ഓരോ അമ്മയും വായിക്കണം ഈ കുറിപ്പ്

സ്വപ്നതുല്യമായിരുന്നു ആനിയുടെ ദാമ്പത്യത്തിന്റെ ആദ്യ നാളുകള്‍. അതുവരെയും കല്യാണം കഴിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു വീട്ടുകാരുമായി യുദ്ധം ചെയ്തിരുന്ന ആനി കല്യാണം കഴിഞ്ഞതോടെ മുഴുവനായങ്ങു മാറിപ്പോയി. അധികം കഴിയാതെ തന്നെ ആ സന്തോഷത്തിനു മാറ്റുകൂട്ടികൊണ്ടു, ആനിയുടെ ഉദരത്തില്‍ ഒരു ജീവന്‍കൂടെതുടിച്ചു. 

പക്ഷെ ഇന്ന് കാര്യങ്ങള്‍ക്കൊന്നും പഴയ പത്തര മാറ്റില്ല. മിക്ക സമയവും ദേഷ്യത്തിലാണ് ആനി. സമയം ഒന്നിനും തികയുന്നില്ല. ജോലിയെ വല്ലാതെ സ്‌നേഹിച്ചിരുന്ന, 'അംബിഷ്യസ് ആയ അവളിപ്പോള്‍ ഇടയ്‌ക്കെങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ചാലോചിക്കുക പോലും ചെയ്യുന്നുണ്ട്. എന്തിനേറെ പറയുന്നു പ്രിയപ്പെട്ട ഭര്‍ത്താവ് തന്നെ അവളോട് പറഞ്ഞു ഞാന്‍ കെട്ടികൊണ്ടുവന്ന ആളേ അല്ല ഇപ്പോഴത്തെ ആനിയെന്ന്. അത്രയ്ക്കും മാറിപ്പോയിരിക്കുന്നു അവളുടെ സ്വഭാവം..

വീട്ടിലെ ഉത്തരവാദിത്തങ്ങളും കുഞ്ഞിനെ നോക്കലും ജോലിത്തിരക്കും എല്ലാം കൂടെയാകുമ്പോൾ ആകെപ്പാടെ ശ്വാസം മുട്ടുന്ന ന്യൂജന്‍ അമ്മമാരുടെ മുഴുവന്‍ പ്രതിനിധിയാണ് ആനി. 

കുഞ്ഞിനെ അവര്‍ ഒരുപാടു സ്‌നേഹിക്കുന്നുണ്ടാവും പക്ഷെ ജോലിയുപേക്ഷിച്ചു കുഞ്ഞിനെ നോക്കുക എന്നതു പ്രയോഗികമല്ലാതാവുകയും വീട്ടില്‍ സഹായത്തിനായി ഒരാളെ കണ്ടെത്താനാവാതെ വരികയും കൂടി ചെയ്യുമ്പോള്‍ ഇതുപോലൊരു നരകം മുമ്പുണ്ടായിട്ടില്ലെന്നു അവരറിയാതെ ചിന്തിച്ചു പോവുന്നു. 

ഇങ്ങനെ രാജികത്ത് മനസിലെങ്കിലും പലകുറിയെഴുതി വച്ചിരിക്കുന്ന ഒരമ്മയാണോ നിങ്ങള്‍, എങ്കില്‍ ജോണ്‍ എസ് പീറ്റേഴ്‌സിന്റെ 'വെന്‍ മതേഴ്‌സ് വര്‍ക്ക്' എന്ന പുസ്തകത്തില്‍ കൊടുത്തിട്ടുള്ള ഈ കാര്യങ്ങള്‍ കൂടെ ഒന്നു വായിച്ചിട്ടാവാം ബാക്കി. 

പങ്കാളിയെക്കൂടി ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക: അച്ഛന്‍ കൂടി കുഞ്ഞിന്റെ പരിപാലനത്തില്‍ ഇടപെടുന്നതു അമ്മയുടെ ശാരീരീരികമായ  ആരോഗ്യത്തിനു മാത്രമല്ല കുഞ്ഞിന്റെയും അച്ഛന്റെയും മാനസികമായ ആരോഗ്യത്തിനും നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

രാത്രിയില്‍ കുഞ്ഞുകരയുമ്പോള്‍ ഒന്ന് എടുക്കാനും  തട്ടിയുറക്കാനുമൊക്കെ അച്ഛന്‍ കൂടിയുണ്ടെങ്കില്‍ പിറ്റേന്ന് ജോലിക്കിടയില്‍ ഉറക്കം തൂങ്ങുന്നതൊഴിവാക്കാന്‍  അമ്മയ്ക്കാവും. ഇതുപോലെ തന്നെ വീട്ടുജോലികളും രണ്ടുപേരും ഒരുമിച്ചു ചെയ്യുകയാണെങ്കില്‍ ഒരാളുടെ മുകളിലുള്ള അമിതഭാരം ഒഴിവാക്കാനാവും. 

സഹായങ്ങള്‍ നേരത്തെ തന്നെ തേടുക: മെറ്റേണിറ്റി ലീവ് കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കുന്നതിനു ഒന്നോ രണ്ടോ മാസം മുന്‍പ് തന്നെ ഡേ കെയര്‍ സൗകര്യങ്ങളെ കുറിച്ചും, ബേബി സിറ്റേഴ്‌സിനെ കുറിച്ചും അന്വേഷിച്ചു വെക്കണം. 

അവസാന നിമിഷത്തില്‍ ഇതിനു ശ്രമിച്ചാല്‍ പലപ്പോഴും നടന്നെന്നു വരില്ല. പറ്റുമെങ്കില്‍ നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു ഒരു മാസം മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ പാര്‍ട്ട് ടൈമായി പരീക്ഷിക്കവുന്നതാണ്. കുഞ്ഞും ഈ സമയം കൊണ്ട് പുതിയ സാഹചര്യങ്ങളോട് സമരസപ്പെട്ടുവരും. 

വേണ്ട കുറ്റബോധം: പിഞ്ചു കുഞ്ഞിനെ വീട്ടിലിട്ടു ജോലിക്കുവരുന്ന മിക്ക അമ്മമാര്‍ക്കും കുറ്റബോധം കാണാറുണ്ട്. കുഞ്ഞിന് വേണ്ട സമയം കൊടുക്കാന്‍ കഴിയുന്നില്ലലോ എന്നാലോചിച്ചിട്ടാകും അത്. പക്ഷെ മറിച്ചൊന്നാലോചിച്ചു നോക്കു. നിങ്ങള്‍ ജോലിക്കുവരുന്നതുകൊണ്ടു ഭാവിയില്‍ അവര്‍ക്കുണ്ടായേക്കാവുന്ന ഗുണങ്ങള്‍ ഏറെയല്ലേ. മികച്ച രീതിയില്‍ വളര്‍ത്താനും പഠിപ്പിക്കാനും ഒക്കെ അതുപകരിക്കില്ലേ. അതുകൊണ്ടു തന്നെ അതോര്‍ത്തു വലിയ കുറ്റബോധം തോന്നുന്നതിനേക്കാള്‍, കുഞ്ഞിനോടൊത്തുള്ള സമയം ഫലപ്രദമായി വിനിയോഗിക്കുന്നതാണ് ബുദ്ധി. 

വീടിനെ ഓഫീസില്‍ കൊണ്ടുവരേണ്ട: ജോലിസ്ഥലത്താവുമ്പോള്‍ ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ ശ്രദ്ധകൊടുക്കാനും തിരിച്ചു വീട്ടിലെത്തുമ്പോള്‍ കുഞ്ഞുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ പൂര്‍ണമായി ആസ്വദിക്കാനും മനസിനെ ശീലിപ്പിക്കേണ്ടത് ഒരാവശ്യമാണ്. ജോലിസ്ഥലത്തു പോയിട്ട്  മുഴുവന്‍ സമയവും കുഞ്ഞിനെക്കുറിച്ചു വേവലാതിപ്പെടുകയാണെങ്കില്‍ അത് നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയെ പ്രതികൂലമായി ബാധിക്കും.

ഇതോടൊപ്പം തന്നെ മറ്റേണിറ്റി അനുകുല്യങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ അടുത്തിടെ വന്ന പരിഷ്‌കാരങ്ങളും അമ്മമാര്‍ക്ക് ഏറെ സഹായകരമാണ്. അനുകൂലമായ സാഹചര്യങ്ങളില്‍ വീട്ടിലിരുന്നും ജോലിചെയ്യാന്‍ കൊച്ചു കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ഈ നിയമം അവസരം നല്‍കുന്നുണ്ട്.  നിങ്ങൾ സ്ട്രിക്റ്റാണോ? കുട്ടികൾ മിടുക്കരാകും!!!