സ്ഥിരമായി ദേഷ്യപ്പെടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്..

മാതാപിതാക്കൾ സ്ഥിരമായി ദേഷ്യപ്പെടുകയും തർക്കിക്കുകയും ചെയ്യുന്നത് കണ്ടു വളരുന്ന കുട്ടികൾ ദേഷ്യത്തോട് സെൻസിറ്റീവായി പ്രതികരിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. ജേർണൽ ഓഫ് ഫാമിലി സൈക്കോളജിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.പഠനത്തിനായി തിരഞ്ഞെടുത്ത കുടുംബത്തിലെ അമ്മമാർക്ക് പൂരിപ്പിക്കുവാനായി ചോദ്യാവലികൾ നൽകി കുടുബങ്ങളെ മാതാപിതാക്കൾ തമ്മിൽ കുറഞ്ഞ തോതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള കുടുംബങ്ങളെന്നും, കൂടിയ തോതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള കുടുംബങ്ങളെന്നും തരം തിരിക്കുകയായിരുന്നു പഠനത്തിന്റെ ആദ്യ പടി.

അതിനു ശേഷം കുട്ടികളെ ദേഷ്യം, സന്തോഷം, തുടങ്ങി വ്യത്യസ്ത ഭാവങ്ങളിലുള്ള ദമ്പതികളുടെ ചിത്രങ്ങൾ കാണിച്ച് അതിനോട് അവരുടെ തലച്ചോർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് പഠനം വിലയിരുത്തി. പ്രശ്നങ്ങൾ കുറഞ്ഞ അന്തരീക്ഷത്തിൽ നിന്നുള്ള കുട്ടികളെ അപേക്ഷിച്ച് പ്രശ്നങ്ങളുള്ള കുടുംബങ്ങളിൽ നിന്ന് വന്ന കുട്ടികളുടെ ബ്രെയ്ൻ ദേഷ്യഭാവത്തിലുള്ള ചിത്രങ്ങളോട് കൂടുതലായി പ്രതികരിച്ചു. വീട്ടിലെ സംഘർഷങ്ങൾ നോക്കികാണുന്നതു പോലെ തന്നെയാണ് ഗവേഷണത്തിനായി കണിച്ച ദേഷ്യ ഭാവത്തിലുള്ള ചിത്രങ്ങളെയും ഈ കുട്ടികൾ നോക്കി കണ്ടതെന്ന് ഗവേഷകർ പറയുന്നു.

മാതാപിതാക്കളുടെ ദേഷ്യശീലം മക്കളെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സത്യം തള്ളി കളയാനാവില്ല. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ സാധാരണമാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് വിജയം. തർക്കങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ല. ആരോഗ്യകരമായ ബന്ധത്തിൽ പ്രശ്നങ്ങൾ പങ്കാളിയെ കൂടുതൽ മനസ്സിലാക്കാൻ സഹായകമാകും. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുമ്പ് തർക്കങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. അതിനു നിങ്ങളെ സഹായിക്കുന്ന മൂന്ന് വഴികൾ:-

1. കേൾക്കുക.... പങ്കാളിയെ കേൾക്കാൻ തയാറാകുക എന്നാണ് ഏറ്റവും പ്രധാന കാര്യം. കാതുകൾ കൊണ്ട് മാത്രമല്ല ശരീര ഭാഷയിൽ നിന്നും മുഖഭാവത്തിൽ നിന്നുമൊക്കെ പങ്കാളിയെ മനസ്സിലാക്കാൻ കഴിയണം എല്ലാവർക്കും ഒരുപോലെ വാക്കുകൾ കൊണ്ട് കാര്യങ്ങൾ പറഞ്ഞ് അവതരിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നില്ല. നിങ്ങൾക്കെല്ലാം അറിയാമെന്ന് ഉറപ്പിച്ച് കാര്യങ്ങൾ ഊഹിക്കരുത്. സംശയങ്ങൾ ചോദിച്ച് വ്യക്തത വരുത്തുക.

2. പ്രശ്നങ്ങളോടും പരിഹാരങ്ങളോടും തുറന്ന സമീപനം സ്വീകരിക്കുക... തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിന് പകരം പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് പങ്കാളിയോട് ആലോചിക്കുക. ഇങ്ങനെ ഇരുവർക്കുമിടയിലുള്ള ആശയ വിനിമയ തടസ്സങ്ങൾ മാറി ഒന്നിച്ച് ഉചിതമായ പരിഹാരമാർഗം കണ്ടെത്താൻ കഴിയും. രണ്ടു പേരും ഒന്നിച്ച് എടുക്കുന്ന തീരുമാനമായതിനാൽ ഒരാൾ ഒരാളുടെ മേൽ അടിച്ചേൽപിച്ച തീരുമാനം എന്ന് തോന്നുകയുമില്ല.

3. കാര്യങ്ങൾ കൈവിട്ടാൽ.... കാര്യങ്ങൾ കൈവിട്ട് തർക്കം മുമ്പോട്ട് പേവുകയാണെങ്കിൽ സമാധാനത്തിന് ശ്രമിക്കുക. ഇരുവരും പരസ്പരം എത്ര ദേഷ്യപ്പെട്ടാലും പ്രശ്നത്തിന് പരിഹാരമാകില്ല എന്ന സത്യം മനസ്സിലാക്കി പ്രശ്നത്തിന്റെ യഥാർഥ കാരണമെന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. പരസ്പരം പഴിചാരുന്നത് ഒഴിവാക്കുക. പിന്നീട് മനസ്സ് ശാന്തമായതിന് ശേഷം മാത്രം പ്രശ്നപരിഹാരത്തെ കുറിച്ച് ചിന്തിക്കുക. മാതാപിതാക്കളുടെ ചെറിയഭാവമാറ്റം പോലും കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ പ്രധാനമാണെന്ന കാര്യം മറക്കരുത്.‍