യം പിന്നെ വില്യമിന്റെ സഹോദരൻ ഹാരിയുടേയും മെഗൻ മർക്കളിന്റേയും വിവാഹമായിരുന്നു. ഇപ്പാളിതാ കേറ്റിന്റെ അടുത്ത സുഹൃത്തായ സോഫിയുടെ കല്യാണത്തിലെ പ്രധാന ആകർഷണമായിരുന്ന ഈ കുഞ്ഞ് രാജകുമാരൻ. ഒപ്പം ഫ്ലവർ ഗേളായി കുഞ്ഞനുജത്തി ഷാർലറ്റുമുണ്ടായിരുന്നു.

നല്ല തൂവെള്ള ഷർട്ടും നീല ട്രൗസറിലും പതിവിലും പ്രസന്നനായി കണ്ട രാജകുമാരൻ ആ പാർട്ടിയുടെ ജീവനായിരുന്നുവെന്നു വേണം പറയാൻ. ഇടയ്ക്കിടെ ഡാൻസുകളിച്ചും കുസൃതിയൊപ്പിച്ച് ഓടി നടന്നും വിവാഹ സത്ക്കാരത്തെ ഓളമാക്കി ജോർജ്. അമ്മയുടെ നോട്ടമെത്തുമ്പോൾ കുസൃതി ചിരിയിൽ അമ്മയെ മയക്കുന്ന രാജകുമാരൻ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. ഐവറി നിറത്തിലെ ഫ്രോക്കണിഞ്ഞ് അവിടെയാകെ ഓടി നടന്ന കുഞ്ഞു ഷാർലറ്റിനെ കുറുമ്പു കൂടുമ്പോൾ കേറ്റ് ഒക്കെത്തെടുത്തു പിടിച്ചു

സാധാരണ രാജകുടുംബത്തിലെ പരിപാടികളിൽ അല്പം ഗൗരവക്കാരനായിരുന്നു ജോർജ്. എന്നാൽ കക്ഷി അമ്മയുടെ കൂട്ടുകാരിയുടെ കല്യാണത്തിന് പക്ഷേ അടിച്ചുപൊളിക്കുക തന്നെ ചെയ്തു. അവിടെയുണ്ടായിരുന്ന മറ്റ് പേജ് ബോയികളെയൊക്കെ നയിച്ച്, നിറഞ്ഞ് ചിരിച്ച് ഓരോ നിമിഷവും ആസ്വദിച്ച ആ അഞ്ച് വയസ്സുകാരൻ തന്നെയായിരുന്നു ആ കല്യാണത്തിലെ താരം.