കുട്ടികളും ഇന്റർനെറ്റും;  മാതാപിതാക്കൾ അറിയാൻ Parents Fight, Effect On Children,Types of parents, Manorama Online

കുട്ടികളുടെ മുന്നില്‍ വച്ച് നിങ്ങൾ കലഹിക്കാറുണ്ടോ?‍

ഗായത്രി നാരായണൻ

ഏത് ദാമ്പത്യത്തിലും പിണക്കങ്ങളും കലഹങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ഇവ കൈകാര്യം ചെയ്യുന്നതിലുള്ള രീതികള്‍ വ്യത്യസ്തവും. കുട്ടികളുടെ മുന്നില്‍ വച്ചും കലഹിക്കുന്ന ദമ്പതിമാര്‍ ധാരാളമാണ്. അച്ഛനെ വാക്കുകള്‍ കൊണ്ട് കീറി മുറിക്കുന്ന അമ്മമാരും, അമ്മയെ കൈകാര്യം ചെയ്യുന്ന അച്ഛന്‍മാരും കുട്ടികള്‍ക്ക് തീര്‍ച്ചയായും നല്ല അനുഭവങ്ങളാകില്ല സമ്മാനിക്കുക. നിങ്ങളുടെ പിണക്കങ്ങളും കലഹങ്ങളും കുട്ടികളെ ബാധിക്കാതിരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

മാതാപതാക്കളുടെ പെരുമാറ്റം കുട്ടികള്‍ ഏറെ ശ്രദ്ധയോടയാണ് വീക്ഷിക്കുക. അച്ഛനമ്മമാരുടെ വികാരങ്ങളും, അവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും എല്ലാം കുടുംബത്തിലുള്ള അവരുടെ സുരക്ഷിതത്ത്വ ബോധത്തെ തന്നെ അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാം. അനിയന്ത്രിതമായ കോപം പ്രകടിപ്പിക്കുന്നതും, എല്ലാം മറന്ന് പരസ്പരം ഏറ്റു മുട്ടുന്നതുമെല്ലാം അത്തരം മാതാപിതാക്കളുടെ കുട്ടികളില്‍ ജീവിതകാലം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ആഘാതമാകും സൃഷ്ടിക്കുക.

അതേസമയം തന്നെ പരസ്പരം കലഹിച്ച ശേഷം കുട്ടികളുടെ മുന്നില്‍ വച്ച് തന്നെ കാര്യങ്ങള്‍ സംസാരിച്ച് രമ്യതയില്‍ എത്തുന്ന മാതാപിതാക്കളുടെ കുട്ടികള്‍ മേല്‍പറഞ്ഞവരില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. ഇവരുടെ ആത്മവിശ്വാസവും, ക്ഷമയുമെല്ലാം ഉയര്‍ന്ന അളവിലുള്ളതായിരിക്കും. 

കുട്ടികളില്‍ പ്രതികൂലമായ ഫലങ്ങള്‍ സൃഷ്ടിക്കുന്ന മാതാപിതാക്കളുടെ പെരുമാറ്റങ്ങള്‍ ഇവയാണ്.

പരിധി വിട്ടുള്ള ചീത്ത വിളികള്‍, കുറ്റപ്പെടുത്തലുകള്‍, വേര്‍പിരിയുമെന്ന പ്രഖ്യാപനങ്ങളും ഭീഷണികളും. തള്ളുന്നതും അടിക്കുന്നതും പോലുള്ള ശാരീരിക അക്രമങ്ങള്‍ പങ്കാളി പറയുന്നത് ഗൗനിക്കാതെ ഇരിക്കുന്ന രീതി. ഇറങ്ങി പോവുക, ചെവിക്കൊള്ളാതെ മറ്റ് പ്രവൃത്തികള്‍ ചെയ്യുക തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. ഇനി ഇത്തരം പെരുമാറ്റങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കൂടി നോക്കാം. കുട്ടികള്‍ അതിരുകടന്ന വ്യഗ്രത ഉള്ളവരായി മാറാനും, സ്ഥിരമായി ദുഖിക്കുന്നവരാകാനും, കുട്ടികളിലെ ആശങ്ക വര്‍ദ്ധിക്കാനുമെല്ലാം ഈ തുറന്ന പോരാട്ടങ്ങള്‍ കാരണമാകും. ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ തന്നെ നഷ്ടപ്പെടുത്തുന്നതാകും ചിലപ്പോള്‍ ഇത്തരം സംഭവങ്ങള്‍.

കുട്ടികളുടെ പ്രതികരണത്തെയും അച്ഛനമ്മമാര്‍ തമ്മിലുള്ള കലഹം ബാധിച്ചേക്കാം. പെട്ടെന്ന് ദേഷ്യം വരുന്നവരും, അക്രമസ്വഭാവമുള്ളവരായും കുട്ടികള്‍ മാറും. ഉറക്കം ശരിയായി ലഭിക്കാതിരിക്കുക, തലവേദന, വയറ് വേദന തുടങ്ങിയവ തുടര്‍ച്ചായി ഉണ്ടാകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കുട്ടികള്‍ നേരിടും. മറ്റ് കുട്ടികളുമായും, ചിലപ്പോള്‍ സ്വന്തം കൂടപ്പിറപ്പുകളുമായും പ്രശ്നങ്ങളുണ്ടാകുകയും ഇവയെല്ലാം അക്രമങ്ങളില്‍ കലാശിക്കുകയും ചെയ്തേക്കാം.

അതായത് മാതാപിതാക്കള്‍ തമ്മിലുള്ള കലഹം കുട്ടിയുടെ സ്വഭാവ രീതികളെ തന്നെ മോശമായി രീതിയില്‍ സ്വധീനിച്ച് അവരുടെ ജീവിതത്തെയും പ്രതിസന്ധിയിലാക്കിയേക്കാം എന്ന് ചുരുക്കം.