ഇടംകയ്യൻമാർക്കും ഇനി പെൻസിൽ ഷാർപനറുകൾ!

ഇടംകൈയൻമാരായി ഒരുപാട് മഹാൻമാരുണ്ട് ഈ ലോകത്ത്. എന്നിട്ടും ലോകം അവരോടു നീതി കാണിക്കുന്നുണ്ടോ എന്നു സംശയം. വലംകയ്യൻമാരുടെ സൗകര്യാർഥമാണ് ഇവിടെ എല്ലാം നിർമിക്കുന്നത്. അതുകൊണ്ടുതന്നെ ഇടം കയ്യന്മാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് നാലു വയസ്സുകാരിയുടെ അമ്മ ശ്വേത ഹിന്ദുസ്ഥാൻ പെൻസിൽ അധികൃതരുമായി പങ്കുവെച്ചത്. അതിനു മറുപടിയും അതിനോടൊപ്പം ലഭിച്ച സമ്മാനവും ഈ അമ്മയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. തന്റെ അനുഭവം ലോകത്തോടു പങ്കുവയ്ക്കുകയാണ് ഈ അമ്മ. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

നാലര വയസുള്ള പെൺകുട്ടിയുടെ അമ്മയാണ് ഞാൻ. പഠനത്തിനും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണവൾ. ഇടംകൈ കൊണ്ടാണ് അവൾ എഴുതുന്നത്. ഇതുവലിയ കാര്യമായി എനിക്കു തോന്നിയിരുന്നില്ല. പക്ഷേ എനിക്കു തെറ്റു പറ്റി. ഒരു ചെറിയ കാര്യം ഞാൻ പങ്കുവയ്ക്കാം.

ഒരു ദിവസം സ്‌കൂളിൽ നിന്നും വന്ന മകൾ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. എന്താണ് ഇതിന് കാരണമെന്ന് മകളോട് ചോദിച്ചു. വിഷമിച്ചു കൊണ്ട് അവൾ മറുടപടി പറഞ്ഞു, മറ്റു കുട്ടികളെ പോലെ എനിക്ക് പെൻസിൽ ഷാർപനർ ഉപയോഗിച്ച് പെൻസൽ കൂർപ്പിക്കാൻ സാധിക്കുന്നില്ല.‘ എന്ന്. ഇതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ചപ്പോഴാണ് വിപണിയിലുള്ള ഷാർപനറുകളെല്ലാം വലം കയ്യന്മാർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നാല് വയസ്സുമാത്രം പ്രായമുള്ള ഒരു ഇടം കൈ പാങ്ങുള്ള ഒരു കുട്ടിക്ക് അത് ഉപയോഗിക്കാൻ പ്രയാസമാണ്. ഞാൻ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളിലെല്ലാം ഇടം കയ്യന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ സ്റ്റേഷനറികൾ നോക്കി. എന്നാൽ ഇത്തരം വസ്തുക്കൾക്ക് ഭയങ്കര വിലയാണെന്ന് കണ്ടെത്തി. കേവലം ഒരു ഷാർപനറിന് തന്നെ 700 രൂപ മുതൽ 1200 രൂപ വരെയായിരുന്നു വില.

നടരാജ്, അപ്‌സര പെൻസിൽ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ പെൻസിൽസ് അധികൃതർക്ക് ഞാൻ ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് കത്തെഴുതി. ശേഷം ഹിന്ദുസ്ഥാൻ കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എന്നെ ഫോണിൽ ബന്ധപ്പെട്ടു. എന്റെ പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ ഇതിൽ പരിഹാരം കണ്ടെത്താമെന്നും ഉറപ്പു നൽകി. ഒരാഴ്ച്ചയ്ക്കകം തന്നെ എനിക്ക് ഇടം കയ്യന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ ഷാർപനറുകൾ അവർ എത്തിച്ചു. അത്തരം ഷാർപ്പനറുകൾ അവർ ഉണ്ടാക്കാറില്ലായിരുന്നിട്ടുകൂടി എന്റെ മകൾക്ക് വേണ്ടിയാണ് അവർ അത് പ്രത്യേകം രൂപകൽപ്പന ചെയ്തത്. കമ്പനിക്ക് നന്ദി അറിയിക്കുന്നു.“

സന്തോഷം ശ്വേതയിൽ മാത്രം ഒതുങ്ങുന്നതല്ല. ഹിന്ദുസ്ഥാൻ പെൻസിൽസിന്റെ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ സഞ്ജയ് തിവാരി ഒപ്പുവെച്ച ആ മറുപടി കത്തിൽ മറ്റൊരു കാര്യം കൂടി എഴുതിയിരുന്നു….ഇടം കയ്യന്മാർക്കായി രൂപകൽപ്പന ചെയ്ത ഷാർപനറുകൾ ഇനി മുതൽ തങ്ങൾ വിപണിയിലിറക്കുമെന്ന്. അപ്പോൾ ഇടംകയ്യൻമാർക്ക് ആവേശത്തോടെ പറയാം, തങ്ങൾക്കും പരിഗണന കിട്ടിത്തുടങ്ങി. പെൻസിൽ ഷാർപ്നറുകളുടെ രൂപത്തിലെങ്കിലും.

കൂടുതൽ വാർത്തകൾക്ക് :http://www.vanitha.in