2040ൽ പെയ്‌സും സെറീനയുടെ മകളും ഒരുമിച്ച് ടെന്നീസ് കളിക്കുമോ?

ഡേവിസ് കപ്പ് ടെന്നീസ് ഡബിൾസിൽ ഏറ്റവും അധികം തവണ ജയിച്ച റെക്കോർഡ് നമ്മുടെ ലിയാണ്ടർ പെയ്സിന് സ്വന്തമാണല്ലോ. തന്റെ 43–ാം വിജയമാണ് അടുത്തിടെ പെയ്സ് നേടിയത്. ഇതിലധികവും കൂട്ടുകാരൻ മഹേഷ് ഭൂപതിക്കൊപ്പവുമാണ്. ഈ നേട്ടത്തോടെ പെയ്സ് കളിക്കളം വിടുമെന്നൊക്കെ അഭ്യൂഹങ്ങളും കേട്ടുതുടങ്ങിയിരുന്നു. എന്നാൽ കക്ഷി അങ്ങനെയൊന്നും കളി നിർത്താനുദ്ദേശിക്കുന്നില്ലെന്നാണ് തോന്നുന്നത്. കാരണമെന്തെന്നോ? പെയ്സ് കഴിഞ്ഞദിവസമിട്ട ഒരു പോസ്റ്റ് അനുസരിച്ചാണെങ്കിൽ ഒരു 22 വർഷം കൂടെ കക്ഷി കളിക്കളത്തിൽ കാണും .

2040 ലെ വിംബിൾഡണിൽ നമ്മുടെ സെറീന വില്യംസിന്റെ മകൾക്കൊപ്പം പെയ്സിന് ഡബിൾസ് കളിക്കണമത്രേ. സെറീനയുടെ ഒരു പോസ്റ്റിന് താഴെയാണ് പെയ്സ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. അമ്മക്കരടിയും കുഞ്ഞുമെന്ന അടിക്കുറിപ്പോടെ സെറീന മകൾ അലക്സിസുമൊത്തുള്ള ഒരു ക്യൂട്ട് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

അതിന് താഴെയാണ് പെയ്സ് തന്റെ ആഗ്രഹം അറിയിച്ചത്. 2040 ലെ വിംബിൾഡണ്‍ മിക്സഡ് ഡബിൾസിൽ തനിക്കൊരു പാർട്ട്ണറെ നോക്കുകയാണെന്നും എനിക്ക് പുതിയൊരു ടൈറ്റിൽ നേടാൻ കുട്ടി അലക്സിസ് എന്നോടൊപ്പമുണ്ടാകുമോ? എന്നുമാണ് പെയ്സ് ഫോട്ടോയ്ക്ക് താഴെ പോസ്റ്റ് ചെയ്തത്.

സെറീന അതിന് മറുപടിയൊന്നു പറഞ്ഞില്ലെങ്കിലും അരാധകർക്ക് അതങ്ങ് പിടിച്ചൂന്നു പറഞ്ഞാൽ മതി. കുട്ടിക്കരടി അലക്സിസ് ചിലപ്പോൾ പെയ്സിനെ തോൽപ്പിക്കുമെന്നും ഒരു ആരാധകൻ പറയുന്നു. പെയ്സിന്റെ കളിയോടുള്ള ഇഷ്ടത്തേയും നർമബോധത്തേയും പുകഴ്ത്തുകയാണ് പോസ്റ്റിന് താഴെ ആരാധകർ.