അച്ഛനമ്മമാർ മക്കളോട് ചെയ്യേണ്ടതും ചെയ്യരുതാത്തതും; വൈറലായി മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്റെ വാക്കുകൾ

പുതുവർഷം പിറന്നു, പുതുവർഷത്തിൽ ഓരോ വ്യക്തികളും ഓരോ പുതിയ തീരുമാനങ്ങൾ എടുത്തേക്കാം. അത് നടപ്പിൽ വരുത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്തേക്കാം, ഈ അവർസാരത്തിൽ മാതാപിതാക്കൾ മക്കൾക്ക് വേണ്ടി കൂടി ചില തീരുമാനങ്ങൾ എടുത്താൽ നന്നായിരിക്കും. മാന്ത്രിക കലയുടെ ആചാര്യനായ മജീഷ്യൻ മുതുകാട്, അഥവാ കുട്ടികളുടെ മാജിക്ക് അങ്കിൾ ആണ് ഇത്തരത്തിൽ ചിന്തിച്ചിരുന്നത്. 

പലപ്പോഴും പല മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. മാർക്ക് കുറഞ്ഞതിനും പറഞ്ഞാൽ അനുസരിക്കാത്തതിനും ഒക്കെയായി അവരെ ചീത്ത പറയുമ്പോൾ, എന്തുകൊണ്ട് അവർ അങ്ങനെ ആയി എന്ന് ചിന്തിക്കുന്നില്ല. ഈ അവസരത്തിലാണ് അച്ഛനമ്മമാർ മക്കളോട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നത് 

ഗോപിനാഥ്‌ മുതുക്കാടും ഭാര്യ കവിതയും പുതുവർഷം ആരംഭിച്ചത് തന്റെ ഏഴാം ക്ലാസുകാരനായ മകൻ വിസ്മയിനോട്  മാതാപിതാക്കൾ എന്ന നിലയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നാല് കാര്യങ്ങൾ ഒരു ബോർഡിൽ കുറിച്ചിട്ടു കൊണ്ടായിരുന്നു. വിസ്മയ് ആ വാക്കുകൾ വായിച്ചു വളരട്ടെ എന്നതായിരുന്നു മാജിക്ക് അങ്കിളിന്റെ തീരുമാനം. തന്റെയും ഭാര്യയുടെയും പേരന്റിംഗ് ടിപ്സ് കേരളത്തിലെ സകല മാതാപിതാക്കൾക്കുമായി മുതുകാട് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മാതാപിതാക്കൾ കുട്ടികളോട് ചെയ്യേണ്ട  4  കാര്യങ്ങൾ 
1. എങ്ങനെയാണ് സ്നേഹത്തിൽ വളരുക എന്ന് പഠിപ്പിക്കുക - വീട്ടിൽ അച്ഛനമ്മമാർ പരസ്പരം പങ്കുവയ്ക്കുന്ന സ്നേഹം കണ്ടു വേണം ഓരോ കുട്ടിയും വളരാൻ. സ്നേഹിക്കുക , അല്ലെങ്കിൽ സ്നേഹിക്കപ്പെടുക എന്നത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നായി ബോധ്യപ്പെടണം. മാതാപിതാക്കൾ തന്നെയാണ് ഇതിനു മുൻകൈ എടുക്കേണ്ടത്. 

2. മക്കൾക്കായി സമയം മാറ്റി  വയ്ക്കുക - ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ മാതാപിതാക്കൾ മറന്നു പോകുന്ന പ്രധാന  കാര്യമാണ് താങ്കളുടെ മക്കളോടൊപ്പം സമയം പങ്കിടുക എന്നത്. ഓരോ ദിവസവും അല്പനേരമെങ്കിലും മക്കൾക്കൊപ്പം ഇരിക്കുക, മൊബൈലുകളും മറ്റും മാറ്റി വച്ച് ഒരുമിച്ചു ഭക്ഷണം കഴിക്കുക. 

3.  കുട്ടികളുടെ വാക്കുകൾ ശ്രദ്ധിക്കുക - കുട്ടികൾക്ക് പറയാനുള്ള കാര്യങ്ങൾ പൂർണ ശ്രദ്ധയോടെ കേൾക്കുക എന്നത് പരമപ്രധാനമാണ്. അവരുടെ സുഹൃത്തായി മാറുക. മാതാവും പിതാവും തനിക്ക് പൂർണ സംരക്ഷണം നൽകും എന്നും അവരോടു എന്തും തുറന്നു പറയാം എന്നുമുള്ള ബോധം കുട്ടികൾക്ക് വരണം. 

4.  കുട്ടികളെ അംഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക - നമ്മൾ മാതാപിതാക്കൾ ആണ് എന്നും അവർ കുട്ടികൾ ആണ് എന്നുമുള്ള ബോധ്യം ആദ്യം മാതാപിതാക്കൾക്ക് ഉണ്ടാകണം. അവർക്ക് അനുഭവങ്ങൾ കുറവാണ്, അപ്പോൾ അവർ വരുത്തുന്ന തെറ്റുകൾ തിരുത്തുക. 

മാതാപിതാക്കൾ കുട്ടികളോട് ചെയ്യരുതാത്ത 4  കാര്യങ്ങൾ  
1.  അമിതമായി ദേഷ്യപ്പെടരുത് - നേരത്തെ പറഞ്ഞ പോലെ കുട്ടികൾക്ക് അനുഭവങ്ങൾ കുറവാണു, അവർ ചെയ്യുന്ന കാര്യങ്ങളിൽ തെറ്റുകൾ കടന്നു വന്നേക്കാം. ആ അവസരങ്ങളിൽ ഒരിക്കലും അവരോടു കോപിക്കരുത്. പകരം, അവരെ കെട്ടിപ്പിടിക്കുക, ചേർത്തു നിർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. സ്നേഹപൂർവം ഉപദേശിക്കുക. ദേഷ്യപ്പെട്ടാൽ കുട്ടികളിൽ പ്രതികാര മനോഭാവം വളരും. 

2. മാതാപിതാക്കൾ കള്ളം പറയരുത് - മാതാപിതാക്കളെ കണ്ടാണ് ഓരോ കുഞ്ഞും വളരുന്നത്. അവർ കള്ളമില്ലാത്ത, നിഷ്കളങ്കമായ മനസോടെയാണ് ജനിച്ചു വീഴുന്നത്, അവരുടെ മുന്നിൽ വച്ച് കള്ളം പറയുന്നതിലൂടെ മാതാപിതാക്കൾ അവരെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കൾ ഇപ്പോഴും എവിടെയും സത്യസന്ധരായിരിക്കുക.

3.കുട്ടികളെ കുറ്റപ്പെടുത്തരുത് - കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോൾ, അല്ലെങ്കിൽ അവരുടെ ഭാഗത്തു നിന്നും പിഴവുകൾ വരുമ്പോൾ അവരെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കുറ്റപ്പെടുത്താതെ, സ്നേഹത്തോടെ മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തെറ്റ് തിരുത്താനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്. 

4.  താരതമ്യം ചെയ്യരുത് - പലപ്പോഴും പല മാതാപിതാക്കളും അറിഞ്ഞും അറിയാതെയും ചെയ്യുന്ന ഒരു കാര്യമാണ് സ്വന്തം കുഞ്ഞുങ്ങളെയും അവരുടെ കഴിവുകളെയും സമപ്രായക്കാരായ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുക എന്നത്. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം മാത്രമേ ചെയ്യൂ. ഓരോ കുട്ടിക്കും അവരവരുടേതായ കഴിവുകൾ ഉണ്ടെന്നു മനസിലാക്കുക. അതനുസരിച്ച് പെരുമാറുക.