അച്ചടക്കം എന്നാൽ തല്ലി അനുസരിപ്പിക്കൽ അല്ല !!


ആറ്റുനോറ്റിരുന്ന് ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ മാതാപിതാക്കൾ സ്ഥിരം കേൾക്കുന്ന ഒരു ഉപദേശമുണ്ട് . ഒന്നേ ഉള്ളു എങ്കിൽ ഒലക്ക കൊണ്ട് അടിക്കണം എന്നാണ് എന്ന്. കൊച്ചിനെ പുന്നാരിച്ചു വഷളാക്കണ്ട എന്നാണ് ഇതിന്റെ ഉള്ളർത്ഥം. മാത്രമല്ല, പുന്നാരം കൂടിപ്പോയി തലതിരിഞ്ഞ പോയ ബന്ധുക്കളുടെയോ, അയൽവാസികളുടെയോ ഒക്കെ കഥയും ഉണ്ടാകും ഉദാഹരണമായി പറയാൻ . ഇതെല്ലം കേട്ട് ആശങ്കപ്പെട്ട് കുഞ്ഞുങ്ങളെ തല്ലി വളർത്താൻ നിങ്ങൾ തീരുമാനിക്കുന്നു എങ്കിൽ, മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ പരാജയം തുടങ്ങി എന്ന് തന്നെ പറയാം. 

മക്കൾ മാതാപിതാക്കളുടെ അനുസരണയിൽ വളരണം, അവരുടെ ചിട്ടകൾ പിന്തുടരണം എന്നൊക്കെയുള്ള നിബന്ധനകൾ നല്ലതു തന്നെയാണ്. എന്ന് കരുതി, മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ശിരസ്സാവഹിക്കുന്നതിനുള്ള ഉപാധിയായി മക്കളെ കാണരുത്. മക്കളോടുള്ള മാതാപിതാക്കളുടെ  തുറന്ന സമീപനവും പെരുമാറ്റവുമാണ് അവരുടെ വ്യക്തിരൂപീകരണത്തിലെ ആദ്യ പങ്ക് വഹിക്കുക. 

നിങ്ങളെ പോലെ തന്നെ വളർന്നു വരുന്ന മക്കൾക്കും വ്യക്തിത്വം ഉണ്ട് എന്നത് മനസിലാക്കുക. തെറ്റുകൾ ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകുകയില്ല. മക്കളുടെ ഭാഗത്തു നിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന തെറ്റുകൾ ക്ഷമിച്ചു കൊടുക്കുക എന്നതാണ് നല്ല മാതാപിതാക്കൾ ആകുക എന്നതിന്റെ ആദ്യപടി. എന്തുകൊണ്ട് അവർ ചെയ്തത് തെറ്റായിയെന്നും, ആ തെറ്റ് എങ്ങനെ തിരുത്താം എന്നതും സംബന്ധിച്ചുള്ള കാര്യങ്ങൾ മക്കളെ പറഞ്ഞു മനസിലാക്കുക. 

കഴിയുന്നതും കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കുവാനും പ്രാപ്തിയുള്ളവരായി വളർത്തുക. ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യം മക്കൾക്ക് പകർന്നു നൽകേണ്ടത് മാതാപിതാക്കളാണ്. സമൂഹത്തിൽ തെറ്റുകണ്ടാൽ പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കണം. അല്ലാത്ത പക്ഷം, ശരി തെറ്റുകൾ വിവേചിച്ചറിയാൻ ശക്തിയില്ലാത്തവരായി അവർ വളരും. 

കുട്ടികളെ ഒരിക്കലും മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഓരോ വ്യക്തികൾക്കും അവരുടേതായ ശരികളും തെറ്റുകളും കഴിവുകളും കുറവുകളും കാണും. അത് മനസിലാക്കിവേണം ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് പെരുമാറാൻ. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനോ, മികച്ച പ്രകടനം കാഴ്ചവെക്കാതിരുന്നതിനോ കുട്ടികളെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് കാര്യമില്ല. എന്തുകൊണ്ട് അവൻ പരാജയപ്പെടുന്നു എന്നത് മനസിലാക്കി അത് തിരുത്തുന്നതിനായുള്ള നടപടികൾ എടുക്കുകയെന്നതാണ് ഉചിതം. 

അച്ചടക്കം എന്നാൽ ഒരിക്കലും തല്ലി കാര്യങ്ങൾ അനുസരിപ്പിക്കൽ അല്ല എന്ന് മനസിലാക്കുക. വളരെ ചെറിയ പ്രായത്തിൽ തന്നെ ഉയർന്ന പക്വതയോടെ കാര്യങ്ങൾ വിവേചിച്ചറിഞ്ഞ് സ്വയം തീരുമാനം എടുക്കാൻ പ്രാപ്തമാകുക എന്നതാണ് പ്രധാനം. അതിൽ നിങ്ങളുടെ കുട്ടി വിജയിച്ചു എങ്കിൽ മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളും വിജയിച്ചു എന്ന് പറയാം.  ‍