ദാമ്പത്യത്തിൽ മാത്രമല്ല, പേരന്റിങ്ങിലും ഇവർ പെർഫെക്ട്, രഹസ്യം ഇതാണ്!, Parental behaviors, Good Parents, Parenting method, Surya, Jyothika, Good Father, Manorama Online, Manorama Online

ദാമ്പത്യത്തിൽ മാത്രമല്ല, പേരന്റിങ്ങിലും ഇവർ പെർഫെക്ട്, രഹസ്യം ഇതാണ്!

വെള്ളിത്തിരയിലെ പെർഫെക്ട് ജോഡികളായ സൂര്യയും ജ്യോതികയും ജീവിതത്തിലും കുട്ടികളെ വളർത്തുന്നതിലും തങ്ങൾ പെർഫെക്ട് ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ദിയ മകളും ദേവ് എന്ന മകനുമാണ് ഈ സൂപ്പർ പേരന്റ്സിനുള്ളത്. വിവാഹത്തോടെ അഭിനയത്തോട് താല്ക്കാലികമായി വിടവാങ്ങിയ ജ്യോതിക കുട്ടികൾ അല്പം മുതിർന്നതോടെ വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ വളർത്തുന്ന ഇവരുടെ രീതികൾ വളരെയേറെ പ്രത്യകതകൾ നിറഞ്ഞതാണ്. സിനിമ തിരഞ്ഞെടുക്കുന്നതിൽ വരെ കുട്ടിൾക്ക് മുൻതൂക്കം നൽകുന്നു എന്നതിൽ തന്നെ അവരുടെ കുട്ടികളോടുള്ള കരുതൽ എടുത്തുകാണാം. തങ്ങളുടെ കുട്ടികൾക്ക് അഭിമാനപൂർവ്വം ഇരുന്നു കാണാൻ സാധിക്കുന്ന സിനിമകളേ തങ്ങൾ ചെയ്യൂ എന്ന് വിവാഹത്തിന് മുന്‍പേ തന്നെ ഇവർ തീരുമാനിച്ചിരുന്നുവത്രേ.

ആൺകുട്ടി പെൺകുട്ടി എന്ന വ്യത്യാസമൊന്നും കാട്ടാതെ രണ്ടു പേർക്കും തുല്യപ്രാധാന്യം നൽകാനും, രണ്ടു പേരേയും ഒരേ രീതിയിൽത്തന്നെ പരിഗണിക്കാനും ശ്രദ്ധിക്കാറുണ്ടെന്ന് ജ്യോതിക പറയുന്നു. എന്തു കാര്യത്തിനും മാതാപിതാക്കൾ തന്നെയാകണം അവർക്കു മാതൃകയാകേണ്ടെതെന്നും മാതാപിതാക്കൾ അരികെ ഉണ്ടാകേണ്ട സമയത്തൊക്കെ അവർക്കൊപ്പം ഉണ്ടാകണമെന്നും ഇരുവർക്കും നിർബന്ധമാണ്. അതുകൊണ്ട് തന്നെയാണ് അത്ര തിരക്കേറിയ നടിയായിരുന്നിട്ടുകൂടെ ജോ സിനിമയിൽ നിന്നും വിട്ടുനിന്നത്.

തങ്ങളുടെ കുഞ്ഞുങ്ങളുമായി മാത്രമല്ല അവരുടെ കൂട്ടുകാരുമായും അവരുടെ മാതാപിതാക്കളുമായും പോലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ മിടുക്കാരാണീ ദമ്പതികൾ. തങ്ങളും മറ്റു കുട്ടികളെപ്പോലെ സാധാരണ കുട്ടികളാണെന്നും മറ്റ് മാതാപിതാക്കളെപ്പോലെ തന്നെ തങ്ങളുടെ മാതാപിതാക്കളും ഒരു പ്രൊഫഷണൽ ജോലി മാത്രമാണ് ചെയ്യുന്നുന്നതെന്നും കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ഇത് ഉപകരിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

എല്ലാക്കുട്ടികളേയും പോലെ വിഡിയോ ഗെയിമിലൊക്കെ കുട്ടികൾക്ക് താല്പര്യമുണ്ടെങ്കിലും ദിവസവും അരമണിക്കൂർ മാത്രമാണ് ഇത്തരം കളികൾക്ക് അവർക്ക് അനുവദിച്ചിട്ടുള്ളത്. പഠനം കൂടാതെ മറ്റ് പല പഠ്യേതര പ്രവർത്തനങ്ങളിലും പരിശീലനം നേടുന്നുണ്ട് ദിയയും ദേവും. അതുകൊണ്ട് ധാരാളം പ്രയോജനങ്ങളുള്ളതായി ജ്യോതിക പറയുന്നു. സമയം ഫലപ്രദമായി വിനിയോഗിക്കാനും എല്ലാകാര്യങ്ങള്‍ ചിട്ടയായി ചെയ്യാനും ഇതുവഴിയാകുന്നു. മറ്റ് സ്കൂളുകളിലെ കുട്ടികളുമായി ഇടപഴകാനും മറ്റുള്ളവർ അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എത്രമാത്രം അധ്വാനിക്കുന്നുണ്ടെന്നുമൊക്കെ മനസിലാക്കാൻ കുട്ടികൾക്കാകുന്നു.

ദിയ ഭരതനാട്യവും ബാഡ്മിന്റണും, ദേവ് കരാട്ടേയും ബാഡ്മിന്റണും പരിശീലിക്കുന്നുണ്ട്. കൂടാതെ ആഴ്ചയിലൊരിക്കൽ പിയാനോ ക്ളാസിലും ഇരുവരും പോകുന്നുണ്ട്. കുട്ടികൾ ഒരു കായിക ഇനത്തിലും ഒരു കലാപരമായ എന്തെങ്കിലും ഇനവും പരിശീലിക്കുന്നത് വളരെ നല്ലെതാണെന്നാണ് ജോയുടെ പക്ഷം. അനാവശ്യ വിഡിയോ ഗെയിമിൽ നിന്നും ടി വി കാണലിൽ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ ഇത് വളരെ സഹായിക്കുമെന്നും ഇവർ പറയുന്നു. അവരുടെ താല്പര്യങ്ങൾ അറിഞ്ഞു മാത്രമാകണം ഇത്തരം പരിശീലനങ്ങൾ അവർക്ക് നൽകാൻ, അവരെ ഒന്നിനും നിർബന്ധിക്കാറുമില്ല.

സൂര്യ ഒരു പെർഫെക്ട് അച്ഛനാണെന്നാണ് ജോയുടെ അഭിപ്രായം. കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിലും അവരെ പഠിക്കാൻ സഹായിക്കാനും എന്തിനേറെ അവരെ ഉറക്കുന്നതുപോലും സൂര്യ ഏറെ ആസ്വദിച്ചു ചെയ്യുമത്രേ. ഞായറാഴ്ചകളിലെ ഷൂട്ടിംങ് കഴിവതും ഒഴിവാക്കി കുട്ടികൾക്കൊപ്പം ചിലവഴിക്കാൻ സൂര്യ ശ്രദ്ധിക്കാറുണ്ട്.

കുട്ടികളെ സിനിമയുടെ വെള്ളി വെളിച്ചത്തിലേയ്ക്ക് അധികം കൊണ്ടവരാറില്ല, ഇവരുടെ ഒരുപാട് സിനിമകളൊന്നും അവർ കണ്ടിട്ടുമില്ല. തങ്ങളെ സൂര്യയും ജ്യോതികയുമായിയല്ല അപ്പയും അമ്മയുമായി അവർ കാണാനാണ് കൂടുതലിഷ്ടം ജോ പറയുന്നു.

Summary : Parening tips of Surya and Jyothika