നിങ്ങൾ ഒബ്സെസ്സീവ് പേരന്റ് ആണോ?  ഇവ അറിഞ്ഞിരിക്കണം, Eldest siblings, Study, intelligent Child development, Parenting, Manorama Online

നിങ്ങൾ ഒബ്സെസ്സീവ് പേരന്റ് ആണോ? ഇവ അറിഞ്ഞിരിക്കണം

ഗായത്രി മുരളീധരൻ

അൽപം പാൽപ്പായസം നുണയാൻ കൊതിയോടെ ചാടുന്ന രണ്ടുവയസ്സുകാരനെ ചാടിവീണു തടയുന്ന അച്ഛനമ്മമാർ (സേമിയ – അനാരോഗ്യഭക്ഷണം)

∙ അടുത്തഘട്ടം സിലക്‌ഷന് കടത്തിവിടണം സർ, ഉറപ്പായും ഇവൻ ഇന്ത്യൻ ടീമിൽ കയറും – ക്രിക്കറ്റ് കോച്ചിന് ഉറപ്പുനൽകി സമ്മർദത്തിലാക്കുന്നർ

∙പഠനത്തിൽ മകളുടെ ‘പ്രോഗ്രസ് റിപ്പോർട്ട്’ തേടി രണ്ടുദിവസത്തിലൊരിക്കലെങ്കിലും അധ്യാപകരെ വിളിക്കുന്നവർ, സ്കൂളിൽ കയറിയിറങ്ങുന്നവർ

ഇങ്ങനെ മക്കളുടെ വളർച്ചയുടെ ഓരോനിമിഷവും തങ്ങളുടെ അറിവോടെയും തീരുമാനപ്രകാരവും ആവണമെ‌ന്നു നിർബന്ധമുള്ള ഈ അച്ഛനമ്മമാരുടേത് ഒബ്സെസ്സീവ് പേരന്റിങ് (ഹൈപ്പർ പേരന്റിങ്). ‘ഹെലികോപ്റ്റർ പേരന്റിങ്’ എന്നും പറയുന്നു. അമിതമായ ഇൻവോൾവ്മെന്റ് ആണ് ഇവരുടെ പ്രശ്നം. സാക്ഷാൽ ഐശ്വര്യ റായിയും ഇങ്ങനെ ഒരു ഒബ്സെസ്സീവ് പേരന്റ് ആണെന്നാണ് ഭർതൃമാതാവ് ജയബച്ചൻ ഈയിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്!

എന്താണ് ഹെലികോപ്റ്റർ പേരന്റിങ്
അച്ഛനമ്മമാർ കുട്ടിയെ സദാ നിരീക്ഷിച്ച്, എല്ലാ കോണിൽനിന്നും പഠിച്ച്, നിയന്ത്രിച്ച് അവരുടെ തലയ്ക്കുമുകളിൽ സദാ ചുറ്റിക്കറങ്ങുന്നു എന്ന സങ്കൽപത്തിലാണ് ഹെലികോപ്റ്റർ പേരന്റിങ് എന്ന പേരു കിട്ടിയത്. അമിതമായ നിയന്ത്രണങ്ങളും കർശന നിയമങ്ങളുമാണ് ചിലർക്ക്. ചിലർ സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും രൂപത്തിൽ കുട്ടിയുടെ സകല കാര്യങ്ങളിലും ഇടപെടുകയും കുട്ടിയുടെ ഓരോ ചുവടിനും അമിതപ്രാധാന്യം നൽകുകയും ചെയ്യുന്നു. രണ്ടുകൂട്ടരും കുട്ടിയുടേതായ എല്ലാ കാര്യങ്ങളിലും തലയിടും. ഒരു ‘മികച്ച’ കുട്ടിയാവാൻ സഹായിക്കുന്നു എന്നാണിവർ വിശ്വസിക്കുന്നത്. എന്നാൽ സ്വാഭാവിക വളർച്ചയെയും കഴിവുകളെയും വഴിതെറ്റിച്ചുവിടുന്നു യഥാർഥത്തിൽ.

എന്താണുദ്ദേശ്യം?
ഇത് സത്യത്തിൽ അച്ഛനമ്മമാർതന്നെ സ്വയം ആലോചിക്കേണ്ടതാണ്. കുട്ടിയോടുള്ള പല പെരുമാറ്റത്തിനുമുൻപും എന്താണ് തന്റെ യഥാർഥ ഉദ്ദേശ്യം എന്നു സ്വയം വിചാരണ ചെയ്യുക. ഭൂരിഭാഗം അച്ഛനമ്മമാരും മക്കളെക്കുറിച്ച് വളരെ ശ്രദ്ധാലുക്കൾ തന്നെയാണ് – കൺസേൺഡ് പേരന്റ്. എന്നാൽ കുട്ടിയെക്കുറിച്ച് അമിത ആശങ്കയും ചിന്തയുമുണ്ടെങ്കിൽ ആലോചിക്കാം –

സ്വന്തം ആഗ്രഹങ്ങൾ നിങ്ങൾ കുട്ടിയിലൂടെ പൂർത്തീകരിക്കുകയാണോ?
ഒരു വ്യക്തിക്ക് ഏറ്റവും നല്ലത് എന്താണെന്നു പരിപൂർണമായി നിങ്ങൾക്കറിയാമോ?
കുട്ടി നിങ്ങളുടെ ആശ്രിതനാണെന്നതു മുതലെടുത്ത് സ്വന്തം തീരുമാനങ്ങൾ മാത്രം എങ്ങനെ കുട്ടിയിൽ അടിച്ചേൽപ്പിക്കാനാവും?

തിരിച്ചുപിടിക്കൽ

∙ സ്വന്തം അച്ഛനമ്മമാർ തനിക്ക് ‘ഉയരാൻ’ വേണ്ട സാഹചര്യം ഒരുക്കിത്തന്നില്ല എന്നു പരാതിപ്പെടുന്നവരാണ് മിക്കവാറും ഒബ്സെസ്സീവ് പേരന്റ്സ് ആയി മാറുന്നത്.
∙ ഭാഗ്യക്കേടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ താൻ എത്തേണ്ടിടത്ത് എത്തിയില്ല എന്നു കരുതുന്നവരും പിന്നീട് ഹൈപ്പർ പേരന്റ് ആയേക്കും..
∙ സ്വയം ഒട്ടേറെ നിയന്ത്രണങ്ങൾക്കും അടിച്ചമർത്തലിനും കുട്ടിക്കാലത്ത് വിധേയമായവരും ഭാവിയിൽ ഇങ്ങനെ ആകുന്നു.

ചില ലക്ഷണങ്ങൾ
∙ഈ മാതാപിതാക്കൾ കുട്ടിയുടെ ഓരോ നേട്ടവും സ്വന്തം നേട്ടമായി കാണുന്നു. പരാജയവും അങ്ങനെതന്നെ. കുട്ടിയിൽ തന്നെത്തന്നെ കാണുന്നതുകൊണ്ടാണിത്.
∙തന്റെ കുട്ടിയെ മറ്റു കുട്ടികളോ ആരെങ്കിലുമോ ‘ഔട്ട്സ്മാർട്ട്’ ചെയ്യുന്നതുകാണുമ്പോൾ ഇവർക്കതു സഹിക്കാനാവില്ല. ചിലർ പ്രശ്നം സ്വയം ഏറ്റെടുക്കും. ചിലർ കടിച്ചുപിടിച്ച് മനസ്സിലടക്കും, മറ്റേ കുട്ടിയോട് കടുത്ത ദേഷ്യവും വെറുപ്പും ഉടലെടുക്കും. അത് സ്വന്തം കുട്ടിയിലേക്ക് പകരും.
∙ അമിത പ്രതീക്ഷമൂലം കുട്ടിയുടെ ചെറിയ ചെറിയ നേട്ടങ്ങളിൽ സന്തോഷിക്കാനാകായ്ക. ഇത് കുട്ടിയുടെ ആത്മവിശ്വാസം കുറച്ചുകൊണ്ടുവരും.
∙ കുട്ടിയുടെ ഹോംവർക്കുകൾ ഇവർ തന്നെ ചെയ്തുകൊടുക്കുന്നതിലെത്തിക്കുന്നു.

പേരന്റിങ് പല രീതിയിൽ

ആരോഗ്യ ഭക്ഷണം – അനാരോഗ്യ ഭക്ഷണത്തോട് മാതാപിതാക്കൾക്കു ഭയം. കുട്ടികൾക്ക് നിർബന്ധിത ഡയറ്റ് അടിച്ചേൽപ്പിക്കുന്നു.
ഫലം – കുട്ടി വലുതാകുമ്പോഴും അമിതമായി ഭക്ഷണത്തിൽ ഫോക്കസ്ഡ് ആവുന്നു
‘നല്ലപിള്ള ചമയൽ’ – മറ്റുള്ളവർക്കു മുന്നിൽ എങ്ങനെ ഏറ്റവും ‘നല്ല കുട്ടി’യാവാം എന്നു പഠിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ മറ്റുള്ളവർ മോശംപറയും അതുകൊണ്ടു ചെയ്യരുത് – എന്നിങ്ങനെ കുട്ടിയെ സദാ മറ്റുള്ളവർക്കുമുന്നിൽ പെർഫെക്ട് ആകാൻ പരിശീലിപ്പിക്കൽ. ഇത്, കുട്ടിക്ക് കപടവ്യക്തിത്വം ഉണ്ടാക്കും. സ്വയം ബോധ്യപ്പെട്ടുള്ള നല്ല ചിന്തകളല്ല വേണ്ടത്, മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള മികച്ച അഭിനയമാണ് വേണ്ടത് എന്നു കുട്ടി പഠിക്കുന്നു.

പഠനം – കുട്ടിയുടെ അര മാർക്കും ഒരു മാർക്കും വരെ പ്രധാനം. കുട്ടിയോട് അധ്യാപകർ പക്ഷപാതം കാണിക്കുന്നോ എന്ന അമിത ആശങ്ക. സ്കൂളിൽ പോയി വഴക്കിടൽ.

ക്രിയേറ്റിവിറ്റി, ആക്ടിവിറ്റീസ് – കുട്ടി പഠനത്തിൽ മാത്രമല്ല സകല സ്കൂൾ പ്രവൃത്തികളിലും ഒന്നാമതെത്തണം എന്ന ആഗ്രഹം. അതിനായി കുട്ടിയെ സമ്മർദത്തിലാക്കൽ ചെയ്യേണ്ടത്

കുട്ടികളെ അടിച്ചേൽപിക്കുകയും സദാ ഉപദേശിക്കുകയുമല്ല, കുട്ടികൾക്ക് വീട്ടിൽ നല്ല മാതൃക തീർക്കുകയാണ് വേണ്ടത്. നല്ല ഭക്ഷണം നിങ്ങൾ ശീലിക്കുക. കുട്ടിയും ശീലിക്കും. നല്ലതും ചീത്തയുമായവ കാണുകയും അനുഭവിക്കുകയും അനുകരിക്കുകയും പിന്നീട് അതിൽനിന്നു പിന്തിരിയാനുമൊക്കെ കുട്ടി പഠിക്കണം. ഇത്തരം സോഷ്യൽ സ്കിൽസ് കുട്ടിക്കുണ്ടാകണമെങ്കിൽ വീഴാനും എഴുന്നേൽക്കാനും കുട്ടിക്ക് അവസരമുണ്ടാകണം.