മക്കളോട് പറയാന്‍ പാടില്ലാത്ത 7 കാര്യങ്ങൾ

മഞ്ജു പി.എം

മക്കളെ സ്നേഹിച്ചോളൂ, ലാളിച്ചോളൂ, ഉപദേശിച്ചോളൂ. പക്ഷേ ഈ ഏഴുകാര്യങ്ങൾ മാത്രം പറയാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളൊരുപക്ഷേ നല്ല ഉദ്ദേശത്തോടെയായിരിക്കും മക്കളെ ഉപദേശിക്കുന്നത്. പക്ഷേ ഓർക്കാതെ അതിനിടയിൽ പറയുന്ന ഈ കാര്യങ്ങൾ കുട്ടികളുടെ മനസ്സിനെ വേദനിപ്പിക്കുകയും ഇതവരുടെ ഭാവിയെ തെറ്റായി ബാധിക്കുകയും ചെയ്യും.

1. കളിച്ച് സമയം കളയരുത്
കുട്ടികൾ സ്കൂളിൽ പോയിതുടങ്ങുമ്പോൾ മുതൽ മാതാപിതാക്കൾ അവരുടെ കളി സമയം ചുരുക്കും. മുതിർന്ന ക്ലാസുകളിലേക്കെത്തുമ്പോൾ അവർക്ക് എന്തെങ്കിലും കളികളിൽ അൽപസമയം മുഴുകാൻ അനുവദിക്കാതെ പഠിത്തത്തിൽ ശ്രദ്ധിക്കുക എന്ന ഉപദേശമായിരിക്കും എപ്പോഴും നൽകുക. തൽഫലമായി കുട്ടികളുടെ മനസ്സിൽ മാനസിക സംഘർഷങ്ങൾ വളരുകയും അത് പല ഗുരുതരമായ വൈകാരിക പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. പഠനവും കളിയും വിനോദങ്ങളും സംതുലനപ്പെടുത്തി കൊണ്ടുപോവുകയാണ് വേണ്ടത്.

2. നിനക്ക് തോന്നുന്നത് പറഞ്ഞോളൂ, ആരെയും പേടിക്കേണ്ട കാര്യമില്ല
ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന കുട്ടികളുണ്ട്. അവര്‍ മറ്റുള്ളവരുടെ ശ്രദ്ധയെ പെട്ടെന്നാകർഷിക്കും. അതിഷ്ടപ്പെടുന്ന മാതാപിതാക്കൾ നിനക്കിഷ്ടമുള്ളത് പറഞ്ഞോളൂ എന്ന സ്വാതന്ത്ര്യവും കുട്ടികൾക്ക് നൽകിയിട്ടുണ്ടാകും. എന്നാൽ ചില ആളുകൾക്ക് ഓവർ സ്മാർട്ടായി സംസാരിക്കുന്ന കുട്ടികളോട് താല്‍പര്യം തോന്നാറില്ല. എന്നാൽ സ്കൂളിൽ നടക്കുന്ന ഒരു ചർച്ചയിലോ സംവാദത്തിലോ പങ്കെടുത്ത് നന്നായി സംസാരിക്കുന്ന കുട്ടികളെ എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് സ്മാർട്ടായി സംസാരിക്കേണ്ടത് എവിടെയാണെന്ന് കുട്ടികൾക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കണം. എന്ത് പറയണം, ആരോട് പറയണം, എങ്ങനെ പറയണം, ഏതവസരത്തിൽ പറയണം എന്ന് മക്കളോട് പറഞ്ഞു കൊടുക്കണം. കുട്ടികൾ അവരുടെ മനസ്സിൽ തോന്നുന്നതൊക്കെ കാണുന്നവരോടൊക്കെ വിളിച്ച് പറഞ്ഞാൽ, ഭാവിയിൽ അത് ദോഷം ചെയ്യുന്നത് മാതാപിതാക്കളെ ആയിരിക്കും.

3. ഭാവിയെക്കുറിച്ചാകണം എപ്പോഴും ചിന്ത
മക്കളെ ആരാക്കണം എന്ന് എല്ലാ മാതാപിതാക്കളിലും ആഗ്രഹമുണ്ടാകും. അതിനായി വളരെ ചെറുപ്പത്തിലേ പരിശീലനം നൽകുന്നവരുമുണ്ട്. ‘എപ്പോഴും പഠിക്കുക, നല്ല മാർക്ക് വാങ്ങുക, നല്ല ഗ്രേഡ് വാങ്ങുക എങ്കിലേ ഭാവിയിൽ അങ്ങനെയൊക്കെ ആകാൻ പറ്റൂ’ എന്ന് നിരന്തരമായി പറയുന്ന മാതാപിതാക്കൾ മക്കളെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പീഡനം അവരില്‍ മാനസിക സമ്മർദ്ദം വളർത്താനേ ഉപകരിക്കൂ. യഥാർത്ഥത്തിൽ ചെയ്യേണ്ടത്, മക്കളുടെ തൊട്ടുമുന്നിലുള്ള പരീക്ഷകളും മത്സരങ്ങളും നന്നായി മുന്നേറാൻ അവർക്ക് വേണ്ട പ്രചോദനം നൽകുക എന്നതാണ്. ആ പ്രചോദനം ഓരോ വർഷവും കൂട്ടികൂട്ടി കൊണ്ടുവരികയാണ് വേണ്ടത്. അങ്ങനെ വരുമ്പോൾ കുട്ടികളുടെ മനസ്സിൽ സ്വയം തോന്നൽ ഉണ്ടാകും. തന്റെ മാതാപിതാക്കളുടെ ആഗ്രഹം പോലെ ഭാവിയിൽ എനിക്ക് സാധിക്കണം എന്ന ലക്ഷ്യം കുട്ടികളിൽ താനേ വളർത്തിയെടുക്കാനാണ് മാതാപിതാക്കൾ പ്രചോദനം നൽകേണ്ടത്.

4. ആ കുട്ടിയെ നോക്ക്, നിനക്കെന്താ അതുപോലെ ആയാല്‍?
ഒരേപോലെയാകാൻ രണ്ട് കുട്ടികൾക്കാകില്ല. മറ്റു കുട്ടികളുടെ കഴിവുകളെ സ്വന്തം മക്കളുടേതുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്ന മാതാപിതാക്കൾ ആദ്യം മനസ്സിലാക്കേണ്ടത് ഈ കാര്യമാണ്. സത്യത്തിൽ സ്വന്തം മക്കളെ പ്രചോദിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക എന്ന സദുദ്ദേശ്യത്തോടെയായിരിക്കും മാതാപിതാക്കൾ താരതമ്യപ്പെടുത്തുന്നത്. പക്ഷേ ഫലം വിപരീതഗുണമായിരിക്കും പലപ്പോഴും ഉണ്ടാക്കുന്നത്. തന്റെ കഴിവിനെ മറ്റൊരു കുട്ടിയുടേതുമായി താരതമ്യപ്പെടുത്തി കുറച്ചു കാണിക്കുമ്പോൾ അത് കുട്ടികളിലെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും മനസ്സിനെ നിരുത്സാഹപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

5. ഇങ്ങനെ വെറുതെയിരിക്കാതെ നിനക്കെന്തെങ്കിലും ഒക്കെ ചെയ്തുകൂടേ?
തങ്ങളുടെ മക്കൾ എപ്പോഴും മറ്റുള്ളവരേക്കാൾ ഉന്നതിയിൽ നിൽക്കണം എന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. അതുകൊണ്ട് മക്കൾ പാഠ്യേതര വിഷയങ്ങളായാലും എപ്പോഴും എന്തെങ്കിലുമൊക്കെ പരിശീലിച്ചോ പഠിച്ചോ കൊണ്ടിരിക്കണമെന്ന് പല പാരന്റ്സും ആഗ്രഹിക്കുന്നു. അതിനായി കുട്ടികൾക്ക് നിർബന്ധിതമായി അവസരങ്ങളൊരുക്കുകയും ചെയ്യുന്നു. അങ്ങനെ അവധി ദിവസങ്ങളിലെ സമയം പോലും മറ്റ് പല ആക്ടിവിറ്റികളും പഠിക്കാനായി ചെലവാക്കുമ്പോള്‍, ഒന്ന് പാർക്കിൽ പോകാനോ, കൂട്ടുകാരുമൊത്ത് കളിക്കാനോ, ഉറങ്ങാനോ, കഥാപുസ്തകങ്ങൾ വായിക്കാനോ, സിനിമ കാണാനോ, ഒന്നു സ്വപ്നം കാണാനോ പോലും സമയം കിട്ടാത്തവിധം കുട്ടികൾക്ക് ജീവിതം തിരക്കേറിയതായി മാറുന്നു. അവർക്കിഷ്ടപ്പെട്ട മേഖലകളിലാണ് പരിശീലനം നൽകേണ്ടത്. തല്ലി പഴുപ്പിക്കുന്നതിനേക്കാൾ നല്ലത് താനേ പഴുക്കുന്നതല്ലേ.

6. എപ്പോഴും നീ ഒന്നാമതാകണം
പഠിത്തത്തിലായാലും മറ്റ് പാഠ്യേതര മത്സരങ്ങളിലായാലും നീ ആയിരിക്കണം ഒന്നാമതാകേണ്ടത് എന്ന രീതിയിലാണ് മിക്ക മാതാപിതാക്കളും മക്കൾക്ക് പ്രചോദനം നൽകുന്നത്. സ്നേഹിക്കാനും മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറാനും ആരും മക്കളെ പഠിപ്പിച്ചു കൊടുക്കുന്നില്ല. എപ്പോഴും എവിടെയും വിജയിക്കണം എന്ന മനോഭാവം മാത്രം മക്കളില്‍ വളർത്തിയെടുക്കാനാണ് മിക്ക പാരന്റ്സും ശ്രമിക്കുന്നത്. എപ്പോഴും വിജയിക്കാനുള്ള സാഹചര്യങ്ങൾ മാത്രമല്ലല്ലോ ജീവിതത്തിൽ നേരിടേണ്ടി വരുന്നത്. നഷ്ടങ്ങളെയും പരാജയങ്ങളെയും എങ്ങനെ അഭിമുഖീകരിക്കണം എന്ന് കൂടി പറഞ്ഞു കൊടുക്കണം. അല്ലെങ്കില്‍ പ്രതികൂല അനുഭവങ്ങളിൽ മാതാപിതാക്കൾ പോലും ഞങ്ങളെ പിന്തുണക്കില്ലല്ലോ എന്ന മാനസിക സമ്മർദ്ദം കുട്ടികളിൽ വളർന്നുവരും.

7. പഠിക്കുന്ന കുട്ടികളുമായി മാത്രം കൂട്ടുകൂടിയാൽ മതി
മക്കളുടെ പരാജയങ്ങൾക്കും സ്വഭാവദൂഷ്യങ്ങൾക്കുമെല്ലാം ‘കൂട്ടുകെട്ടിനെ’ പഴിക്കുകയാണ് എല്ലാ മാതാപിതാക്കളും ചെയ്യുന്നത്. മക്കളുടെ സുഹൃത്തുക്കളിൽ ആരൊക്കെയാണ് നല്ലതെന്ന് പലപ്പോഴും പാരന്റ്സ് സ്വയം തീരുമാനിക്കുന്നു. എത്രയൊക്കെ സ്വഭാവഗുണമുള്ള കുട്ടിയായാലും പഠനത്തിൽ അൽപം പിന്നോട്ടാണെങ്കിൽ അവരുമായി അധികം കൂട്ടുവേണ്ടെന്നാണ് പലരും മക്കളെ ഉപദേശിക്കുന്നത്. മക്കളുടെ നല്ല ഫ്രണ്ട്സിന്റെ അളവുകോൽ പഠനമികവിലെ നിലവാരമാണെന്ന് അവർ വിലയിരുത്തുന്നു. എത്രയൊക്കെയായാലും ഫ്രണ്ട്സിന്റെ സ്വഭാവം മക്കൾക്കല്ലേ നന്നായറിയൂ. അതനുസരിച്ചേ കുട്ടികളും കൂട്ടുകൂടൂ. ഇനി അത്രമാത്രം മോശപ്പെട്ട സ്വഭാവമുള്ള സുഹൃത്തുക്കൾ മക്കൾക്കുണ്ടെങ്കിൽ ആ സൗഹൃദത്തിൽ നിന്നും പിന്തിരിപ്പിക്കാന്‍ പാരന്റ്സ് വേണ്ടത് ചെയ്യുകയും വേണം.