ഈ മനോഹരമായ ഫോട്ടോയ്ക്കു പിന്നിൽ ഒരു രഹസ്യമുണ്ട്!

കഴിഞ്ഞിടെ നടന്ന ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹചടങ്ങുകളിലെ താരങ്ങൾ നമ്മുടെ ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയുമായിരുന്നു. വില്യത്തിന്റെയും കേയ്റ്റിന്റെയും മക്കളായ ഇവരെക്കൂടാതെ രാജകുടുബത്തിലെ ഇളമുറക്കാരായ രാജകുമാരൻമാരും രാജകുമാരികളും വിവാഹത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു.

ഈ കുട്ടി പട്ടാളത്തെ നിയന്ത്രിക്കുക എന്നത് ചില്ലറ കാര്യമല്ല. വിവാഹ ചടങ്ങുകളിലുടനീളം കേറ്റ് ഉൾപ്പെടെയുള്ള മുതിർന്നവരുടെ മേൽനോട്ടത്തിൽ തന്നെയായിരുന്നു ഈ രാജകുമാരൻമാരും രാജകുമാരിമാരും. എന്നാൽ വിവാഹശേഷമുള്ള ഫോട്ടോഷൂട്ട് രസകരമായിരുന്നു. നീണ്ട വിവാഹചടങ്ങുകൾക്കു ശേഷം ക്ഷീണിതരായ ഈ കുറുമ്പുകളെ ഒരു ക്യാമറ ഫ്രയിമിലാക്കുക എന്നത് അല്പം പ്രയാസം തന്നെയായിരുന്നു.

അലക്സി ലുബ്രോമിർസ്കി എന്ന ഫോട്ടോഗ്രാഫറായിരുന്നു ഈ ശ്രമകരമായ ചിത്രങ്ങൾക്കു പിന്നിൽ. ഹാരി രാജകുമാരനും മേഗൻ മാർക്കിളും നന്നായി പോസ് ചെയ്തു കഴിയുമ്പോഴാകും നമ്മുടെ ഫ്ളവർ ഗേൾസും പേജ് ബോയ്സും രംഗം വഷളാക്കുന്നത്. ഒരു കുടുംബചിത്രമെടുക്കുന്നത് തന്നെ നല്ല പണിയാണ്. എല്ലാവരും നന്നായി പോസ് ചെയ്തെങ്കിലേ ഒരു നല്ല ചിത്രം ലഭിക്കുകയുള്ളൂ. ചിലരാകട്ടെ ഫോട്ടോഫ്രയിമിന് മുന്നിലൂടെ ഓടടാ ഓട്ടം, വേറെ ചിലരാകട്ടെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെയാണ് നോക്കിനില്‍പ്പ്. മറ്റ് ചിലർ ചിരിക്കാൻപോലും കൂട്ടാക്കാതെ കട്ട സീരിയസ്. ഫോട്ടോഗ്രാഫർ അലക്സി ആകെ പെട്ടുവെന്നു പറഞ്ഞാൽ മതിയല്ലോ.

സ്മാർട്ടി ചോക്ലെറ്റ്സ് കൊണ്ട് ഈ കുട്ടിപ്പട്ടാളത്തെ മെരുക്കാമെന്ന ആ രഹസ്യം കുട്ടികളുടെ ഒരു നാനിയാണ് അലക്സിയോട് പറഞ്ഞത്. എല്ലാവരെയും ഒരുവിധം ഫോട്ടോയ്ക്കായി നിർത്തിയ ശേഷം അലക്സി പെട്ടെന്ന് ചോദിച്ചു "ആര്‍ക്കൊക്കയാണ് സ്മാര്‍ട്ടി ഇഷ്ടം". അത് കേട്ടതും എല്ലാ കുരുന്നുകളുടേയും മുഖം സന്തോഷത്താൽ വിടർന്നു, ചിലരാകട്ടെ കൈകൾ ഉയർത്തി തങ്ങളുടെ ഇഷ്ടം അറിയിച്ചു, ഈ തക്കം മുതലാക്കി അലക്സി ചറപറാന്നു ഫോട്ടോയെടുത്തു. അങ്ങനെയാണ് ഈ മനോഹരമായ ചിത്രം പിറന്നത്. ആര്‍ക്കൊക്കെയാണ് സ്മാര്‍ട്ടി ഇഷ്ടം എന്ന് ചോദിച്ചപ്പോൾ ചില മുതിർന്നവും അറിയാതെ കൈപൊക്കിയെന്നത് രഹസ്യം.