മാതാപിതാക്കൾ അറിഞ്ഞിരിക്കണം ബാലൻസ് എന്ന കല

കഴിവുള്ളവരായി മക്കളെ വളർത്തുവാൻ മാതാപിതാക്കൾക്കും വേണം ചില കഴിവുകൾ. മാതാപിതാക്കൾ ആർജിച്ചെടുക്കേണ്ട ചില കഴിവുകൾ. ഒരു കുറവും വരാതെ മക്കളെ വളർത്തിയാൽ മാത്രം പോരാ ഒന്നും കൂടുതലാകാതെയും മാതാപിതാക്കൾ ശ്രദ്ധിക്കണം. മക്കളെ വളർത്താനായി മാതാപിതാക്കൾ പഠിക്കേണ്ട ബാലൻസ് എന്ന കലയെകുറിച്ച്...

സമയത്തിന്റെ ബാലൻസ്
ആധുനിക ലോകം തിരക്കുകളുടേതാണ്. ഇത് മൾട്ടി ടാസ്ക്കിംഗിന്റെ കാലമാണ്. ഒരു സമയം തന്നെ എത്രയേറെ കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത്. ഏറ്റവും നന്നായി സമയത്തെ ക്രമീകരിക്കുക എന്നതും ഒരു കലയാണ്. തിരക്കുകൾക്കിടയിൽ സമയം എങ്ങനെ ക്രമീകരിക്കണമെന്ന് അച്ഛനും അമ്മയും പഠിക്കേണ്ടതുണ്ട്. കുട്ടികൾക്ക് ആവശ്യമുള്ളപ്പോഴൊക്കെ മാതാപിതാക്കളുടെ സാന്നിധ്യം അവർക്ക് ലഭ്യമാക്കാൻ കഴിയുന്നവിധം സമയം ക്രമീകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. സമയത്തിന്റെ അനുപാതം ആവശ്യകതയനുസരിച്ച് കൃത്യമായി ക്രമീകരിക്കാൻ മാതാപിതാക്കൾക്ക് കഴിയണം

സ്നേഹത്തിന്റെ ബാലൻസ്
സമയത്തിന്റെ ബാലൻസ് പോലെ തന്നെ പ്രധാനമാണ് അച്ചടക്കവും സ്നേഹവും തമ്മിലുള്ള ബാലൻസ്. അച്ചടക്കം ശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്നേഹം കുട്ടികൾക്ക് നിഷേധിക്കുന്നതും, അമിത സ്നേഹത്തിന്റെ ഫലമായി ജീവിതത്തിനാവിശ്യമായ അച്ചടക്കശീലങ്ങളെ കുട്ടികളെ പരിശീലിപ്പിക്കാതിരിക്കുന്നതും ഒരു പോലെ ദോഷം ചെയ്യും. സ്നേഹവും ശാസനയും ആവശ്യമാണ് ഇവയെ ശരിയായ അനുപാതത്തിൽ ക്രമീകരിക്കുവാൻ മാതാപിതാക്കൾ പഠിക്കണം.

ബുദ്ധിയുടെയും പക്വതയുടെയും ബാലന്‍സ്
സമഗ്രമായ വളർച്ചയാണ് മാതാപിതാക്കൾ ലക്ഷ്യം വയ്ക്കേണ്ടത് കുട്ടികളുടെ ഐക്യൂ (intelligence quotient) ലെവൽ മാത്രം ശ്രദ്ധിച്ചാൽ പോരാ ഐക്യുവിന് ആനുപാതികമായി ഇക്യു (emotional quotient) വളർച്ചയും മാതാപിതാക്കൾ ഉറപ്പാക്കേണ്ടതുണ്ട്. ബൗദ്ധികമായ പക്വതയ്ക്കൊപ്പം തന്നെ വൈകാരികമായ പക്വത കൈവരിക്കാനും മക്കളെ പ്രാപ്തരാക്കണം ഓരോ കുട്ടികളുടെയും സ്വഭാവത്തിനും പ്രായത്തിനുമൊക്കെ അനുസരിച്ച് ഓരോ കാര്യങ്ങളിലും വ്യക്തമായ ബാലൻസ് മാതാപിതാക്കൾ സ്വയം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.