'ഞങ്ങളെയും അവർ...' ;ഹൃദയം നുറുങ്ങും ഈ കുരുന്നുകളുടെ തുറന്നു പറച്ചിൽ !

ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള തുറന്നു പറച്ചിലുകളായിരുന്നു മീ റ്റൂ എന്ന ക്യാംപെയ്ൻ. ലോകത്തെമ്പാടുമുള്ള സ്ത്രീകൾ ഈ ക്യാംപെയ്ന്റെ ഭാഗമായി തങ്ങൾക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നുകാട്ടി. ലൈംഗികാതിക്രമത്തിന് ഇരയാണെന്ന രഹസ്യം വെളിപ്പെടുത്തിയപ്പോൾ വലിയ പിന്തുണയാണ് ഇരയാക്കപ്പെട്ടവർക്കു പൊതുസമൂഹം നൽകിയത്. എണ്ണിയാൽ ഒടുങ്ങാത്തത്രയും ആളുകൾ തങ്ങളുടെ അനുഭവങ്ങളുമായി സധൈര്യം മുന്നോട്ടുവരുകയും ആ ക്യാംപെയ്ന്റെ ഭാഗമാവുകയും ചെയ്തു. എന്നാലിന്ന് മീ റ്റൂ ക്യാംപെയ്ൻ വീണ്ടും പ്രസക്തമാകുന്നത് ചില മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നതിലൂടെയാണ്. ഈ വെളിപ്പെടുത്തലുകളിലൂടെ അവർ ലക്ഷ്യമിടുന്നത് മോശമായ പെരുമാറ്റങ്ങളെ കുറിച്ച് കുഞ്ഞുങ്ങൾക്ക് കൂടുതൽ അവബോധം നൽകുക, അത്തരത്തിലുള്ളവയെ എളുപ്പത്തിൽ തിരിച്ചറിച്ചറിഞ്ഞ് ചെറുത്തുനിൽക്കുക എന്നിവയാണ്.

യൂ ട്യൂബ് ചാനലായ 'കട്ട്' ലാണ് മീ റ്റൂ ക്യാംപെയ്ന്റെ ഭാഗമായുള്ള ഈ വീഡിയോകൾ ഷെയറു ചെയ്തിരിക്കുന്നത്. പേരെന്റ്സ് എക്സ്പ്ലയിൻ # മീ റ്റൂ എന്നാണ് ഈ വീഡിയോയുടെ പേര്. ലൈംഗികാതിക്രമം പോലുള്ള അനുഭവങ്ങൾ നേരിട്ട തങ്ങളുടെ കുഞ്ഞുങ്ങളുമായുള്ള മാതാപിതാക്കളുടെ സംഭാഷണങ്ങൾ വളരെ വികാരപരമായാണ് കടന്നുപോകുന്നത്. സത്യസന്ധവും തുറന്നുമുള്ള കുട്ടികളുടെ വെളിപ്പെടുത്തലുകൾ കാഴ്ചക്കാരിൽ നോവുണർത്തുക തന്നെ ചെയ്യും.

വിഡിയോ ആരംഭിക്കുന്നത് നിക്കോൾ എന്ന മാതാവ് തന്റെ കുഞ്ഞുമകന് ലൈംഗികാതിക്രമങ്ങൾ എന്താണെന്നു പറഞ്ഞുകൊടുത്തുകൊണ്ടാണ്. ''മോശമായ രീതിയിൽ ആരെങ്കിലും നമ്മളോട് പെരുമാറുകയോ നമ്മുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതോ പോലുള്ള കാര്യങ്ങളാണ് ലൈംഗികാതിക്രമങ്ങൾ. ധാരാളം പേർക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും പക്ഷേ, പലരും ഭയം മൂലം ഇക്കാര്യങ്ങൾ പുറത്തുപറയാറില്ല. സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ഇത്തരത്തിലുള്ള കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മോശമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഞാനും അത്തരത്തിലൊരിരയാണ്. രണ്ടുവർഷങ്ങൾക്കു മുൻപ് മാത്രമാണ് എനിക്ക് ഈ കാര്യം എന്റെ ഡാഡിയോടു പോലും പറയാൻ സാധിച്ചത്''. നിക്കോൾ പറയുന്നു. ഇന്നത്തെ കാലത്ത് ഈ കാര്യങ്ങൾക്കു വളരെയധികം പ്രാധാന്യമുണ്ട്. കുഞ്ഞുങ്ങളാണ് പ്രധാന ഇരകൾ. അതുകൊണ്ടു തന്നെ മാതാപിതാക്കൾക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങളെക്കുറിച്ചു അറിവുണ്ടായിരിക്കേണ്ടതാണ്. ആ മാതാവ് കൂട്ടിച്ചേർക്കുന്നു.

ഇതുകൂടാതെ മറ്റു രണ്ടു പെൺകുട്ടികൾ അവരുടെ അമ്മമാരോട് തങ്ങൾക്കു സ്കൂളിൽ വെച്ചുണ്ടായ ദുരനുഭവങ്ങൾ കൂടി ഈ വിഡിയോയിൽ പങ്കുവെക്കുന്നുണ്ട്. ഒരിക്കലും അങ്ങനെ സംഭവിച്ചത് അവരുടെ തെറ്റുകൊണ്ടല്ലെന്നും കാര്യങ്ങൾ ഇങ്ങനെ തുറന്നുപറയാൻ കുഞ്ഞുങ്ങൾ ധൈര്യം കാണിച്ചതിൽ അഭിമാനമുണ്ടെന്നും ആ രണ്ട് അമ്മമാരും മക്കളോട് വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ, മാതാപിതാക്കളോട് ഇങ്ങനെ തുറന്നു സംസാരിക്കുന്നത് നല്ലതാണെന്നും ശരിയായ മാർഗം അതുതന്നെയാണെന്നും ആരും നിങ്ങളുടെ മേൽ നേട്ടങ്ങളുണ്ടാക്കാൻ അനുവദിക്കരുതെന്നും ആ അമ്മമാർ കുഞ്ഞുങ്ങളെ പറഞ്ഞു ബോധ്യപെടുത്തുന്നു.

മൂന്നു സംഭാഷണങ്ങൾ മാത്രമുള്ള ഒരു വിഡിയോ ആണിത്. പക്ഷേ, വലിയൊരു സന്ദേശം നൽകാൻ ഈ സംഭാഷണങ്ങൾക്കു സാധിക്കുന്നുണ്ട്. തങ്ങൾക്കു ചുറ്റിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു കുട്ടികൾക്ക് അവബോധം നൽകുന്നതിനൊപ്പം ഇത്തരത്തിലുള്ള കാര്യങ്ങൾ മാതാപിതാക്കളുമായി തുറന്നു സംസാരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് പേരെന്റ്സ് എക്സ്പ്ലയിൻ # മീ റ്റൂ എന്ന ഈ വിഡിയോ.